Sorry, you need to enable JavaScript to visit this website.

ഗൈഡിൽനിന്ന് ചോദ്യങ്ങൾ അതേ പടി;  പി.എസ്.സി ചോദ്യപേപ്പറും വിവാദത്തിൽ

തിരുവനന്തപുരം- പി.എസ്.സി റാങ്ക് ലിസ്റ്റ്, പരീക്ഷാ ക്രമക്കേട് എന്നിവക്ക് പിന്നാലെ ചോദ്യപേപ്പർ തയാറാക്കലും വിവാദത്തിൽ. ചോദ്യപേപ്പർ തയാറാക്കിയതിൽ ക്രമക്കേടാരോപിച്ച് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ (എ.പി.പി) പരീക്ഷയെഴുതിയ ഉദ്യോഗാർഥികളും രംഗത്തെത്തി. പി.എസ്.സിക്കെതിരെ കൂടുതൽ ആരോപണങ്ങൾ ഉയരുമ്പോൾ പബ്ലിക് സർവീസ് കമ്മീഷന്റെ വിശ്വാസ്യത വീണ്ടും ചോദ്യചെയ്യപ്പെടുകയാണ്.
അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ പരീക്ഷയിലെ നൂറ് ചോദ്യങ്ങളിൽ എൺപതെണ്ണവും ഒരു ഗൈഡിൽനിന്നു ചോദിച്ചതിനു പിന്നിൽ അസ്വാഭാവികതയുണ്ടെന്നാണ് ആക്ഷേപം. 
തെളിവുകളടക്കം പരാതി നൽകിയെങ്കിലും ഇതവഗണിച്ച് നിയമന നടപടികളുമായി മുന്നോട്ടു പോവുകയാണ് പി.എസ്.സി. ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ടെന്നാണ് ആരോപണം. കഴിഞ്ഞ ജനുവരി ഇരുപത്തിരണ്ടിനായിരുന്നു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനുള്ള പി.എസ്.സി പരീക്ഷ. 100 ചോദ്യങ്ങളടങ്ങിയ ചോദ്യക്കടലാസിലെ 80 എണ്ണവും യൂനിവേഴ്‌സൽ പബ്ലിക്കേഷൻസിന്റെ പഠന സഹായിയിൽനിന്നാണ്. ഗൈഡിൽനിന്നുള്ള ചോദ്യങ്ങളിൽ ഒരു മാറ്റവും വരുത്താതെ അതേ പടിയാണ് പി.എസ്.സി ചോദ്യക്കടലാസിലേക്ക് പകർത്തിയിരിക്കുന്നത്. 
പരീക്ഷാ ക്രമക്കേടാരോപിച്ച് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലടക്കം ഉദ്യോഗാർഥികളുടെ പരാതി നിലനിൽക്കുമ്പോൾ തന്നെ നിയമന നടപടികളുമായി മുന്നോട്ടു പോവുകയാണ് പി.എസ്.സി. ചോദ്യപേപ്പർ തയാറാക്കുന്നവരുമായി ഇൻസ്റ്റിറ്റിയൂട്ടിന് ബന്ധമുണ്ടെന്ന ആരോപണവുമായി പരീക്ഷാർഥികൾ പി.എസ്.സി ചെയർമാനെ നേരിൽ കണ്ട് പരാതി ഉന്നയിച്ചിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് പരീക്ഷാർഥികൾ.
യൂനിവേഴ്‌സൽ ലോ പബഌഷിംഗ് എന്ന പുസ്തക കമ്പനി പ്രസിദ്ധീകരിച്ച യൂനിവേഴ്‌സൽ, മൾട്ടിപ്പിൾ ചോയ്‌സ് ക്വസ്റ്റ്യൻസ് ഫോർ ജുഡീഷ്യൽ സർവീസ് എക്‌സാമിനേഷൻ എന്ന പുസ്തകത്തിൽനിന്നുള്ള നിയമ സംബന്ധമായ 80 ചോദ്യങ്ങൾ സീരിയൽ നമ്പറുകൾ പോലും തിരുത്താതെ അതേ പടി ഉൾപ്പെടുത്തുകയായിരുന്നുവെന്നാണ് ആക്ഷേപം. 100 ചോദ്യങ്ങളുള്ള പേപ്പറിൽ ജനറൽ ഇംഗ്ലീഷും ജനറൽ നോളജും കേരള നവോത്ഥാനവും ഉൾപ്പെടെയുള്ള ചോദ്യങ്ങൾ ഒഴികെയുള്ള മിക്ക ചോദ്യങ്ങളും ഗെയിഡിൽനിന്നുള്ളതാണ്.
1600 ഓളം പേരാണ് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ ഗ്രേഡ് രണ്ട് തസ്തികയിലേക്കുള്ള പരീക്ഷ എഴുതിയത്. എന്നാൽ മാസങ്ങൾക്ക് മുമ്പ് നൽകിയ പരാതി ആരും ഗൗരവത്തോടെ എടുത്തില്ല. എസ്.എഫ്.ഐ നേതാക്കൾ ഉൾപ്പെട്ട പോലീസ് കോൺസ്റ്റബിൾ പരീക്ഷയിലെ ക്രമക്കേട് പി.എസ്.സി തന്നെ സമ്മതിച്ചതോടെയാണ് ഇതും വിവാദത്തിലായത്. 2012 ലും സമാനമായി ഒരേ പുസ്തകത്തിൽനിന്ന് 40 ഓളം ചോദ്യങ്ങൾ വന്നത് ഏറെ വിവാദമായിരുന്നു. അന്ന് പരാതിയെ തുടർന്ന് കോടതി ഇടപെടുകയും പരീക്ഷ റദ്ദാക്കി പുനഃപരീക്ഷ നടത്തിക്കുകയും ചെയ്തിരുന്നു.

 

Latest News