Sorry, you need to enable JavaScript to visit this website.

ദുരിതാശ്വാസ ക്യാമ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും  ധനസഹായം ലഭിക്കും -മന്ത്രി രാമകൃഷ്ണൻ

കോഴിക്കോട് - ദുരിതാശ്വാസ ക്യാമ്പിൽ രജിസ്റ്റർ ചെയ്തു എന്നതല്ല പ്രളയബാധിത സഹായത്തിന് അർഹതക്കുള്ള മാനദണ്ഡം. 
ക്യാമ്പിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും വീട്ടിൽ വെള്ളം കയറുകയോ വീട് പൂർണമായോ ഭാഗികമായോ തകരുകയോ ചെയ്തിട്ടുണ്ടെങ്കിൽ ധനസഹായം ലഭിക്കുമെന്ന് തൊഴിൽ എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. പ്രളയ ബാധിതർക്ക് സർക്കാർ നൽകുന്ന സഹായ വിതരണത്തിനുള്ള പട്ടികയിൽ അനർഹർ കടന്നുകൂടുന്ന സാഹചര്യം ഉണ്ടാകരുതെന്നും അദ്ദേഹം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. 
അതേസമയം അർഹരായ ഒരാളും വിട്ടുപോകുന്ന സാഹചര്യവും ഉണ്ടാകരുത്. പ്രളയാനന്തര പുനർ നിർമാണവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ ചേർന്ന ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയ ബാധിതരായ കുടുംബങ്ങളുടെ അന്തിമ പട്ടിക തയാറാക്കുന്നതിന് ബന്ധപ്പെട്ട വില്ലേജ് ഓഫീസർമാരെയും തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരെയുമാണ് സർക്കാർ ചുമതലപ്പെടുത്തിയത്.
ഇത് പരിശോധിച്ചു ഉറപ്പാക്കേണ്ട ചുമതല ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കാണ്. ഇക്കാര്യത്തിൽ ആരുടെയും സമ്മർദങ്ങൾക്ക് വഴങ്ങാൻ പാടില്ലെന്നും അർഹതയുടെ അടിസ്ഥാനത്തിൽ മാത്രമാണ് ഗുണഭോക്തൃ പട്ടിക തയാറാക്കേണ്ടതെന്നും മന്ത്രി പറഞ്ഞു
പ്രളയത്തെ തുടർന്ന് ജില്ലയിൽ 83 വീടുകൾ പൂർണമായും 1004 വീടുകൾ ഭാഗികമായും തകർന്നതായി ജില്ലാ കലക്ടർ സാംബശിവറാവു യോഗത്തിൽ വ്യക്തമാക്കി. 17 മരണമാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. 
മരണപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്ന് ഉടൻ വിതരണം ചെയ്യുന്നതിന് നടപടി എടുക്കുമെന്ന് കലക്ടർ വ്യക്തമാക്കി. ഓരോ മേഖലയിലും പ്രളയം വരുത്തിയ നഷ്ടം വിവിധ വകുപ്പുകൾ കൃത്യമായി കണക്കാക്കി കൊണ്ടിരിക്കുകയാണ്. റോഡുകളും പാലങ്ങളും തുടങ്ങി അടിയന്തരമായി പ്രവൃത്തി നടത്തേണ്ട എല്ലാം വേഗത്തിൽ പൂർത്തിയാക്കുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്. മൂന്ന് പാലങ്ങൾ പുനർ നിർമിക്കുന്നതിന് ഇതിനകം ഭരണാനുമതി ലഭിച്ചു. പ്രളയത്തിൽ വീട് നഷ്ടപ്പെട്ടതിനെ തുടർന്ന് വഴിയാധാരമായവർക്ക് ബന്ധുവീടുകളിലും മറ്റും താമസിക്കാൻ സൗകര്യമില്ലെങ്കിൽ താത്കാലിക താമസ സൗകര്യം സർക്കാർ ചെലവിൽ ഒരുക്കാൻ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങൾ മുൻകയ്യെടുക്കണം. ഇതിനുള്ള തുക ദുരന്ത നിവാരണ പ്രതികരണ നിധിയിൽ നിന്ന് ലഭിക്കും.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സിറ്റി ജില്ലാ പോലീസ് മേധാവി എ.വി. ജോർജ്, സബ് കലക്ടർ വിഘ്‌നേശ്വരി, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഷാമിൻ സെബാസ്റ്റ്യൻ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

Latest News