Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഹജിന്റെ സേവന മികവിൽ വാചാലരായി ഹാജിമാർ 

കരിപ്പൂരിലെത്തിയ ഹാജിമാരെ ഹജ് കമ്മിറ്റിയംഗങ്ങൾ സ്വീകരിക്കുന്നു.

കൊണ്ടോട്ടി - സൗദി സർക്കാരിന്റെയും ഹജ് കമ്മിറ്റികളുടെയും സേവനങ്ങളിൽ പരിപൂർണ സംതൃപ്തരാണെന്ന് മടങ്ങിയെത്തിയ ഹാജിമാർ. അറഫാ സംഗമത്തനിടെ ലഭിച്ച മഴ ചൂടിന് ആശ്വാസമായിരുന്നുവെന്ന് വയനാട് പടിഞ്ഞാറത്തറ ചെന്നലോട് കല്ലാക്കണ്ടി അബ്ദുറസാഖ് പറഞ്ഞു. എന്നാൽ നാട്ടിൽ നിന്നുളള വാർത്തകൾ നെഞ്ചകം പൊളളിച്ചു.
ഹജ് വേളയിൽ തങ്ങൾക്ക് യാതൊരു പ്രയാസങ്ങളുമുണ്ടായിരുന്നില്ലെന്ന് കോഴിക്കോട് നടക്കാവ് ചെറിയകത്ത് അബ്ദുൽ ഗഫൂർ പറഞ്ഞു. ഹജ് കമ്മിറ്റിയുടെ വളണ്ടിയർമാർ സഹായങ്ങളുമായി കൂടെയുണ്ടായിരുന്നു. 
മദീനയിലും മക്കയിലും താമസ സൗകര്യങ്ങളും മികച്ചതായിരുന്നു. മദീന വിമാനത്താവളത്തിൽ നിന്ന് താമസ സ്ഥലം വരെയും, മക്കയിൽ നിന്ന് മടങ്ങുമ്പോൾ ജിദ്ദ വിമാനത്താവളം വരെയും ലഗേജുകൾ ചുമക്കേണ്ട ഗതികേട് ഹാജിമാർക്കുണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കരിപ്പൂരിലെത്തിയപ്പോൾ വളണ്ടിയർമാർ സേവകരായുളളതും ആശ്വാസമായി.
  ഹജ് വേളയിൽ നാട്ടിലെ ഭക്ഷണം എത്തിച്ച് നൽകാൻ ഓരോ സംഘടനകളും മൽസരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞതെന്ന് താനൂർ താനാളൂർ സ്വദേശി പറഞ്ഞു. വിഖായ, കെ.എം.സി.സി, ഒ.ഐ.സി.സി, ഫ്രറ്റേണിറ്റി, ആർ.എസ്.സി തുടങ്ങിയ വളണ്ടിയർമാരുടെ സേവനങ്ങൾ മികവുറ്റതായിരുന്നു. ഹജ് കർമങ്ങൾ പൂർണ രീതിയിൽ ഉൾക്കൊണ്ട് ചെയ്യാൻ കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.
   മഴക്കെടുതി മൂലമുണ്ടായ നാടിന്റെ ദുരിതം അറിഞ്ഞപ്പോൾ വല്ലാതെ വിഷമം തോന്നിയെന്ന് 70 കഴിഞ്ഞ കണ്ണൂർ മട്ടന്നൂർ ശിവപുരം സ്വദേശിനി ആമിന ഹജുമ്മ പറഞ്ഞു. 
പ്രാർഥനയിൽ എല്ലാവരേയും ഉൾപ്പെടുത്തിയെന്നും അവർ പറഞ്ഞു. പ്രവാസിയായ മകൻ മജീദിന്റെ സഹായത്തോടെയാണ് ആമിന ഹജുമ്മ ഹജിന് പോയത്. ഇന്നലെ മടങ്ങിയെത്തിയവർ കൂടുതൽ മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരായിരുന്നു.

 

 

Latest News