Sorry, you need to enable JavaScript to visit this website.

ഭൂപീന്ദര്‍ സിംഗ് ഹൂഡ പുറത്തേക്കുള്ള വഴിയില്‍; കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശം

ന്യൂദല്‍ഹി- കശ്മീര്‍ വിഷയത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശവുമായി ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിനു മുമ്പായി ഹൂഡയും മകനും കോണ്‍ഗ്രസ് വിടുമെന്നും പാര്‍ട്ടി പിളരുമെന്നുമാണ് സൂചന.  
കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയതിനെ സ്വാഗതം ചെയ്യുന്നുവെന്നും ഇക്കാര്യത്തില്‍ തന്റെ പാര്‍ട്ടിക്ക് ദിശാബോധം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും റോത്തക്കില്‍ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന പര്‍വര്‍ത്തന്‍ മഹാ റാലിയില്‍ ഹൂഡ പറഞ്ഞു.
നാല് ദശാബ്ദ കാലമായി ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്തുള്ള ഹൂഡ പുറത്തേക്കുള്ള വഴിയിലാണെന്ന വാര്‍ത്തകള്‍ക്ക് ബലമേകുന്നതാണ് അദ്ദേഹത്തിന്റെ പരസ്യ വിമര്‍ശം. റാലിയില്‍ ഹൂഡയുടെ  മകനും മുന്‍ എം.പിയുമായ ദീപേന്ദര്‍ ഹൂഡയും കശ്മീര്‍ വിഷയത്തിലുള്ള മോഡി സര്‍ക്കാരിനുള്ള പിന്തുണ പരസ്യമാക്കി.
അനുഛേദം 370 റദ്ദാക്കിയപ്പോള്‍ കോണ്‍ഗ്രസിലെ എന്റെ സഹപ്രവര്‍ത്തകര്‍ അതിനെ എതിര്‍ത്തു. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ ദിശാബോധം നഷ്ടപ്പെട്ടിരിക്കുകയാണ്. രാജ്യസ്‌നേഹത്തിന്റെയും ആത്മാഭിമാനത്തിന്റെയും വിഷയം പരിഗണിക്കുമ്പോള്‍ അതില്‍ വിട്ടുവീഴ്ചക്ക് തയ്യാറാവാന്‍ എനിക്കാകില്ല- ഹൂഡ പറഞ്ഞു.
പാര്‍ട്ടി വിടില്ലെന്ന് വ്യക്തമാക്കിയെങ്കിലും എ.എല്‍.എമാര്‍ ഉള്‍പ്പെട്ട ഒരു സമിതി രൂപീകരിക്കുമെന്നും ഭാവികാര്യങ്ങള്‍ അവര്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തനിക്ക് രാഷ്ട്രീയ താല്‍പര്യങ്ങളേക്കാള്‍ കൂടുതല്‍ രാജ്യത്തോടുള്ള താല്‍പര്യമാണ് കൂടുതലെന്ന് പറഞ്ഞാണ് ദീപേന്ദര്‍ ഹൂഡ പ്രസംഗം ആരംഭിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയാന്‍ സ്വീകരിച്ച രീതിയോട് എതിര്‍പ്പുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോടൊപ്പം ഉറച്ചു നില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ താനായിരിക്കും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്നും ഭൂപീന്ദര്‍ സിംഗ് ഹൂഡ പ്രഖ്യാപിച്ചു. ആരൊക്കെ ആയിരിക്കും സ്ഥാനാര്‍ഥികളെന്ന് കോണ്‍ഗ്രസ് ഇതുവരെ സൂചന പോലും നല്‍കിയിട്ടില്ല. അതിനിടെയാണ് ഹൂഡയുടെ പ്രഖ്യാപനം. അധികാരത്തിലെത്തിയാല്‍ നാല് ഉപ മുഖ്യമന്ത്രിമാരെ നിയോഗിക്കുമെന്നതാണ് ഹൂഡയുടെ മറ്റൊരു പ്രഖ്യാപനം. 25 അംഗ കമ്മിറ്റി രൂപീകരിക്കുമെന്നും തനിച്ചല്ല തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. എന്തൊക്കെ നടപടികള്‍ കൈക്കൊള്ളണമെന്ന് കമ്മിറ്റി തീരുമാനിക്കും.
താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ ഹരിയാന ജനതക്ക് ഒട്ടേറെ ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ഹൂഡ കൂട്ടിച്ചേര്‍ത്തു. വായ്പകള്‍ എഴുതിത്തള്ളും, കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി, സ്ത്രീകള്‍ക്ക് ഹരിയാന ട്രാന്‍സ്‌പോര്‍ട്ട് ബസുകളില്‍ സൗജന്യ യാത്ര, ഒരു കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി തുടങ്ങിയവയാണ് പ്രഖ്യാപിച്ച പ്രധാന ആനുകൂല്യങ്ങള്‍.
ആന്ധ്രയില്‍ നടപ്പാക്കിയതുപോലെ സംസ്ഥാനത്തെ 75 ശതമാനം ജോലിയും ഹരിയാനക്കാര്‍ക്കായി സംവരണം ചെയ്യും. പാവപ്പെട്ട ഓരോ ഗൃഹനാഥന്റേയും ബാങ്ക് അക്കൗണ്ടില്‍ 2000 രൂപ വീതം നിക്ഷേപിക്കും. ദാരിദ്ര്യ രേഖക്ക് താഴെയുള്ളവര്‍ക്ക് രണ്ട് രൂപക്ക് ഒരു കിലോ അരി നല്‍കും. 300 യൂനിറ്റില്‍ താഴെ വൈദ്യുതി ഉപയോഗിക്കുന്ന പാവങ്ങള്‍ വൈദ്യുതി ബില്‍ നല്‍കേണ്ടി വരില്ല- അദ്ദേഹം പറഞ്ഞു.
രണ്ടു തവണ മുഖ്യമന്ത്രിയായിരുന്ന ഹൂഡയെ 2014 ലെ തെരഞ്ഞെടുപ്പിലാണ് ബി.ജെ.പി പുറത്താക്കിയത്. കോണ്‍ഗ്രസിന് 15 സീറ്റ് മാത്രമാണ് ലഭിച്ചത്.

 

Latest News