Sorry, you need to enable JavaScript to visit this website.

സ്വര്‍ണ വില ഇനിയും കൂടും; നിക്ഷേപിക്കാമെന്ന് വിദഗ്ധര്‍

ന്യൂദല്‍ഹി- ദീപാവലി വരെ സ്വര്‍ണവില ഇനിയും ഉയരുമെന്ന് വിപണി നിരീക്ഷകര്‍. ആഘോഷവേളയില്‍ പത്ത് ഗ്രാം സ്വര്‍ണത്തിന് 40,000 രൂപ വരെ കടന്നേക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ദല്‍ഹിയില്‍ വെള്ളിയാഴ്ച സ്വര്‍ണ വില 38.240 ല്‍ എത്തിയിരുന്നു. പവന് വില 28,700.
ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യത്തെ കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്കിടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞതാണ് വിലയിലെ കുതിപ്പിന് കാരണം. ആഗോള വളര്‍ച്ചാ നിരക്ക് ഇടിഞ്ഞതാണ് സ്വര്‍ണ വില ഉയരാന്‍ കാരണമെന്നും ദീപാവലിക്ക് പത്ത് ഗ്രാം വില 39,000-40,000 ആകാമെന്നും ഏഞ്ചല്‍ ബ്രൂക്കിംഗിലെ അനുജ് ഗുപ്ത അഭിപ്രായപ്പെടുന്നു.
സ്വര്‍ണത്തില്‍ പൂര്‍ണമായി നിക്ഷേപിക്കാനാണ് ഗോഹ്‌റിംഗ് ആന്റ് റോസന്‍ക്വാജ് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നത്. ഏതാനും മാസങ്ങളായി സ്വര്‍ണ വില കുത്തനെ ഉയരുകയാണ്.  സ്വര്‍ണ വില ഉടന്‍ കുറയില്ലെന്നാണ് പ്രകൃതി വിഭവ നിക്ഷേപ കമ്പനിയായ ഗോഹ്രിംഗിന്റെ നിഗമനം.
വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണ നിക്ഷേപ ഫണ്ടുകള്‍ക്കു പുറമേ നേരിട്ടു തന്നെ സ്വര്‍ണം വാങ്ങാന്‍ താല്‍പര്യപ്പെടുന്നതാണ്  വില കുറയില്ലെന്ന നിഗമനത്തിന് അടിസ്ഥാനം.
എണ്ണ വിലയിലെ സ്ഥിരതയില്ലായ്മ കൂടുതല്‍ പേരെ സ്വര്‍ണത്തിലേക്ക് ആകര്‍ഷിക്കും.
ഡോളറിന്റെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് വിദേശനാണ്യ കരുതല്‍ മാനേജ്‌മെന്റ് തന്ത്രത്തിന്റെ ഭാഗമായി ഇന്ത്യയില്‍ റിസര്‍വ് ബാങ്കും (ആര്‍.ബി.ഐ) 18 മാസത്തിലേറെയായി സ്വര്‍ണം വാങ്ങുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. കൂടിയ വിലയാണെങ്കിലും ഇപ്പോള്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കാമെന്നാണ് വിപണി നിരീക്ഷകരുടെ അഭിപ്രായം. സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യത കണക്കിലെടുത്താണ്  നിക്ഷേപകര്‍ സ്വര്‍ണം പോലുള്ള സുരക്ഷിത നിക്ഷേപ മാര്‍ഗങ്ങളെ അവലംഭിക്കുന്നത്.  
അതേസമയം, ഉയര്‍ന്ന വില ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ വിപണിയായ ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് കുറച്ചിട്ടുണ്ട്. കഴിഞ്ഞ മാസം ഇന്ത്യയുടെ സ്വര്‍ണ ഇറക്കുമതി 42 ശതമാനം കുറഞ്ഞ് 1.71 ബില്യണ്‍ ഡോളറിലെത്തി. ഉപഭോക്താക്കള്‍ പഴയ സ്വര്‍ണം വില്‍ക്കുന്ന പ്രവണത വര്‍ധിച്ചതായും ജ്വല്ലറി ഉടമകള്‍ പറയുന്നു.
ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ പലിശ നിരക്ക് കുറച്ചതും ചൈനയും അമേരിക്കയും തമ്മിലുള്ള വ്യാപാര തര്‍ക്കവും സ്വര്‍ണ വില വര്‍ധിക്കാനുള്ള പ്രധാന കാരണങ്ങളാണ്.

 

Latest News