ഉത്തരാഖണ്ഡില്‍ പ്രളയം; വീടുകള്‍ ഒലിച്ചുപോയി 18 പേരെ കാണാതായി

ഡെറാഡൂണ്‍- ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലുണ്ടായ പ്രളയത്തില്‍ ഇരുപതോളം വീടുകള്‍ പാടെ ഒലിച്ചു പോയി. 18 പേരേ കാണാതായി. തുടര്‍ച്ചയായി പെയ്ത അതിശക്തമായ മഴയെ തുടര്‍ന്ന് ടോന്‍സ് നദിയില്‍ ജലനിരപ്പ് അപകടകരമായ നിരപ്പിനും വളരെ മുകളിലാണ് ഒഴുകുന്നത്. ശക്തമായ ഒഴുക്കിലാണ് നിരവധി വീടുകള്‍ ഒലിച്ചു പോയത്. രക്ഷാപ്രവര്‍ത്തനവും ആളുകളെ ഒഴിപ്പിച്ച് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികളും നടന്നുവരുന്നു. ഇന്തോ-തിബറ്റന്‍ ബോര്‍ഡര്‍ പോലീസ്, ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്.

തുടര്‍ച്ചയായി പെയ്യുന്ന മഴ വാഹന ഗതാഗതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ഇതു മൂലം പ്രളയബാധിത മേഖലകളിലേക്ക് എത്തിച്ചേരുക പ്രയാസമായി മാറിയിരിക്കുന്നു. മേഖലയിലെ പ്രധാന റോഡായ ഗംഗോത്രി ഹൈവെ ഉരുള്‍പ്പൊട്ടലുകളെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. മിന്നല്‍ പ്രളയങ്ങളും ശക്തമായ പേമാരിയും മൂലം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായും റിപോര്‍ട്ടുണ്ട്. ഉത്തരകാശി, ചമോലി, പിതോഡഗഢ്, ഡെറാഡൂണ്‍, പൗരി, നൈനിറ്റാല്‍ ജില്ലകളില്‍ അടുത്ത മൂന്ന് ദിവസം വ്യാപകമായി മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

2013ല്‍ ഉത്തരാഖണ്ഡിലുണ്ടായ വന്‍ പ്രളയത്തില്‍ ആയിരക്കണക്കിന് ആളുകള്‍ മരിക്കുകയും വന്‍ നാശനഷ്ടങ്ങളുണ്ടാക്കുകയും ചെയ്തിരുന്നു. നിര്‍ത്താതെ പെയ്ത മഴകാരണം നദികളും തടാകങ്ങളും കരകവിഞ്ഞൊഴുകിയും ടൗണുകളില്‍ വെള്ളത്തില്‍ മുങ്ങിയുമാണ് ദുരന്തമുണ്ടായത്. ഈ ദുരന്തത്തിനു കാരണമായത് സംസ്ഥാനത്തെ പരിപാലനമില്ലാത്ത ജലവൈദ്യുത പദ്ധതികളാണെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതിയുടെ റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു.

Latest News