ന്യൂദല്‍ഹി- അയോധ്യയില്‍ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകര്‍ പങ്കെടുക്കാനിരുന്ന മത സൗഹാര്‍ദ ശില്‍പ ശാല യു.പി. പോലീസ് തടഞ്ഞു. സമാധാനം തകര്‍ക്കുമെന്ന വാദം ഉന്നയിച്ചാണ് പോലീസ് നടപടി. ശില്‍പശാലയില്‍ പങ്കെടുക്കാനെത്തിയ എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായ രാം പുനിയാനി അടക്കമുള്ള സാമൂഹ്യപ്രവര്‍ത്തകരെ പോലീസ് വഴിയില്‍ തടഞ്ഞു. മഹന്ത് യുഗല്‍ കിഷോര്‍ ശര്‍മ മുഖ്യ പൂജാരിയായ അയോധ്യയിലെ സരയൂ കുഞ്ച് ക്ഷേത്രത്തിലാണ് ദ്വിദിന ശില്‍പശാല സംഘടിപ്പിച്ചിരുന്നത്. യു.പിയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സംബന്ധിക്കാനിരുന്ന പ്രധാന പരിപാടിയാണിത്.
കുദായി ഖിദ്മത്ത്ഗര്‍ എന്ന സംഘടനയും മഗ്സസെ അവാര്‍ഡ് ജേതാവ് സന്ദീപ് പാണ്ഡെ, മഹന്ത് ശാസ്ത്രി തുടങ്ങിയ പ്രമുഖരും ചേര്‍ന്ന് സംഘടിപ്പിച്ച ശില്‍പശാലയില്‍ ആദ്യദിവസം രാംപുനിയാനിയായിരുന്നു മുഖ്യ പ്രഭാഷകന്‍. അതിര്‍ത്തി ഗാന്ധി ഖാന്‍ അബ്ദുല്‍ ഖഫാര്‍ ഖാന്‍ 1930 ല്‍ സ്ഥാപിച്ചതും പിന്നീട് ഫൈസല്‍ ഖാന്‍ പുനസ്ഥാപിച്ചതുമായ കോളനി വിരുദ്ധ പ്രസ്ഥനമാണ് ഖുദായി ഖിദ്മത്ത്ഗര്‍.
പുലര്‍ച്ചെ നാലുമണിയോടെയാണ് പോലീസ് സന്ദീപ് പാണ്ഡെയുടെ വസതിയിലെത്തി പരിപാടി റദ്ദാക്കിയതായി അറിയിച്ചതെന്ന് രാംപുനിയാനി പറയുന്നു.
പാണ്ഡെയും പുനിയാനിയും അയോധ്യയിലേക്ക് പുറപ്പെട്ടുവെങ്കിലും രണ്ടുവാഹനങ്ങളിലായി പോലീസ് സംഘം പിന്തുടരുകയും അയോധ്യക്ക് പത്തു കിലോമീറ്റര്‍ അകലെയുള്ള ടോള്‍ബൂത്തില്‍ വെച്ച് തടയുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.






