Sorry, you need to enable JavaScript to visit this website.

ട്രംപിനെ ദൈവം നശിപ്പിക്കട്ടെ; ശാപവാക്കുകളുമായി ഇസ്രാഈല്‍ വിലക്കിയ യുഎസ് ജനപ്രതിനിധിയുടെ മുത്തശ്ശി

വെസ്റ്റ് ബേങ്ക്- യുഎസ് ജനപ്രതിനിധി സഭയായ കോണ്‍ഗ്രസിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗവും ഫലസ്തീന്‍ വംശജയുമായ റശീദ താലിബിന് ഇസ്രാഈല്‍ വിലക്കേര്‍പ്പെടുത്തിയതിനെതിരെ അവരുടെ മുത്തശ്ശി രംഗത്ത്. യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണ് മുസ്ലിം കോണ്‍ഗ്രസ് അംഗങ്ങളായ റശീദ താലിബിനും ഇല്‍ഹാന്‍ ഒമറിനും ഇസ്രാഈല്‍ വിലക്കേര്‍പ്പെടുത്തിയത്. മുത്തശ്ശിയെ കാണാന്‍ റശീദ ഫലസ്തീനിലേക്ക് പോകാന്‍ ഒരുങ്ങവെ ആയിരുന്നു ഇത്. 

റശീദയുടെ 90കാരിയായ മുത്തശ്ശി മുഫീദ താലിബ് ട്രംപിനെതിരെ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. 'റശീദ വരില്ല എന്നതില്‍ ഞാന്‍ സന്തോഷിക്കണം എന്നാണ് ട്രംപ് പറഞ്ഞത്. ട്രംപിനെ ദൈവം നശിപ്പിക്കട്ടെ' മുഫീദ പറഞ്ഞു. ഇസ്രാഈല്‍ കയ്യേറിയ ഫലസ്തീനിലെ വെസ്റ്റ് ബേങ്കിലെ ബെയ്ത്തുല്‍ ഫുവാഖയിലെ വീട്ടിലാണ് വയോധികയായ മുഫീദ കഴിയുന്നത്. 2006നു ശേഷം ഇതുവരെ തന്റെ കൊച്ചുമകളായ റശീദയെ ഇവര്‍ കണ്ടിട്ടില്ല. റശീദ വരുന്നുവെന്നറിഞ്ഞ് അതീവ സന്തോഷവതിയായ മുത്തശ്ശി അവരുടെ ഇഷ്ടവിഭവങ്ങള്‍ ഒരുക്കി ഗംഭീര സദ്യ നല്‍കി സല്‍ക്കരിക്കാനുള്ള ഒരുക്കത്തിലായിരുന്നുവെന്ന് റശീദയുടെ അമ്മാവന്‍ ബസ്സാം താലിബ് പറയുന്നു.

റശീദയേയും ഇല്‍ഹാനേയും ഫലസ്തീന്‍ സന്ദര്‍ശനത്തിന് അനുവദിക്കുമെന്ന് നേരത്തെ ഇസ്രാഈല്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ട്രംപിന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇസ്രാഈല്‍ ഇവര്‍ക്ക് വ്യാഴാഴ്ച വിലക്കേര്‍പ്പെടുത്തുകയായിരുന്നു. ഇതോടെ ഡെമോക്രാറ്റ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധവുമായി ട്രംപിനും ഇസ്രാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവിനുമെതിരെ രംഗത്തെത്തിയിരുന്നു.

പ്രതിഷേധമുണ്ടായതിനെ തുടര്‍ന്ന് മാനുഷിക പരിഗണന നല്‍കി റശീദയെ വെസ്റ്റ് ബേങ്കിലെ കുടുംബത്തെ സന്ദര്‍ശിക്കാന്‍ അനുവദിക്കുമെന്ന് ഇസ്രാഈല്‍ തൊട്ടടുത്ത ദിവസം പറഞ്ഞിരുന്നു. എന്നാല്‍ റശീദ ഇനു നിരസിച്ചു. വിലക്കേര്‍പ്പെടുത്തി ഇസ്രാഈല്‍ തങ്ങളെ അപമാനിക്കുകയായിരുന്നുവെന്നാണ് റശീദ പ്രതികരിച്ചത്.

Latest News