Sorry, you need to enable JavaScript to visit this website.

കശ്മീര്‍ നടപടി ചോദ്യം ചെയ്ത് മുന്‍ സൈനിക ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയില്‍

ന്യൂദല്‍ഹി- കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന അനുഛേദം 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹരജി. വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. അനുഛേദം 370 റദ്ദാക്കിയ നടപടിക്ക് ഭരണഘടനാ സാധുതയില്ലെന്ന് ഹരജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

മുന്‍ എയര്‍ വൈസ് മാര്‍ഷല്‍ കപില്‍ കാക്, റിട്ട. മേജര്‍ ജനറല്‍ അശോക് മെഹ്ത, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഹിന്ദാല്‍ ഹൈദര്‍ തയ്യബ്ജി, അമിതാഭ പാണ്ഡെ, ഗോപാല്‍ പിള്ള, രാധാ കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്. 2010 ല്‍ കശ്മീര്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയില്‍ അംഗമായിരുന്നു രാധാ കുമാര്‍.

കശ്മീര്‍ നിയമസഭയുടെ ശുപാര്‍ശയില്ലാതെ പ്രത്യേക പദവി എടുത്ത് കളയാനാകില്ലെന്ന് ഹരജിയില്‍ പറയുന്നു.  കശ്മീര്‍ നിയമസഭാ നിലവിലില്ലാത്ത  സാഹചര്യത്തില്‍ ഇത്തരമൊരു നീക്കം നടത്താന്‍ കഴിയില്ലെന്നാണ് ഹരജിയിലെ വാദം.
കശ്മീര്‍ ഇന്ത്യയുടെ ഭാഗമായതിന്റെ അടിസ്ഥാന തത്വങ്ങളാണ് ലംഘിക്കപ്പെട്ടിരിക്കുന്നത്. ഇത്തരമൊരു മാറ്റം വരുത്തുന്നതിനു മുമ്പ് കശ്മീര്‍ താഴ് വരയിലെ ജനങ്ങളുടെ അഭിപ്രായം തേടുക എന്നത് ഭരണഘടനാപരമായ ബാധ്യതയായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടി ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരാണെന്നും ഹരജിയില്‍  ചൂണ്ടിക്കാട്ടുന്നു.

ജമ്മു കശ്മീര്‍ രാഷ്ട്രപതിയുടെ ഭരണത്തിന് കീഴിലുളള സമയത്ത് ഗവര്‍ണറുടെ അനുമതിയോടെ ഇത്തമൊരു പ്രഖ്യാപനം നടത്തിയത് ഭരണഘടനാ വിരുദ്ധ നടപടിയാണെന്ന് കൂടുതല്‍ വ്യക്തമാക്കുന്നു. കേന്ദ്രസര്‍ക്കാര്‍ നടപടി ജനാധിപത്യ വിരുദ്ധവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നും ഹരിജിയില്‍ പറയുന്നു.

 

Latest News