ഗുജറാത്തില്‍ ചെയ്തതു പോലെ ബംഗാള്‍ ഹിന്ദുക്കള്‍ പ്രതികരിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ

ഹൈദരാബാദ്- പശ്ചിമ ബംഗാളിലെ ബദൂരിയ-ബാസിര്‍ഹട്ട് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ബി.ജെ.പി എം.എല്‍.എയുടെ വിവാദ പ്രസ്താവന.
2002 ല്‍ ഗുജറാത്തില്‍ ഹിന്ദുക്കള്‍ ചെയ്തതുപോലെ ബംഗാളിലെ ഹിന്ദുക്കള്‍ പ്രതികരിക്കണമെന്ന് ബി.ജെ.പി എം.എല്‍.എ എച്ച്. രാജാ സിംഗ് പറഞ്ഞു.
പശ്ചിമബംഗാള്‍ സംസ്ഥാനത്ത്  ഇന്ന് ഹിന്ദുക്കള്‍ സുരക്ഷിതരല്ല. ഗുജറാത്തില്‍ ഹിന്ദുക്കള്‍ ചെയ്തതുപോലെ ചെയ്യുന്നില്ലെങ്കില്‍ ബംഗാള്‍ ബംഗ്ലാദേശായി മാറുമെന്ന് അദ്ദേഹം പറഞ്ഞു.
വര്‍ഗീയത പ്രചരിപ്പിക്കുന്നവര്‍ക്ക് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കൂട്ടുനില്‍ക്കുകയാണെന്നും സിംഗ് ആരോപിച്ചു.
ബംഗാള്‍ ഹിന്ദുക്കള്‍ സുരക്ഷിതരാകണമെങ്കില്‍ നിങ്ങള്‍ ബോധവാന്മാരാകണമെന്നാണ് മതേതരവിശ്വാസികളോടും അഭ്യര്‍ഥിക്കാനുള്ളത്. സംസ്ഥാനത്ത് സുരക്ഷ കൈവരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ ഹിന്ദുക്കള്‍ കശ്മീരില്‍ നേരിട്ടതു പോലുള്ള പ്രത്യാഘാതമായിരിക്കും  അനുഭവിക്കേണ്ടി വരിക. കശ്മീരി ഹിന്ദുക്കളെ പോലെ പൂര്‍ണമായും ഇല്ലായ്മ ചെയ്യപ്പെടും-അദ്ദേഹം പറഞ്ഞു.
സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ സമാധാനം പുനസ്ഥാപിച്ചുവെന്നും സംഭവത്തെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News