കാസര്‍കോട് - മംഗളൂരുവിലെ ലോഡ്ജില്‍ മുറിയെടുത്തു താമസിച്ച് സാമ്പത്തിക തട്ടിപ്പിന് പദ്ധതിയിട്ട മലയാളികള്‍ ഉള്‍പ്പെടെയുള്ള വ്യാജ അന്വേഷണ സംഘം പിടിയില്‍. ഭീഷണിപ്പെടുത്തിയും തട്ടിക്കൊണ്ടുപോയും സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് വ്യക്തമായിട്ടുണ്ട്. സംഘത്തലവനും മലയാളിയുമായ ടി.പീറ്റര്‍ സാം (53), സുനില്‍രാജ് (35), മദന്‍ (41), ചിന്നപ്പ (38), മടിക്കേരി സ്വദേശി ടി.കെ ബൊപ്പന്ന (35), ബംഗളൂരുവിലെ കോടന്‍ ധര്‍മ്മ (39), മംഗളൂരു കുളൂരിലെ ജി.മുഹ്യുദ്ധീന്‍ (70), മംഗളൂരുവിലെ ഹോട്ടല്‍ വ്യാപാരി അബ്ദുല്‍ ലത്തീഫ് (45) എന്നിവരാണ് പിടിയിലായത്.
അതിവിദഗ്ധമായി 'ഓപ്പറേഷന്‍' നടത്തുന്നതിന് മുമ്പാണ് സംഘം കര്‍ണാടക പോലീസ് വിരിച്ച വലയില്‍ വീണത്. സന്ധ്യയോടെ മംഗളൂരു പമ്പ്‌വെല്‍ സര്‍ക്കിളിനടുത്ത ടൂറിസ്റ്റ് ഹോമില്‍ നിന്നാണ് നാല് മലയാളികള്‍ അടക്കമുള്ള സംഘത്തെ കദ്രി പോലീസ് പിടികൂടിയത്. മംഗളൂരു ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ എത്തിച്ച ഇവരെ ചോദ്യം ചെയ്ത ശേഷം രാത്രി തന്നെ അറസ്റ്റ് രേഖപ്പെടുത്തി.
സംഘത്തില്‍ നിന്നും പുത്തന്‍ കാര്‍, രണ്ട് തോക്കുകള്‍, എട്ട് ബുള്ളറ്റുകള്‍, വ്യാജ ഐ.ഡി കാര്‍ഡുകള്‍, വിസിറ്റിങ് കാര്‍ഡുകള്‍, ലാപ്‌ടോപ്പ്, 10 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ദേശീയ അന്വേഷണ ഏജന്‍സി എന്ന വ്യാജേനയാണ് സംഘം മംഗളൂരുവില്‍ എത്തി മുറിയെടുത്തു താമസിച്ചത്. പമ്പ്‌വെല്‍ സര്‍ക്കിളിനടുത്ത് സംഘം താമസിച്ചിരുന്ന ലോഡ്ജിനു പുറത്തു നിന്നും കണ്ടെത്തിയ കാറില്‍ നാഷണല്‍ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ എന്നും ഗവ. ഓഫ് ഇന്ത്യ എന്നും ബോര്‍ഡ് വെച്ചിരുന്നു. ബംഗാളിലും ഭുവനേശ്വറിലും സമാനമായ ഓപ്പറേഷന്‍ നടത്തിയിട്ടുള്ള മലയാളി പീറ്റര്‍ സാമിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഹോട്ടല്‍ വ്യാപാരിയായ ലത്തീഫും മുഹ്യുദ്ധീനും മംഗളൂരുവിലേക്ക് ക്ഷണിച്ചു വരുത്തിയതാണെന്ന് പറയുന്നു. ഇവര്‍ക്ക് വേണ്ടി കൃത്യം നടത്താനുള്ള പരിപാടി ആസൂത്രണം ചെയ്യുമ്പോഴാണ് രഹസ്യ വിവരം ലഭിച്ച പോലീസ് സംഘം ലോഡ്ജ് മുറിയില്‍ റെയ്ഡ് നടത്തിയത്. മടിക്കേരിയില്‍ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മംഗളൂരു നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ പോലീസ് തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടയിലാണ് പമ്പ് വെല്ലിലെ ലോഡ്ജില്‍ സംഘം താമസിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് സംഘത്തെ പിടികൂടിയത്. സംഭവത്തെ തുടര്‍ന്ന് മംഗളൂരു നഗരത്തിലും പരിസരങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. അറസ്റ്റിലായ പ്രതികള്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്നും സാമ്പത്തിക തട്ടിപ്പ് നടത്തുകയായിരുന്നു ഉദ്ദേശ്യമെന്നും മംഗളുരു പോലീസ് കമ്മീഷണര്‍ ഡോ. എസ്.ഹര്‍ഷന്‍ പറഞ്ഞു.
.