ഭീകരാക്രമണ ഭീതി; കര്‍ണാടക സുരക്ഷാ വലയത്തില്‍


ആക്രമണത്തിന് ഭീകരര്‍ തയാറെടുത്തുവെന്ന് ഇന്റലിജന്‍സ്   വിവരം
 പ്രധാന കേന്ദ്രങ്ങളില്‍ വ്യാപക പരിശോധന


ബംഗളൂരു- ഭീകരാക്രമണം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് വിവരങ്ങളെ തുടര്‍ന്ന് കര്‍ണാടകയിലെ പ്രധാന നഗരങ്ങളില്‍ സുരക്ഷാ സന്നാഹം വര്‍ധിപ്പിച്ചു. എല്ലായിടത്തും അതീവ ജാഗ്രതയാണ് തുടരുന്നതെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലെ മുക്കുമൂലകളില്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. മെറ്റല്‍ ഡിറ്റക്ടറുകള്‍ക്ക് പുറമെ, മണം പിടിക്കുന്ന നായ്ക്കളെ ഉപയോഗിച്ചും വ്യാപകമായ പരിശോധനയാണ് നടക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് സുപ്രധാന ഇന്റലിജന്‍സ് വിവരം ലഭിച്ചതെന്ന് പറയുന്നു. ഉടന്‍ പോലീസ് ഉദ്യോഗസ്ഥരോട് എല്ലാ കേന്ദ്രങ്ങളിലും ജാഗത്ര പുലര്‍ത്താനും കാവലും പരിശോധനയും ശക്തമാക്കാനും നിര്‍ദേശിച്ചു. ഒരു സംഘം ഭീകരര്‍ ആക്രമണം നടത്താനും രാജ്യത്ത് ഭീതി വിതക്കാനും പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, ക്ഷേത്രങ്ങള്‍, മാര്‍ക്കറ്റുകള്‍, മാളുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലാം സുരക്ഷ സന്നാഹം വര്‍ധിപ്പിച്ചിട്ടുണ്ട്.
തലസ്ഥാനമായ ബംഗളൂരുവിനു പുറമെ, ഹുബ്ബാലി-ധാര്‍വാഡ്, കല്‍ബുറഗി, റെയ്ചൂര്‍, ചിത്രദുര്‍ഗ, മംഗളൂരു, ദാവന്‍ഗരെ, ഉഡുപ്പി, മൈസൂരു, തുംകൂരു എന്നിവിടങ്ങളില്‍ പഴുതില്ലാത്ത സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്.
സുരക്ഷാ സന്നാഹങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ വ്യാജ എന്‍.ഐ.എ സംഘത്തെ പിടികൂടാന്‍ സാധിച്ചതായി പോലീസ് പറഞ്ഞു. മംഗളൂരുവില്‍ തങ്ങിയ മലയാളികളടക്കമുള്ള എട്ടംഗ സംഘമാണ് പിടിയിലായത്. രണ്ട് തോക്കുകളും എട്ട് കാര്‍ട്രിഡ്ജുകളും ഇവരില്‍നിന്ന് പോലീസ് പിടിച്ചെടുത്തു.
പ്രധാന കേന്ദ്രങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കാന്‍ വെള്ളിയാഴ്ച രാത്രിയാണ് ബംഗളൂരു പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടത്.

 

 

Latest News