മദീനയിൽ അഞ്ചു ലക്ഷത്തിന്റെ ആഭരണങ്ങൾ കവർന്ന പ്രതി അറസ്റ്റിൽ

മദീന- അഞ്ചു ലക്ഷം റിയാൽ വില വരുന്ന ആഭരണങ്ങൾ കവർന്ന പ്രതിയെ മദീന പോലീസ് അറസ്റ്റ് ചെയ്തു. സൗദി പൗരന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിക്കു കീഴിലെ സ്റ്റോറിൽ നിന്ന് ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടതായ പരാതിയിൽ പോലീസ്, വിദഗ്ധ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി രൂപീകരിച്ച സംഘം നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതിയെ പിടികൂടിയത്.  മക്ക പ്രവിശ്യയിലെ ജ്വല്ലറിയിൽ കുറഞ്ഞ വിലയ്ക്ക് ആഭരണങ്ങൾ മറിച്ചുവിൽക്കുന്നതിന് പ്രതി ശ്രമിക്കുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിക്കുകയായിരുന്നു. ഉടൻ തന്നെ അന്വേഷണ സംഘം മക്ക പ്രവിശ്യയിലെത്തി പ്രതിയെ നിരീക്ഷിച്ച് പിടികൂടുകയായിരുന്നു. വ്യാപാര കേന്ദ്രത്തിൽ വെച്ച് പിടികൂടിയ പ്രതിയുടെ പക്കൽ മോഷണ വസ്തുക്കൾ കണ്ടെത്തി.
ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയ പ്രതിയെ നിയമാനുസൃത നടപടികൾ സ്വീകരിക്കുന്നതിന് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. മോഷണ വസ്തുക്കൾ പോലീസ് ഉടമക്ക് തിരിച്ചുനൽകി.

Latest News