Sorry, you need to enable JavaScript to visit this website.

വ്യാജ ഡോളർ വിതരണം: തീർഥാടകന് പത്തു വർഷം തടവ്‌

മക്ക - ഹജ് തീർഥാടകർക്കിടയിൽ വ്യാജ ഡോളർ വിതരണം ചെയ്യാൻ ശ്രമിച്ച ആഫ്രിക്കൻ ഹാജിയെ കോടതി പത്തു വർഷം തടവിന് ശിക്ഷിച്ചു. 
ഹജ് കർമം പൂർത്തിയാക്കുന്നതിന് പ്രതിക്ക് അവസരമൊരുക്കുന്നതിനും കോടതി വിധിച്ചു. മിനായിൽ വ്യാപാര സ്ഥാപനം നടത്തിയ സൗദി പൗരൻ ഖാലിദ് അൽമത്‌റഫിയുടെ സാമർഥ്യമാണ് പ്രതി പോലീസ് പിടിയിലാകുന്നതിലേക്ക് നയിച്ചത്. 
ദുൽഹജ് 11 ന് തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് മിനായിലെ സൂഖുൽ അറബിൽ ഭക്ഷ്യവസ്തുക്കൾ വിൽക്കുന്ന സ്വന്തം സ്ഥാപനത്തിലെത്തിയ ആഫ്രിക്കൻ തീർഥാടകൻ സാധനങ്ങൾ വാങ്ങുന്നതിന് സൗദി കറൻസി കൈവശമില്ലെന്ന് പറഞ്ഞ് 100 ഡോളർ നോട്ട് മാറ്റുന്നതിന് ശ്രമിക്കുകയായിരുന്നെന്ന് ഖാലിദ് അൽമത്‌റഫി പറഞ്ഞു. 100 ഡോളർ കറൻസി സ്വീകരിച്ച് താൻ ആഫ്രിക്കക്കാരന് 350 റിയാൽ നൽകി. സംശയം തോന്നിയ താൻ ഡോളർ വിശദമായി പരിശോധിച്ചതിൽനിന്ന് ഇത് വ്യാജ നോട്ടാണെന്ന് വ്യക്തമായി. അപ്പോഴേക്കും ആഫ്രിക്കക്കാരൻ സ്ഥലംവിട്ടിരുന്നു. 
ഉടൻ തന്നെ തമ്പുകൾക്കിടയിലൂടെ ആഫ്രിക്കക്കാരനെ താൻ പിന്തുടർന്നു. രക്ഷപ്പെടാൻ സിവിൽ ഡിഫൻസ് സെന്ററിനു പിൻവശമുള്ള ഒരു തമ്പിലേക്ക് ഓടിക്കയറി ആഫ്രിക്കക്കാരൻ സ്ഥലത്തുണ്ടായിരുന്ന സുരക്ഷാ സൈനികരുടെ ശ്രദ്ധയിൽപെട്ടു. 
ഉടൻ തന്നെ സുരക്ഷാ സൈനികർ ആഫ്രിക്കക്കാരനെ പിടികൂടി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയായിരുന്നു. ആഫ്രിക്കക്കാരന്റെ കൈവശമുള്ള ബാഗിൽ സൂക്ഷിച്ച നിലയിൽ 24,000 ഡോളറിന്റെ വ്യാജ കറൻസികൾ കണ്ടെത്തി. 
മിനായിൽ അടിയന്തര കേസുകൾ പരിശോധിച്ച് വിധി പ്രസ്താവിക്കുന്നതിന് നീതിന്യായ മന്ത്രാലയം സ്ഥാപിച്ച 12 ാമത് ജുഡീഷ്യൽ ബെഞ്ചിനാണ് ആഫ്രിക്കക്കാരന്റെ കേസ് നിയമാനുസൃത നടപടികൾ പൂർത്തിയാക്കി പബ്ലിക് പ്രോസിക്യൂഷൻ കൈമാറിയത്. 
കേസിൽ പ്രതിക്ക് കോടതി പത്തു വർഷം തടവും അര ലക്ഷം റിയാൽ പിഴയുമാണ് വിധിച്ചത്. ആഫ്രിക്കക്കാരന്റെ പക്കലുള്ള പണം കണ്ടുകെട്ടുന്നതിനും വിധിയുണ്ട്. 
വ്യാജ നോട്ട് നൽകി തന്റെ പക്കൽനിന്ന് തട്ടിയെടുത്ത പണം തിരിച്ചുനൽകുന്നതിനും കോടതി വിധിച്ചതായി ഖാലിദ് അൽമത്‌റഫി പറഞ്ഞു. 

 

Latest News