Sorry, you need to enable JavaScript to visit this website.

അവനെ ഉടനെ ഇവിടെ എത്തിക്കൂ; വീഡിയോ കണ്ട ശേഷം മന്ത്രിയുടെ ട്വീറ്റ്

ന്യൂദല്‍ഹി- നഗ്‌നപാദനായി 100 മീറ്റര്‍ ദൂരം 11 സെക്കന്‍ഡില്‍ ഓടിയെത്തിയ 19 കാരന്റെ വീഡിയോ സമൂഹ മാാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ യുവതാരത്തിന് സഹായ വാഗ്ദാനവുമായി  കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജിജു. മധ്യപ്രദേശിലെ രാമേശ്വര്‍ ഗുര്‍ജാറാണ് സമൂഹ മാധ്യമങ്ങളില്‍ താരമായത്.   
റോഡിലൂടെയായിരുന്നു രാമേശ്വര്‍ ഗുര്‍ജാറിന്റെ അതിവേഗ ഓട്ടം. വീഡിയോയുടെ ദൈര്‍ഘ്യം 11 സെക്കന്‍ഡ് മാത്രമാണ്. വീഡിയോ ട്വീറ്റ് ചെയ്ത മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കേന്ദ്ര കായികമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചതിനെതുടര്‍ന്നാണ് മന്ത്രിയുടെ മറുപടി.
രാമേശ്വറിനെ ആരെങ്കിലും എത്രയും വേഗം തന്റെ അടുത്തെത്തിക്കണമെന്നും അത്‌ലറ്റിക് അക്കാദമിയില്‍ യുവതാരത്തിന് പ്രവേശനം ഉറപ്പാക്കാമെന്നുമാണ് കിരണ്‍ റിജിജു ട്വീറ്റ് ചെയ്തത്.
മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ കര്‍ഷക കുടുംബാംഗമാണ് രാമേശ്വര്‍. 10.26 സെക്കന്‍ഡില്‍ ഓടിയെത്തിയ അമിയ മല്ലിക്കിന്റെ പേരിലാണ് നിലവിലെ 100 മീറ്റര്‍ ദേശീയ റെക്കോര്‍ഡ്. ലോക റെക്കോര്‍ഡാകട്ടെ 9.58 സെക്കന്‍ഡില്‍ ഓടിയെത്തിയ സ്പ്രിന്റ് ഇതിഹാസം ഉസൈന്‍ ബോള്‍ട്ടിന്റെ പേരിലുമാണ്.

 

Latest News