Sorry, you need to enable JavaScript to visit this website.

മുനീറിന്റെ വിയോഗം:  തേരാളി നഷ്ടമായതിന്റെ വേദനയിൽ വയനാട്ടിലെ  വൃക്കരോഗികൾ

കൽപറ്റ- മെസ്ഹൗസ് റോഡിലെ ചീനമ്പീടൻ കെ.ടി. മുനീറിന്റെ (50)  വിയോഗം വയനാട്ടിലെ വൃക്കരോഗികൾക്കു തീരാവേദനയായി. ചികിത്സാ സൗകര്യത്തിനും സഹായത്തിനുമായി അധികാര കേന്ദ്രങ്ങളിൽ ശബ്ദമുയർത്തുന്ന നേതാവിനെയാണ് മുനീറിന്റെ വേർപാടിലൂടെ വൃക്കരോഗികൾക്കു നഷ്ടമായത്. കിഡ്‌നി വെൽഫെയർ കമ്മിറ്റി ചെയർമാനായിരുന്നു മുനീർ. വൃക്ക രോഗത്തോടു പൊരുതിക്കൊണ്ടായിരുന്നു മുനീറിന്റെ സംഘടനാ പ്രവർത്തനം. ഡയാലിസിസിനു വിധേയനാകുന്ന ദിവസങ്ങൾ ഒഴികെ മുഴുവൻ സമയവും വൃക്ക രോഗികൾക്കായാണ് അദ്ദേഹം നിലകൊണ്ടത്. അവശത വകവയ്ക്കാതെ മുച്ചക്ര സ്‌കൂട്ടറിൽ സഞ്ചരിച്ചാണ് മുനീർ വൃക്ക രോഗികളെ സംഘടിപ്പിച്ചത്.  ചികിത്സാ ആനുകൂല്യത്തിനു വേണ്ടി വൃക്കരോഗികൾ  മാസങ്ങൾക്കു മുമ്പ് കലക്ടറേറ്റു പടിക്കൽ നടത്തിയ ധർണ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഡയാലിസിസിനു ജില്ലയിൽ കൂടുതൽ സൗകര്യം ഒരുക്കാൻ അധികാരികൾക്കു പ്രേരണയായതും വെൽഫെയർ കമ്മിറ്റി ചെയർമാൻ എന്ന നിലയിൽ മുനീർ നടത്തിയ ഇടപെടലുകളാണ്. 
ജീവകാരുണ്യ പ്രവർത്തനത്തിനു കൽപറ്റ പൗരസമിതി മുനീറിനു പുരസ്‌കാരം നൽകിയിരുന്നു. കൽപറ്റ ശാന്തി പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഓണക്കാലത്തു ആദരിക്കാൻ ഒരുക്കം നടത്തുന്നതിനിടെയാണ് മരണം.
കൊടുവള്ളി കോളിതെറ്റത്തു പരേതനായ കെ.ടി. മുഹമ്മദു ഹാജി-സൈനബ ദമ്പതികളുടെ മകനാണ് മൂനീർ. ഭാര്യ സമീറയും മുഹമ്മദ് ജൻഷർ, മുഹമ്മദ് അമൽ, ഫാത്തിമ റന എന്നീ മക്കളും അടങ്ങുന്നതാണ് കുടുംബം. 

Latest News