വാഴക്കാടിന്റെ വീണ്ടെടുപ്പിന്  പ്രവാസി സമൂഹവും കൈകോർക്കുന്നു 

വാഴക്കാട്ട് സംഘടിപ്പിച്ച ജി.സി.സി വാഴക്കാട് കൂട്ടായ്മകളുടെ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.എം. ജമീല ടീച്ചർ സംസാരിക്കുന്നു.  

മലപ്പുറം- പ്രളയ ദുരിതത്തിലകപ്പെട്ട മലപ്പുറം വാഴക്കാട് പഞ്ചായത്തിലെ നിവാസികൾക്ക് കൈത്താങ്ങായി ഗൾഫ് രാജ്യങ്ങളിലെ വാഴക്കാട് കൂട്ടായ്മകൾ വിവിധ പ്രവർത്തന പരിപാടികൾക്ക് ഒരുമിച്ച് മുന്നിട്ടിറങ്ങുന്നു. 
വാഴക്കാട് ഗവ. യു പി സ്‌കൂളിൽ വിളിച്ചു ചേർത്ത ജി സി സി വാഴക്കാട് കൂട്ടായ്മകളുടെ യോഗം പഞ്ചായത്ത് പ്രസിഡന്റ്  കെ.എം ജമീല ടീച്ചർ  ഉദ്ഘാടനം ചെയ്തു. അപ്രതീക്ഷിതമായി നാടിനെ പ്രളയത്തിലാക്കിയ സന്ദർഭത്തിലും അതിന് ശേഷവും  ഗൾഫ് ലോകത്തെ വിവിധ പ്രവാസി സംഘടനകൾ നാട്ടിൽ നിർവഹിച്ച സേവന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് ജമീല ടീച്ചർ പറഞ്ഞു. പഞ്ചായത്തിന്റെ 19 വാർഡുകളിൽ 18 വാർഡുകളും പ്രളയത്തിലകപ്പെട്ടു. പല കെട്ടിടങ്ങളും വീടുകളും കിണറുകളും ഇപ്പോഴും അപകട ഭീഷണിയിലാണ്. എല്ലാവരും ഒരുമിച്ച് ഈ പ്രതിസന്ധിയെ തരണം ചെയ്യേണ്ടതുണ്ടെന്നും വാഴക്കാടിനെ വീണ്ടെടുക്കുവാൻ പ്രവാസി സമൂഹത്തിന്റെ പിന്തുണ അനിവാര്യമാണെന്നും ജമീല ടീച്ചർ പറഞ്ഞു. 
മുസ്തഫ പൂവാടിച്ചാലിൽ (അജ്മാൻ) അധ്യക്ഷനായിരുന്നു. വിവിധ ഗൾഫ് രാജ്യങ്ങളിലെ വാഴക്കാട് കൂട്ടായ്മകളെ പ്രതിനിധീകരിച്ച് മുനീർ വേൽത്തൊടിക (യു.എ.ഇ), ജൈസൽ (ഖത്തർ), കബീർ മുണ്ടുമുഴി, കെ.എം സാദിഖ്  (റിയാദ്) ഇ. ബഷീർ (ദമാം), ഗഫൂർ അലി (ജിദ്ദ), ശിഹാബ് (ബഹ്‌റൈൻ), അബ്ദുറഹ്മാൻ (കുവൈത്ത്), ഷമീർ (ഒമാൻ) തുടങ്ങിയവരും വിവിധ പ്രവാസി കൂട്ടായ്മകളുടെ പ്രതിനിധികളും സംസാരിച്ചു. മുൻ പ്രവാസികളും യോഗത്തിൽ സംബന്ധിച്ചു. 
അടിയന്തര പ്രാധാന്യത്തോടെ പ്രദേശത്ത് നടപ്പാക്കേണ്ട പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനും പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിനും വേണ്ടി വിവിധ രാജ്യങ്ങളിലെ കൂട്ടായ്മകളിൽ നിന്നും 2 വീതം പ്രതിനിധികളെ ഉൾപ്പെടുത്തി വിപുലമായ അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. 
ബി.പി.എ ഹമീദ്  (പ്രസിഡന്റ്), വി. സി. മുഹമ്മദ് കുട്ടി (ജന: സെക്രട്ടറി), മക്ബൂൽ ടി.കെ (ട്രഷറർ), ഷമീർ ചീരോത്ത്, വിജയൻ, മൻസൂർ ആമക്കോട്, സാദിഖ് എം.പി (വൈസ് പ്രസിഡന്റ്).  എക്‌സൽ ജമാൽ, ഷബീർ ആക്കോട് (ജോ. സെക്രട്ടറി) എന്നിവരാണ് ഭാരവാഹികൾ. പ്രവർത്തന ഫണ്ടിലേക്കുള്ള ആദ്യ വിഹിതം കൂട്ടായ്മകൾ വേദിയിൽ വെച്ച് കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി. വി.സി മുഹമ്മദ് കുട്ടി സ്വാഗതവും ടി.കെ. മഖ്ബൂൽ നന്ദിയും പറഞ്ഞു.

 

 

Latest News