Sorry, you need to enable JavaScript to visit this website.

ഇവിടെ പ്രതികൾക്കാണ് പ്രസക്തി; ഉന്നാവോ കേസ് പ്രതി മോഡിക്കൊപ്പം ഫുൾ പേജ് പരസ്യത്തിൽ

ന്യൂദൽഹി- ഇന്ത്യയുടെ മുഖം കൂടുതൽ വികൃതമാകുന്നതായി സമീപ കാലത്തെ വിധികൾ കാണിച്ചു തരുന്നതിനിടെ അത് കൂടുതൽ സത്യമാക്കി പ്രതിക്ക് പ്രധാന മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്കൊപ്പം മുഴു പേജ് പരസ്യത്തിൽ ഇടം. ഉന്നാവോ ബലാത്സംഗ-കൊലപാതക കേസുകളില്‍ പ്രതിയായ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെംഗാര്‍ ആണ് സ്വാതന്ത്ര്യ ദിനത്തിൽ ഇറങ്ങിയ പത്രത്തിൽ ഒന്നാം പേജിൽ തന്നെയുള്ള കളർഫുൾ പരസ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കൊപ്പം ഇടം നേടിയത്. കുല്‍ദീപ് സിങിനെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവരും പരസ്യത്തില്‍ ഇടംപിടിച്ചിട്ടുണ്ട്. സംഭവം വൻ വിവാദമായിരിക്കുകയാണ്. 
       ഇക്കഴിഞ്ഞ പതിനഞ്ചിനാണ്‌ സ്വാതന്ത്യദിന-രക്ഷാബന്ധന്‍ ആശംസകള്‍ അറിയിച്ച് കൊണ്ട് ഒരു പ്രമുഖ ഹിന്ദി ദിന പത്രത്തിൽ ഫുള്‍ പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത്. പ്രാദേശിക ബിജെപി നേതാവും ഉന്നാവിലെ ഊഗു നഗര പഞ്ചായത്ത് അധ്യക്ഷനുമായ അനുജ് ദീക്ഷിതാണ് പരസ്യം നല്‍കിയിരിക്കുന്നത്. ഉന്നോവോ ബലാത്സംഗ കേസിലും പരാതിക്കാരിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസിലും പ്രതിയായ കുല്‍ദീപ് സിങ് സെംഗര്‍ പരാതിക്കാരിയായ പെണ്‍കുട്ടി വാഹനാപകടത്തില്‍പ്പെട്ട സംഭവത്തിലും പ്രതിയാണ്.  ഉന്നാവോയിലെ പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗത്തിനിരയാക്കുകയും കുടുംബത്തെ നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ബി.ജെ.പി എം.എൽ.എ കുൽദീപ് സിംഗ് സെനഗറിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു. നാലു തവണ എം.എൽ.എയായ സെനഗറിനെ പാർട്ടിയിൽനിന്ന് പുറത്താക്കി മുഖം രക്ഷിക്കാനാണ് ബി.ജെ.പി ശ്രമം നടത്തിയിരുന്നത്. ഉന്നാവോയിലെ പെൺകുട്ടിയും അഭിഭാഷകനും ദുരൂഹമായ വാഹനാപകടത്തിൽ ക്രൂരമായി പരിക്കേറ്റതിനും ഇവരുടെ രണ്ടു ബന്ധുക്കൾ അപകടത്തിൽ കൊല്ലപ്പെട്ടതിനും ശേഷമാണ് ബി.ജെ.പിയുടെ പുറത്താക്കൽ നടപടിയിലേക്ക് നീങ്ങിയത്. അപകടത്തിന് കാരണം സെനഗറും സഹായികളുമാണെന്ന് ചൂണ്ടിക്കാട്ടി പോലീസിൽ പരാതിയുണ്ട്. ഈ കേസ് സി.ബി.ഐ അന്വേഷിക്കും. ഒരു വർഷമായിട്ടും ഈ എം.എൽ.എക്കെതിരെ ഒരു തരത്തിലുള്ള നടപടിയും സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് ബി.ജെ.പിക്കെതിരെ കടുത്ത വിമർശനം ഉയർന്നിരുന്നു.      
       ഇതിനിടെയാണ് പ്രധാനമന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്കൊപ്പം പരസ്യത്തിൽ ഉൾപ്പെട്ടത്. അതേസമയം, കുല്‍ദീപ് സിങ് ഞങ്ങളുടെ എംഎല്‍എയാണ്. എന്ത് കൊണ്ട് അദ്ദേഹത്തിന്റെ ചിത്രം പരസ്യത്തില്‍ വന്നുകൂടാ, അദ്ദേഹത്തെ മാറ്റിനിര്‍ത്തേണ്ടതില്ലെന്നും പരസ്യം നൽകിയ പ്രാദേശിക ബിജെപി നേതാവും ഉന്നാവിലെ ഊഗു നഗര പഞ്ചായത്ത് അധ്യക്ഷനുമായ അനുജ് ദീക്ഷിത് പ്രതികരിച്ചു. ഉന്നത നേതാക്കള്‍ക്കൊപ്പം കുല്‍ദീപ് സിങിന്റെ ചിത്രം പ്രസിദ്ധീകരിച്ചതില്‍ തെറ്റില്ലെന്ന് ഉത്തര്‍പ്രദേശില്‍ ബിജെപി വക്താവ് രാകേഷ് ത്രിപാഠിയും വ്യക്തമാക്കി. എംഎല്‍എ കേസില്‍ പ്രതി മാത്രമാണ്. അദ്ദേഹം കുറ്റം ചെയ്‌തെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Latest News