Monday , February   24, 2020
Monday , February   24, 2020

അടുത്തത് ഒറ്റ തെരഞ്ഞെടുപ്പ്

ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കാൻ കഴിയണമെങ്കിൽ 2030 വരെ ഏറ്റവും കരുത്തുള്ള ഒരു ഭരണാധികാരി അധികാരത്തിലുണ്ടായിരിക്കണമെന്നാണ് നമ്മുടെ ദേശീയ സുരക്ഷാ ഉപദേശകൻ കഴിഞ്ഞ വർഷം വല്ലഭായി പട്ടേൽ അനുസ്മരണ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത്. അത്തരമൊരു നിർണായക ഭരണ സംവിധാന മാറ്റത്തിലേക്ക്, പ്രസിഡൻഷ്യൽ രീതിയിലുള്ള ഭരണ സംവിധാനത്തിലേക്ക് ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങൾ പ്രധാനമന്ത്രി മോഡി പ്രഖ്യാപിച്ച അജണ്ടയിലുണ്ടെന്നു കൂടി പറഞ്ഞുവെക്കട്ടെ.


ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്തതിനു പിറകെ പ്രധാനമന്ത്രി മോഡി തന്റെ ഗവണ്മെന്റിന്റെ അടുത്ത അജണ്ട മുന്നോട്ടു വെച്ചു.  ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും ഒന്നിച്ച് തെരഞ്ഞെടുപ്പു നടത്താനുള്ള നിർദേശം. ഇതോടു ചേർന്ന് 'ഒരു ഇന്ത്യ -മികച്ച ഇന്ത്യ' എന്ന ലക്ഷ്യം പൂർത്തീകരിക്കാൻ 'മറ്റു ചില' നടപടികളും ഉണ്ടാകുമെന്നും വ്യക്തമാക്കി.
ചരിത്രപ്രധാനമായ ചെങ്കോട്ടയിൽ 73 ാം സ്വാതന്ത്ര്യ ദിനത്തിൽ തന്റെ ആറാമത് സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. ഇതിനോടു പരോക്ഷമായി ബന്ധപ്പെട്ട ഒരു സൈനിക തീരുമാനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. കര-നാവിക-വ്യോമ സേനയ്ക്ക് ഒരു മുഖ്യ സേനാ നായകനെ (ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ്) തലവനായി നിയമിക്കുമെന്ന്. 
ജമ്മു കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370, 35 (എ) എന്നീ വകുപ്പുകൾ രണ്ടാം തവണ തന്റെ ഗവണ്മെന്റ് അധികാരത്തിൽ വന്ന് പത്ത് ആഴ്ചക്കകം റദ്ദാക്കിയതിനെ ശക്തമായി ന്യായീകരിച്ചു. ഇതോടെ 'ഒരു രാജ്യം ഒരു ഭരണഘടന' എന്നത് ഏഴ് പതിറ്റാണ്ടിനു ശേഷം നിലവിൽ വന്നതിൽ പ്രധാനമന്ത്രി അഭിമാനം കൊണ്ടു. അഞ്ചു വർഷത്തെ തന്റെ ഭരണ കാലയളവിൽ ഒരു രാജ്യം, ഒരു നികുതി എന്ന വ്യവസ്ഥ നിലവിൽ വരുത്തിയതിന്റെ തുടർച്ചയിൽ സ്വീകരിച്ച ദേശീയ ഊർജ സംഭരണ കേന്ദ്രത്തിന്റേതടക്കമുള്ള നടപടികൾ വിശദീകരിച്ചാണ് ജമ്മു കശ്മീരിനെ പുനഃസംഘടിപ്പിച്ച നിയമ നിർമാണത്തെപ്പറ്റി ദീർഘമായി പരാമർശിച്ചത്.  രാജ്യസഭയിലും ലോക്‌സഭയിലും മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെയാണ് ഓരോ ഹിന്ദുസ്ഥാനിക്കും അഭിമാനിക്കാവുന്ന നിയമം പാസാക്കിയതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. മറ്റു പാർട്ടിക്കാരുടെ ഉള്ളിൽ ഈ ആഗ്രഹം ഉണ്ടായിരുന്നു എന്നാണ് അവരുടെ പിന്തുണ വെളിപ്പെടുത്തുന്നത്. 'പക്ഷേ അവർക്കാർക്കും ധൈര്യം വന്നില്ല. എഴുപതു വർഷത്തിലേറെ അതങ്ങനെ കിടന്നു. രാജ്യത്തെ ജനങ്ങൾ ഈ ജോലി ഏൽപിച്ചപ്പോൾ അവർ ആഗ്രഹിച്ചത് ഞാൻ നിർവഹിച്ചു. ഇതിൽ തന്റേതായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തൊണ്ണൂറ്റിരണ്ട് മിനിറ്റ് നീണ്ടുനിന്ന തന്റെ രണ്ടാമത്തെ ദീർഘിച്ച സ്വാതന്ത്ര്യദിന പ്രസംഗത്തിൽ തലേന്ന് പാക്കിസ്ഥാൻ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി ഇമ്രാം ഖാൻ ജമ്മു കശ്മീർ പുനഃസംഘടിപ്പിച്ചതിനെ കടന്നാക്രമിച്ചതിനെതിരെ ഒരക്ഷരം പ്രതികരിച്ചില്ല. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ സന്തോഷം ഇന്ത്യയുടെ സമാധാനത്തിന്റെയും പുരോഗതിയുടെയും പ്രധാന ഘടകമായി തീരുമെന്ന് ന്യായീകരിച്ചതല്ലാതെ.
എന്നാൽ ജമ്മു കശ്മീരിന്റെ കാര്യത്തിൽ നടത്തിയ സർജിക്കൽ സ്‌ട്രൈക്കിനെ ന്യായീകരിച്ചതിന്റെ തുടർച്ചയായാണ് ഇന്ത്യയിൽ ലോക്‌സഭയിലേക്കും സംസ്ഥാനങ്ങളിലേക്കും ഒരേസമയം തെരഞ്ഞെടുപ്പു നടത്താനുള്ള നടപടി സ്വീകരിക്കുമെന്ന് ഖണ്ഡിതമായി വ്യക്തമാക്കിയത്. തന്റെ സർക്കാർ പ്രശ്‌നങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന ഒന്നല്ല. അതിന്റെ സ്വത്വം തന്നെ പ്രശ്‌നങ്ങളുടെ അടിവേരറുക്കലാണ്. രാജ്യത്തിന്റെ ഐക്യം ശക്തിപ്പെടുത്തി ഒന്നിച്ച് യോജിപ്പിച്ചു നിർത്തുന്ന നടപടികൾ ഇനിയും മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഇന്ന് രാജ്യത്താകെ വ്യാപകമായ ചർച്ച 'ഒരു രാജ്യം -ഒറ്റ തെരഞ്ഞെടുപ്പ്' എന്നതാണെന്നും മോഡി പറഞ്ഞു. അത് ചർച്ച ചെയ്യേണ്ടതുണ്ട്. ജനാധിപത്യ രീതിയിൽ അത് നടപ്പാക്കേണ്ടതുണ്ട്. 'ഒരിന്ത്യ, മികച്ച ഇന്ത്യ' എന്ന സ്വപ്‌നം യാഥാർത്ഥ്യമാക്കാൻ ഇതുപോലുള്ള 'പുതിയ കൂടുതൽ കാര്യങ്ങൾ' കൂട്ടിച്ചേർക്കേണ്ടതുണ്ട്.
ഇത്തരമൊരു നിർദേശം മോഡി നേരത്തെയും മുന്നോട്ടു വെച്ചിരുന്നു. ജസ്റ്റിസ് ബി.എസ് ചൗഹാൻ അധ്യക്ഷനായ ലോ കമ്മീഷൻ കഴിഞ്ഞ ഓഗസ്റ്റ് 30 ന് കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഒന്നിച്ചു തെരഞ്ഞെടുപ്പു നടത്തുന്നതു സംബന്ധിച്ച് കരട് റിപ്പോർട്ട് തയാറാക്കുകയും ചെയ്തു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനോടു ബന്ധപ്പെടുത്തി ഇക്കാര്യം പരിഗണിക്കാനുള്ള മൂന്ന് ബദൽ നിർദേശങ്ങളും നിയമ കമ്മീഷൻ മുന്നോട്ടുവെച്ചു. പ്രതിപക്ഷ പാർട്ടികളുടെ ഭാഗത്തുനിന്ന് ശക്തമായ വിയോജിപ്പ് ഉയരുകയും അത് രാജ്യവ്യാപകമായ സംവാദം ഉയർത്തുകയും ചെയ്ത പശ്ചാത്തലത്തിലാണ് ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഈ വർഷം പഴയപടി നടന്നത്.
പ്രധാനമന്ത്രിയുടെ ഈ വെളിപ്പെടുത്തൽ രാഷ്ട്രീയമായ സൂക്ഷ്മ പഠനവും ഗൗരവമായ ദേശീയ ചർച്ചയും ആവശ്യപ്പെടുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കുകയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ലഡാക്കിനെ നിയമസഭയിൽനിന്നു പുറത്തെടുത്ത് കേന്ദ്ര ഭരണ പ്രദേശമാക്കുകയും ചെയ്തു. ഇതൊന്നും ജമ്മു കശ്മീർ ജനതയുടെ അഭിപ്രായമാരാഞ്ഞോ സർവകക്ഷി യോഗം വിളിച്ചോ നിയമസഭ ചേർന്നോ സ്വീകരിച്ച നടപടികളായിരുന്നില്ല. രാഷ്ട്രപതിയും പാർലമെന്റും നിയമം പാസാക്കുന്നതിന് അഞ്ചു ദിവസം മുമ്പു തന്നെ ജമ്മു കശ്മീർ സംസ്ഥാനത്ത് കറുത്ത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിരുന്നു. സൈനിക സാന്നിധ്യവും നിരോധനാജ്ഞയും ഇപ്പോഴും കർശനമായി തുടരുകയാണ്. അതിനിടയ്ക്കാണ് മോഡി ജമ്മു കശ്മീർ നിവാസികളുടെ സന്തോഷവും പുരോഗതിയും നിലനിർത്തേണ്ടത് 130 കോടി വരുന്ന ഇന്ത്യക്കാരുടെ ബാധ്യതയാണെന്ന് ചെങ്കോട്ടയിൽനിന്ന് പ്രസംഗിച്ചത്.  
മുത്തലാഖ് റദ്ദാക്കി രാജ്യത്തെ മുസ്‌ലിം സഹോദരിമാരുടെ കണ്ണീരൊപ്പിയതും ജമ്മു കശ്മീരിലെ ജനങ്ങൾക്ക് പ്രത്യേക അവകാശവും പദവിയും ഉണ്ടായിരുന്നത് എടുത്തു കളഞ്ഞതും ജി.എസ്.ടി പോലുള്ള തന്റെ മുൻകാല ഭരണനടപടികളും പരാമർശിച്ചതിനു ശേഷമായിരുന്നു ഇത്. രാജ്യത്തെ നീതി കിട്ടാതെ കഴിയുന്ന എല്ലാ വിഭാഗങ്ങളെയും പരാമർശിച്ച പ്രധാനമന്ത്രിയുടെ പ്രസംഗത്തിൽ അവരുടെ ദാരിദ്ര്യം നിർമാർജനം ചെയ്യുമെന്നും വീടും വൈദ്യുതിയും ആരോഗ്യ പരിപാലനവും വിദ്യാഭ്യാസവും ഉറപ്പു നൽകുമെന്നുള്ള വാഗ്ദാനങ്ങളുടെ പെരുമഴ തന്നെ പെയ്തു. 2016 മുതൽ 2019 വരെയുള്ള കാലം ജനങ്ങളുടെ ആവശ്യങ്ങളുടെ പൂർത്തീകരണത്തിനായിരുന്നെങ്കിൽ 2019 മുതലുള്ള കാലം രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷ നിറവേറ്റാനുള്ളതാണെന്ന് മോഡി പറഞ്ഞു.  അഞ്ചു വർഷത്തെ കഠിനാധ്വാനത്തിനു ശേഷം '2019 ൽ ഞാൻ ചെന്നപ്പോൾ സാധാരണക്കാർക്ക് ഒരേ ശബ്ദമേ ഉണ്ടായിരുന്നുള്ളൂ: എന്റെ രാജ്യത്തിനും മാറാൻ കഴിയും. നമുക്കും നമ്മുടെ രാജ്യം മാറ്റാനാകും. 130 കോടി പൗരന്മാരുടെ ഈ വികാരമാണ് തനിക്ക് ശക്തിയും വിശ്വാസവും നൽകുന്നതെന്ന്' മോഡി പറഞ്ഞു.  
പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമ്പോൾ സ്വയം ബഹുമാനം ഉണ്ടാകുന്നു എന്നു പറഞ്ഞ പ്രധാനമന്ത്രി കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ പ്രതിദിനം നിലവിലുള്ള ആവശ്യമില്ലാത്ത ഓരോ നിയമങ്ങൾ റദ്ദാക്കിയതായി വെളിപ്പെടുത്തി. അങ്ങനെ 1450 ഓളം നിയമങ്ങൾ. കഴിഞ്ഞ പത്ത് ആഴ്ചകൾക്കിടയിൽ അത്തരം 60 നിയമങ്ങൾ തന്റെ ഗവണ്മെന്റ് എടുത്തു കളഞ്ഞതായും വെളിപ്പെടുത്തി.  പ്രധാനമന്ത്രിയായ താൻ ഒരു ശിശുവാണെന്നും 130 കോടി ജനങ്ങൾ ഒന്നിച്ചുനിന്നാണ് രാജ്യത്തെ മുന്നോട്ടു കൊണ്ടുപോകേണ്ടതെന്നും മോഡി വ്യക്തമാക്കി. തന്റെ സർക്കാരിനു മുമ്പുണ്ടായിരുന്ന എല്ലാ ഗവണ്മെന്റുകളും ചേർന്ന് മൊത്തം ഒരു ലക്ഷം കോടി രൂപയുടെ സാമ്പത്തികാവസ്ഥയാണ് രാജ്യത്തുണ്ടാക്കിയത്. തന്റെ സർക്കാരിന് അത് രണ്ടു ലക്ഷം കോടിയാക്കി ഉയർത്താനായി. തന്റെ അഞ്ചു വർഷത്തെ ഭരണത്തിൽ സർക്കാർ സുസ്ഥിരമാണ്. ലോകം നമ്മോട് വ്യാപാരത്തിനായി അടുത്തു കൂടുന്നു.   അടുത്ത അഞ്ചു വർഷത്തിനുള്ളിൽ അത് അഞ്ചു ലക്ഷം കോടി രൂപയുടെ സാമ്പത്തികാവസ്ഥയാക്കാൻ ജനങ്ങളാകെ മുന്നോട്ടു വരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ആദിവാസികൾ, ദളിതുകൾ, പിന്നോക്കക്കാർ, കൃഷിക്കാർ, ചെറുകിട കച്ചവടക്കാർ, കഷ്ടപ്പെടുന്ന ഇടത്തരം വിഭാഗങ്ങൾ എന്നിവരെയൊക്കെ തൊട്ടും തലോടിയും പ്രസംഗിക്കാറുള്ള മോഡി ഇത്തവണ പതിവുവിട്ടു ഒരു പടികൂടി മുന്നോട്ടു പോയി. 
രാജ്യത്ത് അടുത്ത കാലത്തായി പെരുകിവരുന്ന ശതകോടീശ്വരന്മാരെ സംശയത്തോടെ വീക്ഷിക്കരുതെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. 'ധനനിർമിതി മഹത്തായ ദേശീയ സേവനമാണ്. ധനം സൃഷ്ടിച്ചെങ്കിൽ മാത്രമേ അത് വിതരണം ചെയ്യപ്പെടൂ. ധനമുണ്ടാക്കുന്നവരെല്ലാം ഇന്ത്യയുടെ ധനമാണ്.' അവരെ ബഹുമാനിക്കണമെന്ന്, അംബാനിമാരെയും അദാനിമാരെയും മറ്റും പരോക്ഷമായി പരാമർശിച്ച്, പ്രധാനമന്ത്രി ദരിദ്ര കോടികളുള്ള രാജ്യത്തോടുള്ള തന്റെ പ്രസംഗത്തിൽ പറഞ്ഞു.
നേരത്തെ സൂചിപ്പിച്ചല്ലോ, മൂന്നു സേനകളെയും ഏകോപിപ്പിക്കുന്ന പുതിയ സേനാ മേധാവിയുടെ നിയമനത്തെപ്പറ്റി. കര - നാവിക - വ്യോമസേന എന്നിവയ്ക്ക് സ്വാതന്ത്ര്യാനന്തരം പ്രത്യേകം മേധാവികളെയാണ് ഇന്ത്യ നിയോഗിച്ചിരുന്നത്. സുപ്രീം കമാന്റർ എന്ന നിലയിൽ സാങ്കേതികമായി രാഷ്ട്രപതിയാണ് മൂന്നു വിഭാഗം സേനകളെയും ഏകോപിപ്പിക്കുന്ന സിവിലിയൻ മേധാവി. ജനാധിപത്യത്തെയും ഭരണഘടനയെയും അട്ടിമറിക്കാൻ സൈന്യത്തിന് പഴുതു നൽകാത്ത ഒരു ഭരണഘടനയാണ് ഇന്ത്യയുടേതെന്ന അഭിപ്രായം പൊതുവെ എല്ലാ രാജ്യങ്ങളും പ്രകടിപ്പിച്ചിട്ടുണ്ട്. വിശേഷിച്ചും ഇന്ത്യയിൽനിന്നു വേർപിരിഞ്ഞ പാക്കിസ്ഥാനിൽ നിരന്തരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനെ സൈന്യം അട്ടിമറിക്കുന്ന അവസ്ഥ വന്നപ്പോൾ. മറ്റു പല രാജ്യങ്ങളുടെയും അനുഭവവും അതു തന്നെയാണ്.
75 ാം സ്വാതന്ത്ര്യ ദിനത്തിലേക്ക് രാജ്യം കടക്കുമ്പോൾ മൂന്നു സേനകളെയും ഏകോപിപ്പിച്ചു നയിക്കുന്ന ഒരു സൈനിക തലവൻ നമുക്കുണ്ടാകുമെന്നാണ് പ്രധാനമന്ത്രി മോഡി പറഞ്ഞത്. എന്നാൽ അതു മാത്രമായിരിക്കില്ലെന്ന് തെരഞ്ഞെടുപ്പു രീതി മാറ്റുമെന്നുള്ള പ്രഖ്യാപനം ഓർമപ്പെടുത്തുന്നു.  ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കാൻ കഴിയണമെങ്കിൽ 2030 വരെ ഏറ്റവും കരുത്തുള്ള ഒരു ഭരണാധികാരി അധികാരത്തിലുണ്ടായിരിക്കണമെന്നാണ് നമ്മുടെ ദേശീയ സുരക്ഷാ ഉപദേശകൻ കഴിഞ്ഞ വർഷം വല്ലഭായി പട്ടേൽ അനുസ്മരണ പ്രസംഗത്തിൽ ചൂണ്ടിക്കാണിച്ചത്. അത്തരമൊരു നിർണായക ഭരണ സംവിധാന മാറ്റത്തിലേക്ക്, പ്രസിഡൻഷ്യൽ രീതിയിലുള്ള ഭരണ സംവിധാനത്തിലേക്ക് ഇന്ത്യയെ മാറ്റാനുള്ള ശ്രമങ്ങൾ പ്രധാനമന്ത്രി മോഡി പ്രഖ്യാപിച്ച അജണ്ടയിലുണ്ടെന്നു കൂടി പറഞ്ഞുവെക്കട്ടെ.

Latest News