Sorry, you need to enable JavaScript to visit this website.

പാര്‍ട്ടിയെ ന്യായീകരിച്ച് ഓമനക്കുട്ടന്‍; എല്ലാവരും തിരിച്ചറിഞ്ഞതില്‍ സന്തോഷം

ആലപ്പുഴ-തന്റെ സത്യസന്ധത എല്ലാവരും തിരിച്ചറിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്നും പാര്‍ട്ടി എടുത്ത നടപടിയേയും ഇപ്പോള്‍ പിന്‍വലിച്ച നടപടിയേയും സ്വീകരിക്കുന്നുവെന്നും  ദുരിതാശ്വാസ ക്യാമ്പില്‍ പണപ്പിരിവ് നടത്തിയെന്ന ആരോപണം നേരിട്ട സി.പി.എം പ്രവര്‍ത്തകന്‍ ഓമനക്കുട്ടന്‍. റവന്യൂ സെക്രട്ടറി ക്ഷമാപണം നടത്തി ഫെയ്‌സ്ബുക്ക് പോസ്റ്റിടുകയും പോലീസിന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു എന്നതിനേക്കാള്‍ സര്‍ക്കാരും പാര്‍ട്ടിയും തന്റെ പ്രവൃത്തിയുടെ ഉദ്ദേശശുദ്ധി തിരിച്ചറിഞ്ഞതിലാണ് സന്തോഷമെന്നും അദ്ദേഹം പറഞ്ഞു.

തനിക്കൈതിരെ പാര്‍ട്ടി സ്വീകരിച്ച നടപടിയെ ഓമനക്കുട്ടന്‍ ന്യായീകരിച്ചു. ഇങ്ങനെ ഒരു ആക്ഷേപം വന്നാല്‍ ഉടന്‍ നടപടി സ്വീകരിക്കുന്ന വേറെ ഏത് രാഷ്ട്രീയ പ്രസ്ഥാനമുണ്ടെന്ന് ഓമനക്കുട്ടന്‍ ചോദിച്ചു. താന്‍ സി.പി.എമ്മിന്റെ പ്രവര്‍ത്തകന്‍ ആയിരുന്നതുകൊണ്ടാണ് ഇങ്ങനെ ഒരു ആക്ഷേപം ഉയര്‍ന്നുവന്നത്. ഇത് ഓമനക്കുട്ടന്‍ എന്ന വ്യക്തിക്കെതിരെയുള്ള ആക്ഷേപമല്ല, സി.പി.എം എന്ന രാഷ്ട്രീയപ്രസ്ഥാനത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണ് ലക്ഷ്യമിട്ടത്.

എന്റെ സത്യസന്ധത സര്‍ക്കാരും പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ജനങ്ങളും അംഗീകരിക്കുന്നു എന്നതിന് തെളിവാണ് ഇപ്പോഴത്തെ നടപടികള്‍. ഈ ദുരിതാശ്വാസ ക്യാമ്പിലെ ഒരു അന്തേവാസിയാണ് ഞാന്‍. എന്റെ കുടുംബവും ക്യാമ്പിലുണ്ട്. ഇവരുടെ ഇടയില്‍ നിന്ന് പ്രവര്‍ത്തിക്കുന്ന ഒരാളാണ് താന്‍. എന്റെ കൂടെ ഉള്ളവരാരും ആക്ഷേപം ഉന്നയിച്ചിട്ടില്ല. ഞാന്‍ സുതാര്യനായ വ്യക്തിയാണ്. ഓപ്പണായാണ് എല്ലാം ചെയ്തത്. വീഡിയോ പകര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും- ഓമനക്കുട്ടന്‍ പറഞ്ഞു.

ക്യാമ്പില്‍ ദിവസങ്ങളായി കറന്റും വെള്ളവുമില്ലായിരുന്നു. പണപ്പിരിവ് വാര്‍ത്ത വന്ന ശേഷമാണ് കറന്റും വെള്ളവും എത്തിയത്.  ആരോപണങ്ങള്‍ വന്നശേഷമാണ് ഇതെല്ലാം ശരിയായത്. പഞ്ചായത്ത് അധികൃതര്‍ക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി നേരത്തെ തന്നെ പരാതി നല്‍കിയിരുന്നു. മറ്റ് ഉദ്യോഗസ്ഥരോടും പറഞ്ഞിരുന്നു. ക്യാമ്പില്‍ കഴിഞ്ഞ ദിവസമാണ് 24 മണിക്കൂറും ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഹാജരായിരുന്നതെന്നും ഓമനക്കുട്ടന്‍ പറഞ്ഞു.
ക്യാമ്പില്‍ പാചകവാതകം എത്തിച്ചതിന് ഓട്ടോയ്ക്ക് കൊടുക്കാന്‍ 70 രൂപ പിരിച്ച നടപടിയാണ് വാര്‍ത്തയായിരുന്നു. സി.പി.എം നടപടി സ്വീകരിച്ചതിനു പുറമെ,  സംഭവത്തില്‍ കലക്ടര്‍  റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.

 

Latest News