ഓമനക്കുട്ടന്റെ സസ്‌പെന്‍ഷന്‍ സി.പി.എം പിന്‍വലിച്ചു; തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് വിശദീകരണം

ആലപ്പുഴ-ദുരിതാശ്വാസ ക്യാമ്പില്‍നിന്ന് പണം പിരിച്ചുവെന്ന പ്രചാരണത്തെ തുടര്‍ന്ന് വിവാദത്തിലായ സി.പി.എം ലോക്കല്‍ കമ്മിറ്റി അംഗം ഓമനക്കുട്ടനെതിരെ സ്വീകരിച്ച നടപടി പാര്‍ട്ടി പിന്‍വലിച്ചു. അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ്  ആലപ്പുഴ ജില്ലാ കമ്മിറ്റി തിരുത്തിയത്.

ക്യാമ്പിന്റെ സുഗമമായ നടത്തിപ്പിനാണ് ഓമനക്കുട്ടന്‍ പിരിവ് നടത്തിയതെന്നും വസ്തുതകള്‍ അന്വേഷണത്തില്‍ ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയാണെന്നും ജില്ലാ കമ്മിറ്റി അറിയിച്ചു.

ചേര്‍ത്തല തെക്കുപഞ്ചായത്ത് ആറാംവാര്‍ഡ് പട്ടികജാതി, പട്ടിക വര്‍ഗ കമ്യൂണിറ്റി ഹാളിലെ ദുരിതാശ്വാസ ക്യാമ്പിലാണ് പണപ്പിരിവ് നടന്നുവെന്ന ആരോപണമുയര്‍ന്നത്. ക്യാമ്പില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുണ്ട്. ഇത് തീര്‍ക്കാനാണ് ഓമനക്കുട്ടന്‍ പിരിവ് നടത്തിയത്. എന്നാല്‍ ഇക്കാര്യം യഥാസമയം ഉദ്യോഗസ്ഥരെ അറിയിച്ച് പരിഹാരം കാണണമായിരുന്നുവെന്ന അഭിപ്രായം പാര്‍ട്ടിക്കുണ്ടെന്നും സി.പി.എം ജില്ലാ കമ്മറ്റി വ്യക്തമാക്കി.
തെറ്റിദ്ധരിക്കപ്പെട്ട സാഹചര്യത്തിലാണ് ഓമനക്കുട്ടനെതിരെ നടപടിയുണ്ടായത്. മാധ്യമങ്ങളിലും മറ്റു വാര്‍ത്ത വരികയും പൊതുസമൂഹത്തില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെ അന്വേഷണ വിധേയമായി പാര്‍ട്ടിക്ക് നടപടി സ്വീകരിക്കേണ്ടി വന്നു. ഇപ്പോള്‍ അന്വേഷണത്തില്‍ പാര്‍ട്ടിക്ക് സത്യാവസ്ഥ ബോധ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുകയാണെന്നും സി.പി.എം ജില്ലാ കമ്മിറ്റി അറിയിച്ചു.

 

Latest News