Sorry, you need to enable JavaScript to visit this website.

അമേരിക്കയില്‍ നിഗൂഢ ശ്വാസകോശ രോഗം പടരുന്നു; വില്ലന്‍ ഇ-സിഗരറ്റോ? അന്വേഷണം പുരോഗമിക്കുന്നു

വാഷിങ്ടണ്‍- യുഎസിലെ 14 സംസ്ഥാനങ്ങളിലായി യുവാക്കള്‍ക്കും കൗമാര പ്രായക്കാര്‍ക്കുമിടയില്‍ വ്യാപകമായി റിപോര്‍ട്ട് ചെയ്യപ്പെട്ട നിഗൂഢ ശ്വാസ കോശ രോഗ കാരണം കണ്ടു പിടിക്കാന്‍ സംസ്ഥാന, ഫെഡറല്‍ ആരോഗ്യ വകുപ്പുകള്‍ വിശദമായ അന്വേഷണം തുടങ്ങി. വിവിധ സംസ്ഥാനങ്ങളിലായ നൂറോളം പേരാണ് അപൂര്‍വ ശ്വാസ കോശ രോഗം ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുന്നത്. ഇവരില്‍ 31 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ചിലര്‍ തീവ്രപരിചരണ വിഭാഗത്തിലും ചിലര്‍ വെന്റിലേറ്ററിലുമാണ് കഴിയുന്നത്. സമാനമായ നൂറോളം കേസുകളാണ് ആരോഗ്യ വകുപ്പ് പഠനവിധേയമാക്കുന്നത്. രോഗികള്‍ പൂര്‍ണമായി സുഖം പ്രാപിക്കുമോ എന്ന കാര്യം പറയാനാവില്ലെന്നാണ് മെഡിക്കല്‍ അധികൃതര്‍ വ്യക്തമാക്കുന്നത്. ഇതു സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും ക്ലിനിക്കുകള്‍ക്കും അധികൃതര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അതീവ ഗുരുതരമായ ശ്വാസ കോശ രോഗത്തിലേക്കുക നയിച്ചേക്കേമെന്നാണ് മുന്നറിയിപ്പ്. ശ്വാസ തടസ്സം, ശ്വസന ദൈര്‍ഘ്യം കുറവ്, നെഞ്ചു വേദന എന്നീ ലക്ഷണങ്ങളുമായാണ് ഈ രോഗബാധിതരായവര്‍ ആശുപത്രിയിലെത്തുന്നത്. ഈ രോഗികള്‍ക്ക് പനി, ചുമ, ഛര്‍ദി, അതിസാരം എന്നിവയും ഉണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു.

വില്ലന്‍ ഇ-സിഗരറ്റോ?
യുവജനങ്ങള്‍ക്കിടയില്‍ പ്രചാരം നേടിയ ഇ-സിഗരറ്റു വലിയാണ് ഈ നിഗൂഢ രോഗത്തിനു പിന്നിലെന്നാണ് പ്രാഥമിക സുചനകള്‍. ഈ രോഗ ബാധ സ്ഥിരീകരിച്ച കാലിഫോര്‍ണിയ, ഇലിനോയ്, ഇന്‍ഡ്യാന, മിനസോട്ട, വിസ്‌കോന്‍സിന്‍ എന്നീ അഞ്ചു സംസ്ഥാനങ്ങളില്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ ഇതു സംബന്ധിച്ച് പഠനം നടത്തി വരികയാണ്. ഇവിടങ്ങളില്‍ ഈയിടെയായി റിപോര്‍ട്ട് ചെയ്യപ്പെട്ട ശ്വാസകോശ രോഗങ്ങള്‍ക്ക് ഇ-സിഗരറ്റുമായി ബന്ധമുള്ളതായി സൂചന ലഭിച്ചിരുന്നു. അണുബാധ മൂലമുള്ള രോഗമാണിതെന്ന് സ്ഥിരപ്പെടുത്താവുന്ന തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. 
നിക്കോട്ടിന്‍, കഞ്ചാവ് അടങ്ങിയ ഉല്‍പ്പന്നങ്ങള്‍, സ്വന്തമായി ഉണ്ടാക്കുന്ന വസ്തുക്കള്‍ തുടങ്ങിയവ വലിച്ചിരുന്നതായി രോഗ ബാധയുമായി ആശുപത്രിയിലെത്തിയവര്‍ പറഞ്ഞതായി മെഡിക്കല്‍ അധികൃതര്‍ പറയുന്നു.

എന്താണ് ഇ-സിഗരറ്റ്
നിക്കോട്ടിന്‍ ലായനി ബാഷ്പീകരിക്കാന്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചെറു ഉപകരണമാണ് ഇ-സിഗരറ്റെന്ന ഇലക്ട്രോണിക് സിഗരറ്റ്. നിക്കോട്ടിന്‍ അല്ലാത്ത ലായനികളും ഇതുപയോഗിച്ച് വലിക്കാം. ലഹരിക്കായി കഞ്ചാവടങ്ങിയ ലായനികളടക്കം ഇതുപയോഗിച്ച് വലിക്കുന്നതും യുഎസ് അടക്കമുള്ള രാജ്യങ്ങളില്‍ പതിവായി മാറിയിരിക്കുകയാണ്. സാധാരണ പുകവലിക്ക് സമാനമായ അനുഭവം ഇതുപയോഗിച്ചാല്‍ ലഭിക്കുന്നു. സാധാരണ സിഗരറ്റുകളെ പോലെ അടുത്തു നില്‍ക്കുന്നവര്‍ക്ക് അലോസരം സൃഷ്ടിക്കും വിധം പുക ഉണ്ടാവില്ലെന്നതാണ് ഇ-സിഗരറ്റുകളിലേക്ക് ആളുകളെ ആകര്‍ഷിക്കുന്ന ഘടകം.

Latest News