ഈദ് ദിനങ്ങളില്‍ സൗദിയില്‍ നിരവധി മലയാളികള്‍ക്ക് രണ്ട് ലക്ഷം റിയാല്‍ സമ്മാനമടിച്ചു; വസ്തുത ഇതാണ്

ജിദ്ദ- പെരുന്നാളിനോടനുബന്ധിച്ച് സൗദി അറേബ്യയില്‍ മലയാളികളടക്കം നിരവധി പ്രവാസികള്‍ക്ക് പ്രശസ്ത സൂപ്പര്‍ മാര്‍ക്കറ്റായ ഹൈപ്പര്‍ പാണ്ടയില്‍നിന്ന് രണ്ട് ലക്ഷം റിയാല്‍ സമ്മാനമടിച്ചതായി സന്ദേശം ലഭിച്ചു. പാണ്ടയുടെ ലോഗോ ഡി.പി ആക്കിയുള്ള വാട്‌സാപ്പില്‍നിന്ന്  ലഭിച്ച സന്ദേശം വിശ്വസിച്ച് എത്രപേര്‍ തങ്ങളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും എ.ടി.എം കാര്‍ഡിന്റെ ഫോട്ടോയും അയച്ചു കൊടുത്തുവെന്ന് നിശ്ചയമില്ല. എന്നാല്‍ നിരവധി വായനക്കാര്‍ ഈ തട്ടിപ്പ് മലയാളം ന്യൂസിന്റെ ശ്രദ്ധയില്‍ പെടുത്തി. ആസൂത്രിതമായി നടത്തുന്ന ഇത്തരം തട്ടിപ്പിനെ കുറിച്ച് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നുവെങ്കിലും കെണിയില്‍ വീണ് പണം നഷ്ടപ്പെടുന്നവര്‍ ഇപ്പോഴും നിരവധിയാണ്.

രണ്ട് ലക്ഷം റിയാല്‍ സമ്മാനം അടിച്ചുവെന്നും ഇതോടൊപ്പമുള്ള നമ്പറുകളില്‍ ബന്ധപ്പെടണമെന്നാശ്യപ്പെട്ടുമാണ് അറബിയിലും ഇംഗ്ലീഷിലുമുള്ള വാട്‌സാപ്പ് സന്ദേശം ലഭിച്ചിരുന്നത്. നമ്പറില്‍ ബന്ധപ്പെട്ടാല്‍ ടെലിഫോണ്‍ നമ്പര്‍ പരിശോധിച്ച ശേഷം തുടര്‍ന്ന് ചെയ്യേണ്ട നടപടികള്‍ വിശദീകരിക്കുന്നു. ഇതിനായി അറബിയും ഇംഗ്ലീഷും ഉര്‍ദുവും സംസാരിക്കുന്നവര്‍ തയാറായി ഇരിക്കുന്നുവെന്നത് തട്ടിപ്പിനു പിന്നില്‍ ഒരു സംഘം തന്നെയുണ്ടെന്ന് വ്യക്തമാക്കുന്നു.

രണ്ടു ലക്ഷം റിയാല്‍ വിജയിയുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ചെയ്യേണ്ടത് എ.ടി.എം കാര്‍ഡിന്റെ ചിത്രം അയക്കുകയാണ്. ഇതിനായി എങ്ങനെയാണ് അയക്കേണ്ടതെന്ന് വ്യക്തമാകാന്‍ ഒരു മോഡല്‍ എ.ടി.എം കാര്‍ഡിന്റെ ഫോട്ടോ വാട്‌സാപ്പിലേക്ക് അയക്കുന്നു.

എ.ടി.എം കാര്‍ഡിലെ നമ്പര്‍ ഉണ്ടായാല്‍ പണം അയക്കാനാവില്ലല്ലോ എന്നു സംശയം പ്രകടിപ്പിച്ചവരോട് എ.ടി.എം മതിയെന്നും അതില്‍നിന്ന് ബാങ്ക് അക്കൗണ്ട് നമ്പര്‍ കണ്ടെത്താമെന്നുമായിരുന്നു മറുപടി. രണ്ട് മിനിറ്റിനകം കാര്‍ഡിന്റെ ഫോട്ടോ അയക്കാത്ത വിജയികളെ വീണ്ടും ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ അന്വേഷിച്ചു. സംശയം പ്രകടിപ്പിക്കുന്നവര്‍ക്ക് നേരത്തെ പാണ്ട അധികൃതര്‍ റാഫിളുകളില്‍ കാറുകളും മറ്റും സമ്മാനമടിച്ചവര്‍ക്ക് കൈമാറുന്ന ഫോട്ടോകളും മറ്റും അയച്ചു.

എം.ടി.എം കാര്‍ഡ് നമ്പര്‍ ലഭിച്ചാല്‍ ഓണ്‍ലൈന്‍ മണി ട്രാന്‍സ്ഫറിനോ ഓണ്‍ലൈന്‍ പര്‍ച്ചേസിനോ വേണ്ടി ശ്രമിക്കുന്ന തട്ടിപ്പ് സംഘം കെണിയിലകപ്പെടുന്നവരുടെ ഫോണിലേക്ക് എസ്.എം.എസ് ആയി വരുന്ന ഒ.ടി.പിയാണ് അടുത്തതായി ആവശ്യപ്പെടുക. ഒ.ടി.പി നല്‍കാന്‍ കൂടി തയാറായാല്‍ ബാങ്ക് അക്കൗണ്ടില്‍ പണമുണ്ടെങ്കില്‍ അത് നഷ്ടപ്പെട്ടിട്ടുണ്ടാകും.

ഇത്തരത്തില്‍ ആസൂത്രിതമായി പ്രവര്‍ത്തിക്കുന്ന വിദേശി തട്ടിപ്പു സംഘങ്ങളെ പിടികൂടിയ പോലീസും ബാങ്കുകളും കേന്ദ്ര ബാങ്കായ സാമയും ജാഗ്രത പുലര്‍ത്താന്‍ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.  
 

 

Latest News