Sorry, you need to enable JavaScript to visit this website.

മുപ്പത്തിമൂന്ന് വർഷം മുൻപുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് തപ്പിയെടുത്ത് ഫോറൻസിക് വിഭാഗം

തൃശൂർ - 33 വർഷം മുൻപുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് തപ്പിയെടുത്ത് നൽകി തൃശൂർ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗം ഉദ്യോഗാർത്ഥിക്ക് തുണയായി.33 വർഷം മുൻപ് മരണമടഞ്ഞ അച്ഛന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് തേടിയെത്തിയ മകനാണ് കിട്ടില്ലെന്ന് കരുതിയ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചത്. അത്താണി നടുവിൽപുരയ്ക്കൽ ധർമജന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടാണ് മകൻ മനോജിന് കഴിഞ്ഞ ദിവസം ലഭിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിന് അപേക്ഷ നൽകി ഒരു മണിക്കൂറിനകം ഇത് തപ്പിയെടുത്ത് നൽകിയാണ് ഫോറൻസിക് വിഭാഗം പുതിയ മാതൃകയായത്.
ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിൽ ജീവനക്കാരനായിരിക്കെ അത്താണിയിൽ വെച്ചാണ് ധർമജൻ ട്രെയിൻ തട്ടി പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുമ്പോൾ മരണമടഞ്ഞത്. അന്ന് മെഡിക്കൽ കോളജ് ആശുപത്രി പ്രവർത്തിച്ചിരുന്നത് തൃശൂർ നഗരത്തിലായിരുന്നു. ധർമജന്റെ ഭാര്യ പിന്നീട് ആശ്രിത നിയമനം വഴി ജോലിയിൽ പ്രവേശിച്ചിരുന്നു. അന്ന് അവർക്ക് നിയമനം ലഭിക്കുന്നതിന് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയിരുന്നു. സർവീസിലിരിക്കെ ഇവരും മരണപ്പെട്ടു. തുടർന്ന് ഈ ജോലിയുടെ ആശ്രിത നിയമനത്തിനായി ഇവരുടെ മകൻ മനോജ് അപേക്ഷ നൽകിയപ്പോഴാണ് അച്ഛന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വേണമെന്ന് ക്ഷേമനിധി ബോർഡ് പറഞ്ഞത്. 33 വർഷം മുൻപുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് തേടി മനോജ് മാസങ്ങളായി പോലീസ് സ്‌റ്റേഷനുകളടക്കം പലയിടത്തും കയറിയിറങ്ങിയെങ്കിലും ഫലമുണ്ടായില്ല. അഞ്ചു വർഷത്തിലധികം പഴക്കമുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ മെഡിക്കൽ കോളജിൽ സൂക്ഷിച്ചുവെക്കില്ലെന്ന ധാരണയാൽ മെഡിക്കൽ കോളജിൽ അന്വേഷിച്ചില്ല. മറ്റിടങ്ങളിൽ അന്വേഷിച്ച് യാതൊരു ഫലവും ഇല്ലാതെ വന്നപ്പോഴാണ് അവസാനപ്രതീക്ഷയെന്ന നിലയ്ക്ക് മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗത്തിൽ അപേക്ഷ നൽകിയത്. അപേക്ഷ ലഭിച്ച വകുപ്പ് മേലധികാരി പഴയ ഫയൽ വരുത്തി ഒരു മണിക്കൂറിനകം റിപ്പോർട്ട് മനോജിന് കൈമാറുകയായിരുന്നു. അവസാനമായി ഒരു വാതിൽ കൂടി മുട്ടിനോക്കാമെന്ന് കരുതിയാണ് മനോജ് മെഡിക്കൽ കോളജിലെത്തിയത്. ഒരു മണിക്കൂറുകൊണ്ട് പോസ്റ്റുമോർട്ടം റിപ്പോർട്ട് കയ്യിൽ കിട്ടിയപ്പോൾ അമ്പരന്നുപോയെന്ന് മനോജ് പറഞ്ഞു. ഒരിക്കലും കിട്ടില്ലെന്ന് കരുതിയ രേഖയാണ് ഇവിടെയെത്തിയപ്പോൾ കയ്യിൽ കിട്ടിയത്. ഒരു മടുപ്പും കൂടാതെ അലസത കാണിക്കാതെ വളരെ പെട്ടന്ന് വർഷങ്ങൾ പഴക്കമുള്ള ഈ സർട്ടിഫിക്കറ്റ് തപ്പിയെടുത്തു തന്ന എല്ലാവർക്കും നന്ദിയുണ്ട് - മനോജ് സർട്ടിഫിക്കറ്റ് വാങ്ങിക്കൊണ്ട് പറഞ്ഞു.
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഫോറൻസിക് വിഭാഗത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ടുകളും സർട്ടിഫിക്കറ്റുകളും കിട്ടുന്നില്ലെന്ന പരാതി വ്യാപകമായിരുന്നു. ഇവ കിട്ടാത്തതു മൂലം ഇൻഷുറൻസ് ആനുകൂല്യങ്ങളും മറ്റും ഇതുമൂലം ലഭിക്കുന്നില്ലെന്ന പരാതിയും ഉയർന്നിരുന്നു. പരാതികൾ വ്യാപകമായതോടെ പോസ്റ്റുമോർട്ടം റിപ്പോർട്ടുകൾ വൈകിക്കരുതെന്ന കർശന നിർദ്ദേശം അധികൃതർ ബന്ധപ്പെട്ട ജീവനക്കാർക്ക് നൽകിയിരുന്നു. ഇതെത്തുടർന്ന് പരമാവധി വേഗത്തിൽ ഇത്തരം റിപ്പോർ്ട്ടുകൾ നൽകാൻ ഇപ്പോൾ ശ്രമിക്കുന്നുണ്ട്. അതിനിടെയാണ് മൂന്നു പതിറ്റാണ്ടിലേറെ പഴക്കമുള്ള പോസ്റ്റുമോർട്ടം റിപ്പോർട്ട് തപ്പിയെടുത്ത് അപേക്ഷകന് നൽകി തൃശൂർ മെഡിക്കൽ കോേളജ് ഫോറൻസിക് വിഭാഗം പ്രവർത്തന മികവ് കാഴ്ചവെച്ചിരിക്കുന്നത്.

Latest News