Sorry, you need to enable JavaScript to visit this website.

ബെസ്റ്റ് കോണ്‍സ്റ്റബ്ള്‍ അവാര്‍ഡ് നേടിയ പോലീസുകാരന്‍ 17,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയില്‍

ഹൈദരാബാദ്- സ്വാതന്ത്ര്യ ദിനത്തില്‍ മികച്ച സേവനത്തിന് തെലങ്കാന സര്‍ക്കാരിന്റെ പുരസ്‌ക്കാരം സ്വീകരിച്ച പോലീസ് കോണ്‍സ്റ്റബിളിനെ തൊട്ടടുത്ത ദിവസം 17,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കയ്യോടെ പിടികൂടി. മന്ത്രി ശ്രീനിവാസ് ഗൗഡയില്‍ നിന്നും ബെസ്റ്റ് കോണ്‍സ്റ്റബ്ള്‍ അവാര്‍ഡ് സ്വീകരിച്ച പല്ലെ തിരുപ്പതി റെഡ്ഢി എന്ന പോലീസുകാരനാണ് അഭിമാന നേട്ടത്തില്‍ നിന്നും ഒറ്റ ദിവസം കൊണ്ട് നാണക്കേടിലേക്ക് കൂപ്പു കുത്തിയത്. 

മെഹ്ബൂബ്‌നഗര്‍ ജില്ലയിലെ ഐ-ടൗണ്‍ പോലീസ് സ്റ്റേഷനില്‍ കോണ്‍സ്റ്റബിളായ തിരുപ്പതി റെഡ്ഢി ഒരു വര്‍ഷത്തോളമായി 17,000 രൂപ കൈക്കൂലിക്കായി എം രമേശ് എന്നയാളെ ഭീഷണിപ്പെടുത്തി വരികയായിരുന്നു. പണം നല്‍കിയില്ലെങ്കില്‍ തന്റെ ട്രാക്ടര്‍ പിടിച്ചെടുക്കുമെന്ന് വിരട്ടിയതിനെ തുടര്‍ന്ന് രമേശ് ആന്റി കറപ്ഷന്‍ ബ്യൂറോയെ സമീപിക്കുകയായിരുന്നു. കള്ളക്കേസില്‍ കുടുക്കുമെന്ന് റെഡ്ഢി ഭീഷണിപ്പെടുത്തിയിരുന്നതായും പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. 

അഴിമതി വിരുദ്ധ ഉദ്യോഗസ്ഥര്‍ നല്‍കിയ 17,000 രൂപ രമേശ് വെള്ളിയാഴ്ച വൈകുന്നേരം തിരുപ്പതി റെഡ്ഡിക്ക് നല്‍കുകയും ഇത് കയ്യോടെ പിടികൂടുകയുമായിരുന്നു. അറസ്റ്റ് ചെയ്ത കോണ്‍സ്റ്റബിളിനെ പ്രത്യേക കോടതിയില്‍ ഹാജരാക്കി.

Latest News