Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യൻ ഹാജിമാരുടെ മടക്കയാത്ര  എളുപ്പമാകും; നടപടികള്‍ താമസ കേന്ദ്രങ്ങളില്‍

മക്ക - വിദേശ ഹജ് തീർഥാടകരുടെ മടക്കയാത്രാ നടപടികൾ എളുപ്പമാക്കാൻ 'ഇയാബ്' എന്ന് പേരിട്ട പുതിയ പദ്ധതി ആരംഭിച്ചതായി ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനത്താവളത്തിൽ എത്തുന്നതിനു മുമ്പായി താമസ സ്ഥലങ്ങളിൽ തന്നെ ഹാജിമാരുടെ മടക്കയാത്രാ നടപടികൾ പൂർത്തിയാക്കുന്ന പദ്ധതിയാണിത്.

ഇന്തോനേഷ്യ, ഇന്ത്യ, മലേഷ്യ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകർക്കാണ് ഈ വർഷം പദ്ധതിയുടെ ഗുണം ലഭിക്കുകയെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പ്രസിഡന്റ് അബ്ദുൽ ഹാദി അൽമൻസൂരി പറഞ്ഞു. രാജ്യത്തെ വിമാനത്താവളങ്ങളിൽ ഹജ് തീർഥാടകർക്ക് നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനുമാണ് പുതിയ പദ്ധതിയിലൂടെ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ശ്രമിക്കുന്നത്. ഇതിലൂടെ ജിദ്ദ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലും മദീന പ്രിൻസ് മുഹമ്മദ് ഇന്റർനാഷണൽ എയർപോർട്ടിലും തീർഥാടകർക്ക് കാത്തുനിൽക്കേണ്ട സമയം കുറയും.
പരീക്ഷണാർഥം ഈ വർഷം ആദ്യമായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യ ഘട്ടത്തിൽ ജിദ്ദ എയർപോർട്ടും മദീന വിമാനത്താവളവും വഴി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന 30,000 ഹാജിമാർക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ജിദ്ദ വിമാനത്താവളത്തിൽ 16,500 ഹാജിമാർക്കും മദീന എയർപോർട്ടിൽ 13,500 തീർഥാടകർക്കും പദ്ധതിയുടെ ഗുണം ലഭിക്കും. വരും വർഷങ്ങളിൽ മുഴുവൻ ഹജ്, ഉംറ തീർഥാടകർക്കും യാത്രക്കാർക്കും പദ്ധതി വ്യാപകമാക്കുമെന്നും അബ്ദുൽ ഹാദി അൽമൻസൂരി പറഞ്ഞു.


വിമാനത്താവളങ്ങളിൽ എത്തുന്നതിനു മുമ്പായി താമസ സ്ഥലങ്ങളിൽ തീർഥാടകരുടെ ലഗേജുകൾ സ്വീകരിക്കുകയും മടക്കയാത്രയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പൂർത്തിയാക്കുകയുമാണ് 'ഇയാബ്' പദ്ധതി ചെയ്യുന്നത്. ആഭ്യന്തര മന്ത്രാലയം, ഹജ്-ഉംറ മന്ത്രാലയം, ദേശീയ സുരക്ഷാ സേന, ജവാസാത്ത് ഡയറക്ടറേറ്റ്, നാഷണൽ ഇൻഫർമേഷൻ സെന്റർ, സൗദി കസ്റ്റംസ് അടക്കമുള്ള വകുപ്പുകളുമായി സഹകരിച്ചാണ് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ 'ഇയാബ്' പദ്ധതി നടപ്പാക്കുന്നത്. 
ഹജ് തീർഥാടകർക്ക് സൗദിയിലേക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട മുഴുവൻ നടപടിക്രമങ്ങളും സ്വദേശങ്ങളിലെ എയർപോർട്ടുകളിൽ പൂർത്തിയാക്കുന്ന 'മക്ക റൂട്ട്' പദ്ധതി സമീപ കാലത്ത് ആരംഭിച്ചിട്ടുണ്ട്. ഇതിന് സമാനമാണ് 'ഇയാബ്' പദ്ധതി. ഈ വർഷം പാക്കിസ്ഥാൻ, തുനീഷ്യ, ബംഗ്ലാദേശ് എന്നീ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെ കൂടി 'മക്ക റൂട്ട്' പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടു വർഷത്തിനിടെ മലേഷ്യ, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലെ തീർഥാടകർക്കാണ് പദ്ധതി പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി നടപ്പാക്കിയത്. ഇത് വലിയ വിജയമാണെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഈ വർഷം മൂന്നു രാജ്യങ്ങളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഈ വർഷം ആകെ 2,25,000 ലേറെ തീർഥാടകർക്ക് 'മക്ക റൂട്ട്' പദ്ധതിയുടെ പ്രയോജനം ലഭിച്ചു. 

Latest News