Sorry, you need to enable JavaScript to visit this website.

പെരുന്നാള്‍ ദിനത്തില്‍ പോലും കശ്മീരികളെ അടിച്ചമര്‍ത്തി; പ്രതിഷേധവുമായി ഒ.ഐ.സി

ജിദ്ദ - കശ്മീരിൽ സുരക്ഷാസൈന്യം നടത്തുന്ന അടിച്ചമർത്തൽ നടപടികളെയും വാർത്താവിനിമയ സംവിധാനങ്ങൾ തടയുന്നതിനെയും ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ (ഒ.ഐ.സി) രൂക്ഷമായ ഭാഷയിൽ അപലപിച്ചു. സുരക്ഷാ അടിച്ചമർത്തലും കർഫ്യൂവും തുടരുന്നതിനെയും വാർത്താവിനിമയ സംവിധാനങ്ങൾ തടയുന്നതിനെയും അപലപിക്കുന്നതിൽ അന്താരാഷ്ട്ര സമൂഹത്തിനൊപ്പം ചേരുന്നതായി ഒ.ഐ.സിക്കു കീഴിലെ സ്വതന്ത്ര, സ്ഥിരം മനുഷ്യാവകാശ കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.

ബലി പെരുന്നാൾ കാലത്തു പോലും കശ്മീരിൽ അടിച്ചമർത്തൽ നടപടികൾ തുടർന്നു. 
പ്രതിഷേധ പ്രകടനം ഭയന്ന് ശ്രീനഗറിലെ ചരിത്രപ്രധാനമായ ജുമാ മസ്ജിദിലും മറ്റു പള്ളികളിലും സംഘടിതമായി പെരുന്നാൾ നമസ്‌കാരം നിർവഹിക്കുന്നതിൽനിന്നു പോലും കശ്മീരികളെ തടഞ്ഞതായി പ്രാദേശിക, അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഏകപക്ഷീയവും അന്യായവുമായ ഇത്തരം ഭരണകൂട നടപടികൾ മതകർമങ്ങൾ നിർവഹിക്കുന്നതിൽനിന്ന് കശ്മീരികളെ തടഞ്ഞു. മത സ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന്റെ നഗ്നമായ ലംഘനമാണിത്. മതം പഠിപ്പിക്കുന്നതിനും ആചരിക്കുന്നതിനും ആരാധിക്കുന്നതിനും അനുഷ്ഠിക്കുന്നതിനുമുള്ള അവകാശം ലോക മനുഷ്യാവകാശ, അന്താരാഷ്ട്ര സിവിൽ, രാഷ്ട്രീയ അവകാശ പ്രഖ്യാപനത്തിന്റെയും ഉടമ്പടിയുടെയും ലംഘനമാണ്. 
ദീർഘകാലമായി തുടരുന്ന കർഫ്യൂവും സാമ്പത്തിക, സാമൂഹിക സ്ഥാപനങ്ങളുടെ അടച്ചുപൂട്ടലും കശ്മീരിൽ മാനുഷിക സ്ഥിതിഗതികൾ വഷളാക്കിയത് കൂടുതൽ ഭയാനകമാണ്. രോഗികൾക്ക് ആശുപത്രികളിലെത്തുന്നതിനും സാധാരണക്കാർക്ക് ഭക്ഷ്യവസ്തുക്കളും ഇന്ധനവും ലഭിക്കുന്നതിനും കടുത്ത പ്രയാസമാണ് നേരിടുന്നത്. ഇതും മറ്റു സമാന നിയന്ത്രണങ്ങളും കശ്മീരി ജനതക്കെതിരായ കൂട്ടശിക്ഷയും അന്താരാഷ്ട്ര മനുഷ്യാവകാശങ്ങളുടെയും മാനവിക നിയമങ്ങളുടെയും ഗുരുതരമായ ലംഘനമാണ്. അതുകൊണ്ടു തന്നെ ഇത് ദൗർഭാഗ്യകരവും നിന്ദ്യവുമാണ്. 
കശ്മീരിലെ നിലവിലെ സ്ഥിതിഗതികളിൽ യു.എൻ സെക്രട്ടറി ജനറൽ പുറപ്പെടുവിച്ച പ്രസ്താവനയെ ഒ.ഐ.സി സ്വാഗതം ചെയ്തു. കശ്മീരിലെ നഗരങ്ങളിൽ നിന്നും ഗ്രാമങ്ങളിൽ നിന്നും സുരക്ഷാ സേനയെ പിൻവലിക്കുന്നതിനും ഇന്ത്യൻ ഗവൺമെന്റിനോട് അടിയന്തരമായി ആവശ്യപ്പെടണമെന്ന് യു.എൻ സെക്രട്ടറി ജനറലിനോടും യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷണറോടും ആവശ്യപ്പെട്ടു. ജമ്മുകശ്മീരിൽ മനുഷ്യാവകാശ സാഹചര്യങ്ങൾ സ്വതന്ത്രമായി വിലയിരുത്തി റിപ്പോർട്ട് ചെയ്യുന്നതിന് യു.എൻ മേൽനോട്ടത്തിൽ വസ്തുതാന്വേഷണ മിഷൻ സ്ഥാപിക്കണമെന്ന യു.എൻ മനുഷ്യാവകാശ ഹൈക്കമ്മീഷനറുടെ ആവശ്യത്തിനുള്ള പൂർണ പിന്തുണ ഒ.ഐ.സി ആവർത്തിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു.  

Latest News