ബഖാല ജീവനക്കാരനെ ആക്രമിച്ചവർ അറസ്റ്റിൽ

റിയാദ് പ്രവിശ്യയിൽ പെട്ട അൽഖർജിൽ ബഖാല ജീവനക്കാരനെ രണ്ടംഗ സംഘത്തിൽ ഒരാൾ ആക്രമിക്കുന്നു.

റിയാദ്- റിയാദ് പ്രവിശ്യയിൽപെട്ട അൽഖർജിൽ ബഖാല ജീവനക്കാരനെ ആക്രമിച്ച രണ്ടംഗ സംഘത്തെ അറസ്റ്റ് ചെയ്തതായി റിയാദ് പോലീസ് അറിയിച്ചു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഇരുപത് വയസ് വീതം പ്രായമുള്ള സൗദി യുവാക്കളാണ് അറസ്റ്റിലായത്. ബഖാല കൊള്ളയടിക്കുന്നതിന് ശ്രമിച്ചാണ് സംഘം തൊഴിലാളിയെ ആക്രമിച്ചതെന്ന് സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ ക്ലിപ്പിംഗ് പ്രചരിപ്പിക്കുന്നവർ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്. ഇത് ശരിയല്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി. തർക്കത്തെ തുടർന്നാണ് പ്രതികൾ വിദേശ തൊഴിലാളിയെ ആക്രമിച്ചതെന്ന് വ്യക്തമായി. ആക്രമണത്തിൽ തൊഴിലാളിക്ക് നിസാര പരിക്കേറ്റു. ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചുവരികയാണെന്നും റിയാദ് പോലീസ് അറിയിച്ചു. രണ്ടംഗ സംഘം ബഖാല തൊഴിലാളിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പിംഗ് സാമൂഹികമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നുണ്ട്. 
 

Latest News