Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വ്യാജ ഇഖാമ കൈവശം വെച്ചതിന് പിടിയിലായ പ്രവാസി നാടണഞ്ഞു 

ദമാം- വ്യാജ ഇഖാമ കൈവശം വെച്ചതിന് പിടിക്കപ്പെട്ട തെലങ്കാന സങ്കുള സ്വദേശി നർസയ്യ യേലയ്യ രണ്ടു കൊല്ലത്തെ നിയമ പോരാട്ടത്തിനു ശേഷം നാടണഞ്ഞു. ഏഴു വർഷം മുൻപാണ് ഇദ്ദേഹം സ്വദേശിയുടെ കീഴിലുള്ള ചെറിയ നിർമാണ കമ്പനിയിൽ മേശൻ ജോലിക്കായി റിയാദ് പ്രവിശ്യയിൽ എത്തിയത്. ദരിദ്രരായ തന്റെ കുടുംബത്തിന്റെ ഏക ആശ്രയമായ ഇദ്ദേഹം ഏറെ പ്രതീക്ഷയോടെയായിരുന്നു വരവ്. കമ്പനിയിൽ വന്ന ഉടനെ കൃത്യമായ ജോലിയും തരക്കേടില്ലാത്ത ശമ്പളവും ഉള്ളതിനാൽ മൂന്ന് വർഷത്തോളം കമ്പനിയിൽ തന്നെ തുടർന്നു. തന്നെ പ്രതീക്ഷിച്ചിരിക്കുന്ന നാട്ടിലെ കുടുംബവും ഇവിടെയും മെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു പോകുന്നതിനിടയിലാണ് അവധിക്കു നാട്ടിലേക്ക് പോകാൻ തീരുമാനിച്ചത്. രണ്ട് മാസത്തെ അവധിക്കാലം കഴിഞ്ഞ ഉടനെ തിരിച്ചെത്തിയെങ്കിലും കമ്പനിയിൽ നേരത്തെ ഉണ്ടായിരുന്നത് പോലെയുള്ള ജോലികൾ ലഭിക്കാത്തതിനെ തുടർന്ന് സ്‌പോൺസർ വിസ മാറുന്നതിനുള്ള അനുമതി നൽകി. തുടർന്ന് റിയാദിലെ മറ്റൊരു കമ്പനിയിലേക്ക് മാറി. നേരത്തെയുള്ള പോലെ മെച്ചപ്പെട്ട ജോലിയും ശമ്പളവുമുള്ളതിനാൽ പുതിയ കമ്പനിയിൽ തുടരാൻ തീരുമാനിച്ചുവെങ്കിലും സ്‌പോൻസർഷിപ് മാറ്റം നിയമപരമായ തടസ്സങ്ങളാൽ നീണ്ടു. ഇഖാമ എടുക്കലും വൈകി. മാസങ്ങൾക്ക് ശേഷം കമ്പനി നടത്തിപ്പുകാരൻ ഈജിപ്ഷ്യൻ പുതിയ ഇഖാമ നൽകി. ഏതാനും മാസങ്ങൾക്ക് ശേഷം നർസയ്യ പുറത്തു പോയി വരുന്ന സമയം പോലീസ് പരിശോധനയിൽ പിടിക്കപ്പെട്ടു. ഇഖാമ പരിശോധിച്ചപ്പോൽ വ്യാജമാണെന്ന് തിരിച്ചറിഞ്ഞു. ഇഖാമ ഇഷ്യൂ ചെയ്തിരിക്കുന്നത് ദമാമിൽ നിന്നാണെന്നു മനസ്സിലായതിനെ തുടർന്ന് പോലീസ് നർസയ്യയെ ദമാം തർഹീലിലേക്ക് അയച്ചു.
ദമാം തർഹീൽ സന്ദർശനം നടത്തിയ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കത്തിന്റെ ശ്രദ്ധയിൽ  നർസയ്യയുടെ കേസ് പെടുകയും സ്വന്തം ജാമ്യത്തിൽ അദ്ദേഹത്തെ പുറത്തിറക്കുകയും ചെയ്തു. ആരോഗ്യപരമായി നിരവധി പ്രശ്‌നങ്ങൾ നേരിട്ടിരുന്ന ഇദ്ദേഹത്തെ ദമാം ബദർ അൽ റാബിയിൽ എത്തിച്ചു ചികിത്സയും നൽകി. കേസുമായി ബന്ധപ്പെട്ടു ദാമാമിലെ പ്രധാന പോലീസ് സ്‌റ്റേഷനിൽ എത്തി ഇദ്ദേഹത്തിന്റെ കേസ് അവസാനിപ്പിക്കുന്നതിന് ശ്രമങ്ങൽ ആരംഭിച്ചു. പഴയ കമ്പനിയിൽ നിന്നും പുതിയതിലേക്ക് മാറുകയും ഈജിപ്ഷ്യൻ സ്വദേശി നൽകിയ ഇഖാമ കൈവശം വെക്കുകയും ചെയ്തുവെന്നത് ശരിയാണെങ്കിലും നർസയ്യക്ക് ഇതുമായി ഒരു ബന്ധവുമില്ലന്നും  അദ്ദേഹത്തിന്റെ നിസ്സഹായാവസ്ഥ അധികാരികളെ ബോധ്യപ്പെടുത്താനും നാസ് വക്കത്തിന് സാധിച്ചു. പോലീസ് സ്‌റ്റേഷനും ജവാസാത്തും നിരവധി തവണ കയിറയിറങ്ങിയ നാസ് ഒടുവിൽ രണ്ടു കൊല്ലത്തിനു ശേഷം അധികാരികളിൽ നിന്നും കേസ് പൂർണമായും ഒഴിവാക്കികൊണ്ടുള്ള ഫയൽ ദമാം തർഹീൽ മേധാവിയുടെ അരികിലെത്തിച്ചു. ഇതോടെ നിരപരാധിത്വം ബോധ്യപ്പെട്ട ദമാം തർഹീൽ അധികൃതർ എക്‌സിറ്റ് അടിച്ചു നൽകി. നിരവധി തവണ സൗജന്യ ചികിത്സ നൽകിയ ദമാം ബദർ അൽ റാബി മാനേജ്‌മെന്റ് തന്നെ ടിക്കറ്റും നൽകിയതോടെ നാട്ടിലേക്കു പോകാനുള്ള എല്ലാ വഴികളും തുറക്കുകയായിരുന്നു. സഹായിച്ച എല്ലാവർക്കും നന്ദിപറഞ്ഞു. നർസയ്യ നാട്ടിലേക്കു മടങ്ങി. 


 

Latest News