യു.എന്നിന്റെ കശ്മീര്‍ നീക്കം അപലപിച്ച് ഇന്ത്യ


ആഭ്യന്തര പ്രശ്‌നമെന്ന ഇന്ത്യയുടെ വാദം നിലനില്‍ക്കില്ലെന്ന് പാക്കിസ്ഥാന്‍
യു.എന്‍ പ്രമേയങ്ങള്‍ അനുസരിച്ചു  തീര്‍ക്കേണ്ട തര്‍ക്കമെന്ന് ചൈന


യുനൈറ്റഡ് നാഷന്‍സ്- കശ്മീര്‍ പ്രശ്‌നത്തില്‍ അന്താരാഷ്ട്ര ഇടപെടലിനെ ഇന്ത്യ ശക്തമായി അപലപിച്ചു. 50 വര്‍ഷത്തിനിടെ ആദ്യമായി കശ്മീര്‍ വിഷയം യു.എന്‍ രക്ഷാസമിതി ചര്‍ച്ചക്കെടുത്തതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ വിമര്‍ശം. ഞങ്ങള്‍ എങ്ങനെ ജീവിതം നയിക്കണമെന്ന് നിര്‍ദേശിക്കാന്‍ അന്താരാഷ്ട സംഘടനകള്‍ ശ്രമിക്കേണ്ടതില്ലെന്ന് യു.എന്നിലെ ഇന്ത്യന്‍ അംബാസഡര്‍ സയ്യിദ് അ്കബറുദ്ദീന്‍ പറഞ്ഞു.
ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിനു പിന്നാലെ പാക്കിസ്ഥാനും ചൈനയും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് യു.എന്‍ രക്ഷാസമിതി ഇന്നലെ രഹസ്യ യോഗം ചേര്‍ന്നത്.
യോഗം ആദ്യ ചുവടാണെന്നും ജമ്മു കശ്മീര്‍ ജനതക്ക് നീതി ലഭ്യമാക്കി മാത്രമേ അവസാനിക്കുകയുള്ളൂവെന്നും യു.എന്നിലെ പാക്കിസ്ഥാന്‍ അംബാസഡര്‍ മലീഹ ലോധി പറഞ്ഞു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന വാദം യു.എന്‍ രക്ഷാസമിതി യോഗത്തോടെ ഇല്ലാതായെന്നും അവര്‍ അവകാശപ്പെട്ടു. രക്ഷാസമിതി യോഗം ഇന്നലെ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല. മനുഷ്യാവകാശ ലംഘനങ്ങളടക്കം കശ്മീരില്‍ നിലവിലുള്ള സ്ഥിതിയില്‍ അംഗരാജ്യങ്ങള്‍ അതീവ ആശങ്ക പ്രകടിപ്പിച്ചുവെന്ന് യു.എന്നിലെ ചൈനീസ് അംബാസഡര്‍ ഷാങ് ജുന്‍ പറഞ്ഞു. സംഘര്‍ഷം വ്യാപിപ്പിക്കുന്ന ഏകപക്ഷീയ നടപടികളില്‍നിന്ന് ഇരുഭാഗവും വിട്ടുനില്‍ക്കണമെന്നാണ് അംഗങ്ങളുടെ പൊതുവായ അഭിപ്രായം. സംഘര്‍ഷം അപായകരമായ നിലയിലാണെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിന്റെ പദവി ഇനിയും തീരുമാനിക്കപ്പെട്ടിട്ടില്ലെന്നും അത് യു.എന്‍ ചാര്‍ട്ടറും യു.എന്‍ രക്ഷാസമിതി പ്രമേയങ്ങളും ഉഭയകക്ഷി തീരുമാനങ്ങളും അനുസരിച്ച് പരിഹാരം കാണേണ്ട തര്‍ക്കമാണെന്നാണ് അംഗ രാജ്യങ്ങളുടെ പൊതുനിലപാടെന്നും ചൈനീസ് അംബാസഡര്‍ അവകാശപ്പെട്ടു.

 

Latest News