ഭോപാൽ- പ്രണയ നൈരാശ്യത്തെ തുടർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും അമ്മയെയും കുത്തി കൊലപ്പെടുത്തി യുവാവ് നദിയിൽ ചാടി ആത്മഹത്യ ചെയ്‌തു. മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയിലാണ് സംഭവം. പെൺകുട്ടിയുമായുള്ള പ്രണയം സഫലമാകാത്തതിൽ മനം നൊന്താണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെയും പെൺകുട്ടിയുടെ മാതാവായ 42 കാരിയെയും 25 കാരനായ ബുണ്ടി രാജയെന്ന യുവാവ് മൂർച്ചയുള്ള ആയുധം കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. യുവതിയുടെയും പെൺകുട്ടിയുടെയും സഹോദരനും പിതാവും തൊട്ടടുത്ത ഗ്രാമത്തിൽ പോയ അവസരത്തിലാണ് കൊലപാതകം അരങ്ങേറിയത്.
അയൽവാസികളുടെ റിപ്പോർട്ടിനെ തുടർന്നാണ് പോലീസ് സംഭവ സ്ഥലത്തെത്തിയത്. ഇതിനിടെ ആയുധം ഉപേക്ഷിച്ച് യുവാവ് സ്ഥലത്ത് നിന്നും രക്ഷപ്പെട്ടിരുന്നു .പരിക്കേറ്റ ഇരുവരെയും പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരും മരണപ്പെട്ടതായി ഡോക്‌ടർമാർ സ്ഥിരീകരിച്ചു. നേരത്തെ തന്നെ ഇരു കുടുംബവും തമ്മിൽ പ്രണയത്തെ തുടർന്ന് പ്രശ്‌നം ഉടലെടുത്തിരുന്നതായി പോലീസ് സ്ഥിരീകരിച്ചു. യുവാവിന്റെ മൃതദേഹം പിന്നീട് തടാകത്തിൽ നിന്നും കണ്ടെടുത്തു. എന്നാൽ, മൂന്ന് മാസം മുമ്പ് തന്റെ മകളെ പീഡിപ്പിക്കുന്നതായി കാണിച്ച് തങ്ങൾ പൊലീസിന് നേരത്തെ പരാതി നൽകിയിരുന്നതായും ചോദ്യത്തെ ചെയ്യലിന് ശേഷം പോലീസ് യുവാവിനെ വിട്ടയച്ചിരുന്നതായും കൊല്ലപ്പെട്ട പെൺകുട്ടിയുടെ പിതാവ് സോണി പറഞ്ഞു.






