Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ഓണ്‍ലൈന്‍ സ്‌റ്റോറുകള്‍ നിരീക്ഷണത്തില്‍; വ്യാജ ഉല്‍പന്നങ്ങള്‍ മടക്കി നല്‍കാം

റിയാദ് - വ്യാജ ഉൽപന്നങ്ങൾ മടക്കിനൽകി പണം തിരികെ വാങ്ങാൻ ഉപയോക്താക്കൾക്ക് അവകാശമുള്ളതായി വാണിജ്യ, നിക്ഷേപ മന്ത്രാലയം വ്യക്തമാക്കി. നിർമാണത്തിൽ തകരാറുള്ള ഉൽപന്നങ്ങളും ഇതേപോലെ മടക്കിനൽകി പണം തിരികെ വാങ്ങാൻ ഉപയോക്താക്കൾക്ക് അവകാശമുണ്ട്. 


നിർമാണത്തിൽ തകരാറുള്ള ഉൽപന്നങ്ങളും അന്താരാഷ്ട്ര പ്രശസ്തവും രജിസ്റ്റർ ചെയ്തതുമായ ട്രേഡ് മാർക്കിലുള്ള വ്യാജ ഉൽപന്നങ്ങളും വിൽപന നടത്തുന്നത് നിയമ ലംഘനമാണ്. ഇത്തരം കുറ്റങ്ങൾക്ക് മൂന്നു വർഷം വരെ തടവും പത്തു ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ ലഭിക്കും. വ്യാപാര സ്ഥാപനങ്ങളുടെ ഭാഗത്തുള്ള നിയമ ലംഘനങ്ങളെയും തട്ടിപ്പുകളെയും കുറിച്ച് 1900 എന്ന നമ്പറിൽ ബന്ധപ്പെട്ടോ വാണിജ്യ, നിക്ഷേപ മന്ത്രാലയം പുറത്തിറക്കിയ ആപ്പ് വഴിയോ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയോ സാമൂഹിക മാധ്യമങ്ങളിലെ അക്കൗണ്ടുകൾ വഴിയോ ഉപയോക്താക്കൾ പരാതികൾ നൽകണം. 


ഓൺലൈൻ സ്റ്റോറുകളും സാമൂഹിക മാധ്യമ അക്കൗണ്ടുകളും വഴി പരസ്യപ്പെടുത്തുന്ന ഓഫറുകൾ മന്ത്രാലയം നിരീക്ഷിക്കുന്നുണ്ട്. ഓൺലൈൻ സ്റ്റോറുകൾ നിരീക്ഷിക്കുന്നതിനു മാത്രമായി പ്രത്യേക വിഭാഗം മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്. ഓൺലൈൻ വ്യാപാര, ഷോപ്പിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് മന്ത്രാലയം കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുകൾ അനുവദിക്കുന്നുമുണ്ട്. 


വ്യാജ ഉൽപന്നങ്ങൾ വിപണനം നടത്തിയതിന് 90 സാമൂഹിക മാധ്യമ അക്കൗണ്ടുകളും വിദേശ ഓൺലൈൻ സ്റ്റോറിന്റെ വെബ്‌സൈറ്റും ഒന്നര വർഷത്തിനിടെ വാണിജ്യ, നിക്ഷേപ മന്ത്രാലയം അടപ്പിച്ചു. വ്യാജ ഉൽപന്നങ്ങൾ വിപണനം നടത്തിയതിന് അടപ്പിച്ച സാമൂഹിക മാധ്യമ അക്കൗണ്ടുകൾക്ക് പതിനഞ്ചു ലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട്. ഓൺലൈൻ വ്യാപാര നിയമം അടുത്തിടെ മന്ത്രിസഭ പാസാക്കിയിട്ടുണ്ട്. ഇതിന്റെ നിയമാവലി തയാറാക്കിവരികയാണ്. ഓൺലൈൻ വ്യാപാര നിയമം ലംഘിക്കുന്നവർക്ക് പത്തു ലക്ഷം റിയാൽ വരെ പിഴയും പ്രവർത്തന വിലക്കും ഓൺലൈൻ സ്റ്റോർ ബ്ലോക്ക് ചെയ്യലും അടക്കമുള്ള ശിക്ഷകൾ നിയമം വ്യവസ്ഥ ചെയ്യുന്നു. 

Latest News