Sorry, you need to enable JavaScript to visit this website.

ഹജ് വേളയില്‍ കളഞ്ഞുകിട്ടിയ 400 വസ്തുക്കള്‍ തിരികെ നല്‍കി

മക്ക - ഈ വർഷത്തെ ഹജിനിടെ മക്കയിൽനിന്നും മറ്റ് പുണ്യസ്ഥലങ്ങളിൽനിന്നും വീണുകിട്ടിയ പഴ്‌സുകളും ബാഗുകളും പണവും മൊൈബൽ ഫോണുകളും അടക്കം 400 വസ്തുക്കൾ ഉടമകൾക്ക് തിരിച്ചുനൽകി. മക്ക ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ പ്രത്യേക കമ്മിറ്റിയാണ് വസ്തുക്കൾ തിരിച്ചുനൽകിയത്. ഈ വർഷത്തെ ഹജിനിടെ ഇതുവരെ 679 വസ്തുക്കളാണ് കമ്മിറ്റിക്ക് വീണുകിട്ടിയത്. ഇതിൽ 400 എണ്ണം ഉടമകൾക്ക് തിരിച്ചേൽപിച്ചു. അവശേഷിക്കുന്ന വസ്തുക്കളുടെ ഉടമകളെ കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഉടമകളെ കണ്ടെത്തി തിരിച്ചുനൽകൽ എളുപ്പമാക്കുന്നതിന്, വീണുകിട്ടുന്ന വസ്തുക്കൾ തരംതിരിച്ചും വീണുകിട്ടിയ തീയതി രേഖപ്പെടുത്തിയും പ്രത്യേക നമ്പർ നൽകിയുമാണ് കമ്മിറ്റി സൂക്ഷിക്കുന്നത്. വീണുകിട്ടുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ കംപ്യൂട്ടറിൽ രേഖപ്പെടുത്തി സൂക്ഷിക്കുന്നുമുണ്ട്. 
വീണുകിട്ടുന്ന വസ്തുക്കളുമായി ബന്ധപ്പെട്ട വിവരങ്ങൾ ഏകീകൃത ഇ-ട്രാക്ക് വഴി മുഴുവൻ ഹജ്, ഉംറ മന്ത്രാലയ ശാഖകൾക്കും ഉടനടി കൈമാറുന്നുണ്ടെന്ന് പിൽഗ്രിംസ് സർവീസ് വിഭാഗം മേധാവിയും കമ്മിറ്റി സൂപ്പർവൈസർ ജനറലുമായ നാസിർ അൽഖുറശി പറഞ്ഞു. ഈ ലക്ഷ്യത്തോടെ ഇന്റർനെറ്റും പ്രയോജനപ്പെടുത്തുന്നുണ്ട്. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിലെ ഹജ്, ഉംറ മന്ത്രാലയ ശാഖകളെ നേരിട്ട് സമീപിച്ചും ജിദ്ദ തുറമുഖം, ജിദ്ദ എയർപോർട്ട് എന്നിവിടങ്ങളിലെ ലോസ്റ്റ് ഐറ്റംസ് ഓഫീസുകളെ സമീപിച്ചും നഷ്ടപ്പെട്ട  വസ്തുക്കളെ കുറിച്ച് തീർഥാടകർക്ക് അന്വേഷിക്കാം. വീണുകിട്ടിയ നഷ്ടപ്പെട്ട വസ്തുക്കൾ സൂക്ഷിച്ച സ്ഥലത്തെ കുറിച്ച് തീർഥാടകർക്ക് ഈ കേന്ദ്രങ്ങൾ വഴി അറിയാനാകും.
വീണുകിട്ടുന്ന വസ്തുക്കൾ സ്വീകരിക്കുന്നതിനും ഉടമകളെ തിരിച്ചേൽപിക്കുന്നതിനും അറഫയിൽ ഏഴും മിനായിൽ പന്ത്രണ്ടും കേന്ദ്രങ്ങൾ ഹജ്, ഉംറ മന്ത്രാലയം സജ്ജീകരിച്ചിരുന്നു. ഇവക്കു പുറമെ മക്കയിൽ ആറും കേന്ദ്രങ്ങളുണ്ട്. ഹജിനിടെ വിലപിടിച്ച വസ്തുക്കൾ നഷ്ടപ്പെട്ടവർ മക്ക അൽഅവാലി ഡിസ്ട്രിക്ടിലെ ഹജ്, ഉംറ മന്ത്രാലയ ശാഖാ ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ലോസ്റ്റ് ഐറ്റംസ് ഓഫീസിനെ സമീപിച്ച് നഷ്ടപ്പെട്ട വസ്തുക്കൾ തിരിച്ചറിഞ്ഞ് കൈപ്പറ്റണമെന്ന് നാസിർ അൽഖുറശി ആവശ്യപ്പെട്ടു. 
നഷ്ടപ്പെട്ട വസ്തുക്കളിൽ പേരുവിവരങ്ങളും ഫോൺ നമ്പറുകളുമുണ്ടെങ്കിൽ ഉടമകളെ കണ്ടെത്താൻ എളുപ്പമാണ്. പഴ്‌സും ബാഗും അടക്കമുള്ള വസ്തുക്കൾ വീണുകിട്ടിയ കാര്യവും ഇവ തിരിച്ചുകിട്ടുന്നതിന് സമീപിക്കേണ്ട കേന്ദ്രവും ഫോണിൽ നേരിട്ട് ബന്ധപ്പെട്ടും എസ്.എം.എസ് അയച്ചും അധികൃതർ അറിയിക്കുന്നുണ്ട്.
 

Latest News