ബീഫ് വിളമ്പിയതിന്റെ പേരില്‍ മലയാളിയുടെ റെസ്റ്റോറന്റ് പൂട്ടിച്ചു

ന്യൂദല്‍ഹി-ദല്‍ഹിക്ക് സമീപം ഗുഡ്ഗാവില്‍ ബീഫ് വിഭവങ്ങള്‍ വിളമ്പിയതിന്റെ പേരില്‍ മലയാളിയുടെ റെസ്റ്റോറന്റ് പൂട്ടിച്ചു. പൂട്ടിയില്ലെങ്കില്‍ കത്തിക്കുമെന്നായിരുന്നു ഭീഷണിയെന്ന് ഉടമ പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അലി പറഞ്ഞു. അലിയുടെ തന്നെ മറ്റൊരു റെസ്റ്റോറന്റില്‍ നിന്നു ചിലര്‍ പ്രശ്‌നം ഉണ്ടാക്കിയതിനെ തുടര്‍ന്ന് പോത്തിറച്ചി വിഭവങ്ങള്‍ ഒഴിവാക്കിയിരുന്നു.
ഒരു വര്‍ഷം മുന്‍പാണ് ഗുഡ്ഗാവിലെ ഗോള്‍ഫ് കോഴ്‌സ് റോഡില്‍ കേരളാ വിഭവങ്ങള്‍ ഉള്‍പ്പെടുത്തി റെസ്റ്റോറന്റ് തുടങ്ങിയത്. പതിനഞ്ചു ദിവസം മുന്‍പ് ഒരാള്‍ റെസ്റ്റോറന്റിലെത്തി ഭക്ഷണങ്ങള്‍ പരിശോധിച്ചു. അതിന് ശേഷം ഒരു സംഘം ആളുകളെത്തി എത്രയും വേഗം റെസ്റ്റോറന്റ് അടയ്ക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സൗത്ത് ദല്‍ഹിയിലുള്ള റെസ്റ്റോറന്റിലും ഇതേ സാഹചര്യം ഉണ്ടായി. ചിലര്‍ എത്തി പ്രശ്‌നമുണ്ടാക്കി. തുടര്‍ന്ന് പോലീസിനെ വിവരം അറിയിച്ചിരുന്നു.
പ്രതിഷേധം ഭയന്ന് ഫുഡ് ആപ്പുകളില്‍ നിന്ന് പോത്ത് കറികള്‍ ഒഴിവാക്കി. ദല്‍ഹിയിലെ ഗാസിര്‍പുര്‍ മണ്ടിയിലെ സര്‍ക്കാര്‍ അംഗീകൃത അറവ് ശാലയില്‍ നിന്നാണ് പോത്തിറച്ചി വാങ്ങുന്നതെന്ന് ഹോട്ടലുടമ പറഞ്ഞു. എല്ലാ അനുമതികളും റെസ്റ്റോറന്റ് നടത്തിപ്പിന് വേണ്ടി വാങ്ങിയിട്ടുണ്ട്. എന്നിട്ടും നിയമ പരമായി ഹോട്ടല്‍ നടത്തുന്നതില്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നതിനെ എങ്ങനെ മറികടക്കാന്‍ കഴിയുമെന്ന് അറിയാതെ കുഴങ്ങുകയാണ് 2004 മുതല്‍ ദല്‍ഹിയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന  മുഹമ്മദ് അലി

 

Latest News