Sorry, you need to enable JavaScript to visit this website.
Thursday , October   01, 2020
Thursday , October   01, 2020

മലയാളിക്കു പകരം  വെക്കാൻ മലയാളി മാത്രം

മലയാളികൾക്കു പകരം വെക്കാൻ മലയാളികൾ മാത്രം. ഇന്ത്യയുടെ തെക്കേ അറ്റത്തെ ചെറു ഭൂപ്രദേശത്തുനിന്ന് ലോകത്തിന്റെ നാനാഭാഗത്തും എത്തിപ്പെട്ടിട്ടുള്ള മറ്റൊരു ജനതയുമുണ്ടാവില്ല. എവിടെ ചെന്നാലും തങ്ങളുടേതായ ഒരു കയ്യൊപ്പ് ചാർത്തുന്നതിൽ മലയാളികൾ എന്നും മുന്നിലാണ്. അഭിപ്രായ ഭിന്നതകളും അതിന്റെ പേരിൽ കശപിശയും ഒക്കെ ഉണ്ടാകാം. എന്നാൽ പരസ്പര സഹകരണത്തിന്റെ കാര്യത്തിലും മറ്റുള്ളവരുടെ വേദനയകറ്റുന്നതിനും ദുരിതം നീക്കുന്നതിലും സന്തോഷ വേളകളിൽ ഒത്തൊരുമിച്ച് കൈകോർക്കുന്നതിലുമെല്ലാം അവർക്ക് പത്തര മാറ്റാണ്. സേവന സന്നദ്ധതയുടെ കാര്യത്തിൽ എന്നും മുമ്പേ സഞ്ചരിക്കുന്നവർ. സ്വന്തം പണവും സമയവും ചെലവഴിച്ചും മറ്റുള്ളവെര സഹായിക്കാൻ ഇറങ്ങിത്തിരിക്കുന്നതിൽ അവരെന്നും മുന്നിലാണ്. അത്തരം സേവനത്തിനിറങ്ങുന്നവരുടെ ഉദ്ദേശ്യം ഒന്നു മാത്രം -ദൈവ പ്രീതി. 
പ്രവാസ ലോകത്ത് എല്ലാ രാജ്യക്കാരുമുണ്ട്. എന്നാൽ മറ്റുള്ളവരെ സഹായിക്കാനുള്ള മനഃസ്ഥിതിയുടെ കാര്യത്തിൽ എവിടെയും കാണുക മലയാളികളെയാവും. ജാതിയും മതവും നോക്കാതെ, നാടും വീടും നോക്കാതെ, ഭാഷാ വൈജാത്യങ്ങൾ നോക്കാതെ പ്രയാസത്തിലായ ഏതൊരാളെ സഹായിക്കുന്നതിനും അവർ മടി കാണിക്കാറില്ല. പ്രവാസികളായെത്തി പ്രയാസപ്പെടുന്ന അന്യ സംസ്ഥാനക്കാർക്ക് സ്വന്തം നാട്ടുകാരേക്കാളും എന്നും സഹായികളാവാറുള്ളത് മലയാളികളാണ്. അവരുടെ സേവന സന്നദ്ധതയാണതിനു കാരണം. മലയാളികളുടെ സേവന മനഃസ്ഥിതി അതിന്റെ ഉത്തുംഗത്തിലെത്തുന്ന വേളയാണ് പരിശുദ്ധ ഹജ്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമെത്തുന്ന ഹാജിമാർക്കിടയിൽ ഏതു തരത്തിലുമുള്ള സേവനത്തിനുമായി തലങ്ങും വിലങ്ങും പാഞ്ഞുനടക്കുന്ന ഈ ചെറു സംഘങ്ങൾ യഥാർത്ഥത്തിൽ ഇന്ത്യയുടെ അംബാഡർമാരാണ്. വളണ്ടിയർ കുപ്പായത്തിനു മീതെ ഇന്ത്യ എന്ന് വലിയ അക്ഷരത്തിലെഴുതി വിവിധ രാജ്യക്കാർക്കിടയിൽ സഹായവുമായി ചെല്ലുമ്പോൾ ഓരോ ഹാജിയും നോക്കുന്നത് ഇവർ ഏതു രാജ്യക്കാരാണെന്നാണ്. സഹായത്തിന് അതിരറ്റ നന്ദി പറഞ്ഞ് ഓരോ ഹാജിയും പിരിയുമ്പോൾ അവരുടെ മനസ്സിൽ ഒന്നേ ഉണ്ടാകൂ... ഇന്ത്യക്കാരൻ. 
വിവിധ മലയാളി സംഘടനകളുടെ കീഴിൽ ഈ വർഷം ഹജ് വളണ്ടിയർ സേവനത്തിന് എഴായിരത്തോളം പേരാണ് മിനായിലെത്തിയത്. കെ.എം.സി.സി മാത്രം മൂവായിരം വളണ്ടിയർമാരെ സേവനത്തിനിറക്കി. സ്ത്രീകളും കുട്ടികളും വരെ അവരുടെ കൂട്ടത്തിലുണ്ടായിരുന്നു. ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം, ജിദ്ദ ഹജ് വെൽഫെയർ ഫോറം, ഐ.പി.ഡബ്ല്യൂ.എഫിനു കീഴിലെ വിവിധ സംഘടനകൾ, ഒ.ഐ.സി.സി, എസ്.വൈ.എസ്, വിഖായ, സൗദി ആലപ്പുഴ വെൽഫെയർ ഫോറം തുടങ്ങിയ സംഘടനകളാണ് പതിവുപോലെ ഈ വർഷവും സന്നദ്ധ പ്രവർത്തനത്തിനായി മിനായിലെത്തിയത്. ഹാജിമാർ മക്കയിലും മദീനയിലും എത്താൻ തുടങ്ങിയതു മുതൽ സേവന രംഗത്തുള്ളവരും ഇവരുടെ കൂട്ടത്തിലുണ്ട്. അവസാന ഹാജി മടങ്ങും വരെ അതു തുടരുകയും ചെയ്യും. 
ആദ്യ കാലങ്ങളിൽ സംഘടനകൾക്കു കീഴിലല്ലാതെ വ്യക്തിപരമായാണ് മലയാളികൾ ഹാജിമാരെ സേവിക്കാൻ ഇറങ്ങിയിരുന്നത്. പിന്നീട് അത് വിവിധ സംഘടനകൾ ഒത്തുചേർന്നുള്ള കൂട്ടായുള്ള പ്രവർത്തനമായും തുടർന്ന് ഓരോ സംഘടനകളുടെ ബാനറുകൾക്കു കീഴിലുള്ള പ്രവർത്തനമായും പരിണമിച്ചു. സംഘടനകൾക്കു കീഴിലായതോടെ വീറും വാശിയും കൂടി. വളണ്ടിയർമാരുടെ എണ്ണത്തിലും വർധനയുണ്ടായി. അടുത്ത കാലം വരെ കാഴ്ചക്കാരായി മാറി നിന്നിരുന്ന ഇന്ത്യയിലെ മറ്റു സംസ്ഥാനക്കാരും ഈ സംഘടനകൾക്കു കീഴിൽ അണിനിരക്കാൻ തുടങ്ങി. അതോടെ വളണ്ടിയർമാരുടെ എണ്ണം പിന്നെയും വർധിച്ചു. എങ്കിലും ഇപ്പോഴും മലയാളികൾ തന്നെയാണ് കൂടുതൽ. നേതൃത്വം വഹിക്കുന്നവരും അവർ തന്നെ. 
ഹാജിമാർക്ക് സന്നദ്ധ സേവകർ നൽകുന്ന സേവനം സമാനതകളില്ലാത്തതാണ്. മലയാളി ഹാജിമാരിൽ മാത്രം ശ്രദ്ധ കേന്ദീകരിച്ചിരുന്നവർ ഇപ്പോൾ ഹാജിമാർ എന്ന ഒറ്റ കാഴ്ചപ്പാടിലാണ് സേവനം നടത്തുന്നത്. എങ്കിലും സേവനം കൂടുതലും ലഭിക്കുന്നത് ഇന്ത്യൻ ഹാജിമാർക്ക്, പ്രത്യേകിച്ച് മലയാളി ഹാജിമാർക്കാണ്. 
ഇന്നിപ്പോൾ ഓരോ സംഘടനയും തങ്ങളുടെ ശക്തി തെളിയിക്കാനുള്ള വേദി കൂടിയായി ഹജ് സേവനത്തെ മാറ്റിയിട്ടുണ്ട്. ഇത് ഹാജിമാരെ സംബന്ധിച്ചിടത്തോളം ഗുണകരമാണ്. കൂടുതൽ സഹായങ്ങൾ അവർക്കു ലഭിക്കും. സാങ്കേതിക വിദ്യ പുരോഗമിക്കുമ്പോൾ വളണ്ടിയർ സേവനം മങ്ങുമെന്നായിരുന്നു പലരും കരുതിയിരുന്നത്. എന്നാൽ എത്ര തന്നെ സാങ്കേതിക പുരോഗതിയുണ്ടായാലും വളണ്ടിയർമാരുടെ സേവനത്തിന്റെ പ്രസക്തി നഷ്ടപ്പെടുന്നില്ല. ആധുനിക സൗകര്യങ്ങളുള്ള ഫോണുകൾ കൈവശം ഉള്ളവർ പോലും പലയവസരങ്ങളിലും വഴി തെറ്റി അലയുന്നത് പതിവാണ്. അപ്പോൾ ഇത്തരം സൗകര്യങ്ങളില്ലാത്തവരുടെയും പ്രായമായവരുടെയും കാര്യം പറയാനില്ല. ഈ അവസരങ്ങളിൽ അവർക്ക് വഴികാട്ടിയായെത്തുന്നത് ഈ സന്നദ്ധ പ്രവർത്തകരാണ്. അതുപോലെ നടക്കാൻ പ്രയാസപ്പെടുന്നവർക്ക് വീൽ ചെയർ സൗകര്യമൊരുക്കിയും രോഗികളായവരെ ആശുപ്രതികളിൽ കൊണ്ടുപോകാനും അവർക്ക് സഹായികളായി മാറാനും ഇവർ തന്നെ വേണം. മിനായിലെ താമസത്തിനിടെ ഹാജിമാർ ഏറ്റവും പ്രയാസപ്പെടുന്നത് ഭക്ഷണത്തിനാണ്. മുത്വവിഫുകൾ ഭക്ഷണം തമ്പുകളിൽ വിതരണം ചെയ്യുമെങ്കിലും തങ്ങൾക്ക് ഇഷ്ടപ്പെട്ടതും എളുപ്പം കഴിക്കാൻ കഴിയുന്നതുമായ ഭക്ഷണത്തിന് ആരും ആഗ്രഹിക്കും. ഈ സാഹചര്യങ്ങൾ ഇഷ്ട ഭക്ഷണവുമായെത്തുന്നതും സന്നദ്ധ സേവകരാണ്. 
ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ചുകൊണ്ടാണ് ഇത്തരം സേവനങ്ങൾ വളണ്ടിയർമാർ നൽകുന്നത്. പക്ഷേ, ഏതു പ്രതിസന്ധികളും അവർക്ക് സന്തോഷമാണ് പകരുന്നത്. ഹാജിമാരുടെ അതിരറ്റ സ്‌നേഹവും പ്രാർഥനയുമാണ് അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. 
ഓരോ സംഘടനയും വളണ്ടിയർമാരെ സജ്ജമാക്കുന്നതിന് ഭീമമായ തുകയാണ് ചെലവഴിക്കുന്നത്. ഉദാരമതികളുടെ സഹായവും വളണ്ടിയറാവാൻ സന്നദ്ധമാകുന്നവർ സ്വന്തം പോക്കറ്റിൽ നിന്നുമെടുത്തുമാണ് ഇതിനാവശ്യമായ തുക കണ്ടെത്തുന്നത്. മക്ക, മദീന, ജിദ്ദ എന്നിവിടങ്ങളിൽനിന്നു മാത്രമല്ല, സൗദി അറേബ്യയുടെ ഒട്ടുമിക്ക പ്രദേശങ്ങളിൽനിന്നും വിവിധ ബാനറുകൾക്കു കീഴിൽ വളണ്ടിയർമാർ എത്തുന്നുണ്ട്. പെരുന്നാൾ അവധി ദിനങ്ങൾ സ്വന്തം കാര്യങ്ങൾക്കായി വിനിയോഗിക്കാതെ മറ്റുള്ളവർക്കു വേണ്ടി ചെലഴിക്കാനുള്ള മനസ്സിനെ പ്രകീർത്തിച്ചേ മതിയാകൂ. ദൂരദിക്കുകളിൽനിന്നു വരുന്നവർ ഭീമമായ തുക ചെലഴിച്ചാണ് സേവനത്തിനെത്തുന്നത്. മലയാളിയുടെ ഈ സന്മസ്സാണ് അവരെ ഇതര സമൂഹങ്ങളിൽനിന്നു വേറിട്ടു നിർത്തുന്നത്. ഇന്നിപ്പോൾ കേരളം നേരിടുന്ന പ്രകൃതി ദുരന്തത്തിലും കാണുന്നത് അതു തന്നെയാണ്. അതുകൊണ്ട് തീർച്ചയായും നമുക്കു പറയാം മലയാളിക്കു പകരം വെക്കാൻ മലയാളി മാത്രമാണുള്ളതെന്ന്. 

Latest News