Friday , February   28, 2020
Friday , February   28, 2020

ഗാഡ്ഗിൽ കഥ പറയുന്നു

മാധവ് ഗാഡ്ഗിൽ

നാൽപത്തെട്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന പേമാരിക്ക് ഒഴുക്കിക്കൊണ്ടുപോകാൻ മാത്രം ദുർബലമായിക്കഴിഞ്ഞു നമ്മുടെ ഭൂമി. ഈ യാഥാർഥ്യം പല്ലിളിക്കുമ്പോഴാണ് ഉറക്കത്തിൽ പോലും നാം ഗാഡ്ഗിൽ, ഗാഡ്ഗിൽ എന്ന് വിളിക്കുന്നത്. ഒരു പക്ഷേ മഴ തോരുമ്പോൾ, പ്രളയമിറങ്ങുമ്പോൾ വീണ്ടും നാം കുടില താൽപര്യങ്ങളുടെ കുടുസ്സുമുറികളിലേക്ക് തന്നെ ചേക്കേറിയേക്കാം. 


കേരളത്തെ നശിപ്പിക്കാനെത്തിയ ശവംതീനിക്കഴുകൻ എന്നുവരെ മലയാളി വിളിച്ചാക്ഷേപിച്ച പ്രൊഫ. മാധവ് ഗാഡ്ഗിൽ ഇപ്പോൾ ഊറിച്ചിരിക്കുന്നുണ്ടാകണം. ഗാഡ്ഗിലിനെ വിളിക്കൂ...കേരളത്തെ രക്ഷിക്കൂ എന്ന മുറവിളി, പ്രളയത്തിൽ ആർത്തലച്ച്, പൊടിഞ്ഞിറങ്ങുന്ന മലകളുടെയും കുന്നുകളുടെയും ഹുങ്കാരത്തേക്കാൾ ഉയർന്നുകേൾക്കാമിപ്പോൾ. വൈകിപ്പോയോ? കേട്ടറിഞ്ഞില്ലെങ്കിൽ കണ്ടറിഞ്ഞുകൊള്ളൂ എന്ന ഗാഡ്ഗിൽ മൊഴി കുറിക്കുകൊണ്ടിരിക്കുന്നു ഈ പ്രളയ കാലത്തെ കേരളീയ മനസ്സിൽ.
കവളപ്പാറയിലേയും പുത്തുമലയിലേയും വിലങ്ങാട്ടേയും കോട്ടക്കുന്നിലേയും ദീനരോദനങ്ങൾക്കൊപ്പം അന്തരീക്ഷത്തിൽ വിലയം പ്രാപിക്കാൻ തന്നെയാവും ഈ മുറവിളിയുടേയും വിധി. എന്നാൽ കേരളത്തെ നടുക്കിയ രണ്ടാം പ്രളയം കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിച്ചിരിക്കുന്നു. ആദ്യ പ്രളയകാലത്തെ അപേക്ഷിച്ച് പശ്ചിമഘട്ടത്തെ നേരിട്ട് തന്നെ ഇത്തവണ പ്രളയവും ഉരുൾപൊട്ടലും സോയിൽ പൈപ്പിംഗ് അടക്കമുള്ള പ്രതിഭാസങ്ങളും ബാധിച്ചിരിക്കുന്നു എന്നത് തന്നെ കാരണം. 
ആഗോള താപനത്തിന്റെ ഫലമായുണ്ടാകുന്ന കാലാവസ്ഥാ മാറ്റങ്ങളും പശ്ചിമ ഘട്ട വനമേഖലക്ക് കഴിഞ്ഞ എഴുപതു വർഷത്തിനിടയിൽ സംഭവിച്ച ആഘാതങ്ങളും പഠിക്കുന്നതിനും അതിന്റെ സംരക്ഷണത്തിന് വേണ്ട മാർഗങ്ങൾ ആവിഷ്‌കരിക്കുന്നതിനും യു.പി.എ മന്ത്രിസഭയിലെ വനം-പരിസ്ഥിതി മന്ത്രി ജയറാം രമേഷിന്റെ നേതൃത്വത്തിൽ വിദഗ്ധ സമിതികളുടെ ചർച്ചകളുടെ ഫലമായി 2010 ഫെബ്രുവരി ഒമ്പതിന് നീലഗിരിയിലെ കോത്തഗിരിയിൽ നടന്ന പരിസ്ഥിതി പ്രവർത്തകരുടെ സമ്മേളനത്തിലാണ് പശ്ചിമഘട്ട പഠനത്തിനായി ഒരു സമിതിയെ നിയോഗിക്കുന്ന കാര്യം ആദ്യമായി പ്രഖ്യാപിച്ചത്.


2010 മാർച്ച് നാലിന് പ്രൊഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി പതിനാലംഗ സമിതി നിയോഗിക്കപ്പെട്ടു. ബി.ജെ കൃഷ്ണൻ, ഡോ. കെ.എൻ ഗണേശയ്യ, ഡോ. വി.എസ് വിജയൻ, പ്രൊഫ. റെനീ ബോർഗസ്, പ്രൊഫ. ആർ. സുകുമാർ, ഡോ. ലിജിയ നെറോണ, വിദ്യ എസ്. നായക്, ഡോ. ഡി.കെ. സുബ്രഹ്മണ്യം, ഡോ. ആർ.വി. വർമ, പ്രൊഫ. സി.പി. ഗൗതം, ഡോ. ആർ.ആർ. നവൽഗുണ്ട്, ഡോ. ജി.വി സുബ്രഹ്മണ്യം എന്നിവരായിരുന്നു സമിതിയിലെ അംഗങ്ങൾ. പശ്ചിമഘട്ട മേഖലയിലെ നിലവിലുള്ള പാരിസ്ഥിതിക സ്ഥിതി വിശകലനം ചെയ്യുക, 1986 ലെ പരിസ്ഥിതി സംരക്ഷണ നിയമം അനുസരിച്ച് പശ്ചിമഘട്ട മേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ കണ്ടെത്തി അതിരുകൾ അടയാളപ്പെടുത്തുക, ജനങ്ങളുമായി ചേർന്നുള്ള സംരക്ഷണ, പുനരുജ്ജീവന പ്രവർത്തനങ്ങൾക്ക് ആവശ്യമായ ശുപാർശകൾ സമർപ്പിക്കുക, പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം ഇന്ത്യാ ഗവൺമെന്റിന്റെ വനം, പരിസ്ഥിതി ലോല പ്രദേശ വിജ്ഞാപനം നടത്തുന്നതിനായി നിർദേശങ്ങൾ സമർപ്പിക്കുക, പശ്ചിമ ഘട്ടത്തെക്കുറിച്ചു പരാമർശിക്കുന്ന കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയതിന്റേത് അടക്കമുള്ള വിഷയങ്ങൾ പരിശോധിക്കുക, കേന്ദ്ര, സംസ്ഥാന സർക്കാരുകളും തദ്ദേശവാസികളും അടങ്ങുന്ന ഒരു സമിതിയുടെ പിന്തുണയോടെയുള്ള ക്രിയാത്മകമായ സംരക്ഷണ അതോറിറ്റി രൂപീകരിക്കാനുള്ള നടപടിക്രമങ്ങൾ ശുപാർശ ചെയ്യുക, പശ്ചിമ ഘട്ട മേഖലയിൽ പുതിയ ഖനനാനുമതി സംബന്ധിച്ച മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനുള്ള ശുപാർശകൾ നൽകുക തുടങ്ങിയവയായിരുന്നു സമിതിയുടെ പ്രധാന ചുമതലകളായി നിർണയിക്കപ്പെട്ടത്. 
വളരെയധികം പഠനങ്ങളുടെയും വിപുലമായ സ്ഥലപരിശോധനകളുടെയും കൂടിയാലോചനകളുടെയും അടിസ്ഥാനത്തിൽ പശ്ചിമ ഘട്ടത്തെ മുഴുവൻ പരിസ്ഥിതി ദുർബല പ്രദേശമായി സമിതി നിർദേശിക്കുകയും അതിനെ വ്യത്യസ്ത മേഖലകളായി തിരിച്ച് ശാസ്ത്രീയമായ ഒരു റിപ്പോർട്ട് തയാറാക്കുകയുമാണ് ചെയ്തത്. 2011 ഓഗസ്റ്റ് 31 ന് ഗാഡ്ഗിൽ റിപ്പോർട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിക്കപ്പെട്ടു. പശ്ചിമ ഘട്ടത്തിന്റെ അതിരുകൾ നിർണയിക്കുക, പരിസ്ഥിതി ലോല മേഖലകൾ കണ്ടെത്തുക, വികസന മാതൃകകൾ ആവിഷ്‌കരിക്കുക എന്നീ മൂന്നു കാര്യങ്ങളും ഗാഡ്ഗിൽ ശ്രദ്ധയോടെ പരിഗണിച്ചു. എന്നാൽ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കപ്പെട്ടതു മുതൽ അതിനെതിരെ ശക്തമായ സമരങ്ങൾ അരങ്ങേറി. ഏറ്റവുമധികം പ്രതിഷേധങ്ങൾ ഉണ്ടായത് കേരളത്തിലാണ്. സമിതി വനം-പരിസ്ഥിതി മന്ത്രാലയത്തിന് സമർപ്പിച്ച റിപ്പോർട്ട് ദീർഘകാലം മന്ത്രാലയം പ്രസിദ്ധീകരിക്കാതെ സൂക്ഷിക്കുകയും തുടർന്ന് വിവരാവകാശ നിയമത്തിലൂടെ പുറത്തു കൊണ്ടുവരികയുമാണ് ചെയ്തത്. എന്തുകൊണ്ട് സർക്കാർ ഈ റിപ്പോർട്ട് മറച്ചുവെക്കാൻ ശ്രമിച്ചു എന്നതു മുതൽ വിവാദം ആരംഭിക്കുകയായി. 
പശ്ചിമഘട്ട മലനിരകൾ ജീവനോപാധിയായി കണ്ട ഒരു പറ്റം കർഷകരുടെ കൂട്ടുപിടിച്ച് സ്ഥാപിത താൽപര്യക്കാരായ ഭൂമാഫിയകളും മതമേധാവികളും ഇളക്കിവിട്ട രൂക്ഷമായ പ്രക്ഷോഭം കേരളത്തെ വിഴുങ്ങുന്നതാണ് പിന്നീട് കണ്ടത്. കേരളത്തിലെ പ്രധാനപ്പെട്ട മാധ്യമങ്ങളും രാഷ്ട്രീയ പാർട്ടികളുമെല്ലാം ഒരു വശത്തും പരിസ്ഥിതി മൗലികവാദികൾ എന്നു ആക്ഷേപിക്കപ്പെടുന്നവർ മറുവശത്തും നിന്നുകൊണ്ടുള്ള വലിയ വാദപ്രതിവാദങ്ങളും അരങ്ങേറി. ഏതെങ്കിലുമൊരു പ്രത്യേക പ്രദേശത്തെ ബാധിക്കുന്ന പ്രശ്‌നം എന്നതിലുപരി കേരളത്തിലെ കർഷക പ്രശ്‌നം എന്ന നിലയിലേക്ക് ഇതിനെ വളർത്തിയെടുക്കാൻ അവർക്ക് സാധിച്ചു. റിപ്പോർട്ടിന്റെ ഉള്ളടക്കം തങ്ങൾക്ക് പ്രതികൂലമെന്ന് മനസ്സിലാക്കിയവർ തന്നെയാണ് അത് വെളിച്ചം കാണാതിരിക്കാൻ പരമാവധി ശ്രമിച്ചതെന്ന് ആരോപണമുയർന്നു. 
റിപ്പോർട്ട് നടപ്പിൽ വന്നാൽ പശ്ചിമഘട്ട മേഖലയിലെ ഭൂമി വിലയിൽ കാര്യമായ ഇടിവ് ഉണ്ടാകുമെന്നും, നിർമാണ പ്രവർത്തനങ്ങൾക്ക് മേൽ നിയന്ത്രണങ്ങൾ കൊണ്ടുവരുമെന്നും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടു. പൊതുഭൂമി സ്വകാര്യവൽക്കരിക്കാൻ പാടില്ലെന്ന ഗാഡ്ഗിൽ സമിതി നിർദേശം ഭൂമി വിൽപന അസാധ്യമാക്കുമെന്നും ഭൂരഹിതരുടെ ഉടമസ്ഥാവകാശത്തെ ബാധിക്കുമെന്നുമായിരുന്നു മറ്റൊരു വാദം. ഗാഡ്ഗിൽ സമിതിയിൽ പരിസ്ഥിതി മൗലികവാദികൾ മാത്രമാണ് ഉണ്ടായിരുന്നതെന്നും ആക്ഷേപം ഉയർന്നു. കേരളത്തിലെ കുത്തക മാധ്യമങ്ങൾക്കും ഗാഡ്ഗിൽ റിപ്പോർട്ട് ചതുർഥിയായിരുന്നു. അവരിൽ പലർക്കും മാധ്യമ താൽപര്യത്തിനപ്പുറം ഭൂമിതാൽപര്യവുമുണ്ടായിരുന്നു. രണ്ടാം പ്രളയത്തിൽ പശ്ചിമഘട്ടം കണ്ണീരും രോഷവും കൊണ്ട് ജനങ്ങളെ ശിക്ഷിക്കുമ്പോൾ അവരിൽ പലരും ഗാഡ്ഗിൽ..ഗാഡ്ഗിൽ എന്നാർത്തുവിളിക്കുന്നത് കാലത്തിന്റെ കാവ്യനീതിയാകാം.
കേരള നിയമസഭ ഗാഡ്ഗിൽ റിപ്പോർട്ടിൽ ഉലഞ്ഞു. ക്രിസ്ത്യൻ പള്ളികളിൽ സർക്കാരിനെതിരെ ഇടയ ലേഖനങ്ങൾ പ്രത്യക്ഷപ്പെട്ടു. വിശ്വാസികളെ ഗാഡ്ഗിലിനെതിരെ ഒന്നിപ്പിക്കാൻ പുരോഹിതന്മാർക്കായി. തെരഞ്ഞെടുപ്പിൽ തടി കേടാകുമെന്ന് മനസ്സിലായതോടെ അന്നത്തെ ഉമ്മൻ ചാണ്ടി സർക്കാർ റിപ്പോർട്ടിന്മേൽ തങ്ങളുടെ വിയോജനം കേന്ദ്രത്തെ അറിയിച്ചു. കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ എല്ലാം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടിനെ എതിർത്തു എന്നതാണ് സത്യം. ഒറ്റപ്പെട്ട രാഷ്ട്രീയ നേതാക്കൾ മാത്രം ഗാഡ്ഗിൽ റിപ്പോർട്ടിനായി നിലകൊണ്ടു. അവരുടെ ശബ്ദം സമര കോലാഹലങ്ങളിൽ കെട്ടുപോയി എന്നു മാത്രമല്ല, പലരുടേയും രാഷ്ട്രീയ ഭാവിക്ക് വരെ അത് ഭീഷണിയായി. പി.ടി. തോമസിനേയും വി.ഡി. സതീശനേയും പോലെ ചില കോൺഗ്രസ് നേതാക്കളെങ്കിലും എല്ലാ ഭീഷണികളേയും അവഗണിച്ച് പശ്ചിമഘട്ട സംരക്ഷണത്തിനായി നിലകൊണ്ടെങ്കിലും പരിസ്ഥിതി സംരക്ഷണം മുഖ്യ അജണ്ടയായിട്ടുള്ള ഇടതു പാർട്ടികളിൽ, പ്രത്യേകിച്ച് സി.പി.എമ്മിൽ 'ഹിസ് മാസ്റ്റേഴ്‌സ് വോയ്‌സ്' മാത്രമേ ഉണ്ടായുള്ളൂ, വി.എസ് ഒഴികെ. ഇടുക്കിയിലേയും കോട്ടയത്തേയും മറ്റ് കുടിയേറ്റ മേഖലകളിലേയും കർഷകരെ ഒപ്പം നിർത്തി രാഷ്ട്രീയ നേട്ടം കൊയ്യാമെന്ന സങ്കുചിത ചിന്ത മാത്രമാണ് ഭൂമാഫിയക്കൊപ്പം നിലകൊള്ളാൻ അവരെ പ്രേരിപ്പിച്ചതെന്നതാണ് സത്യം. 
ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെയുള്ള പ്രതിഷേധങ്ങൾ രൂക്ഷമായതോടെയാണ് 2012 ഓഗസ്റ്റ് 17 ന് കസ്തൂരി രംഗൻ കമ്മീഷനെ നിയോഗിച്ചത്. 2013 ഒക്ടോബർ 14 ന് റിപ്പോർട്ട് അംഗീകരിക്കുകയും നവംബർ 13 ന് അന്നത്തെ യു.പി.എ സർക്കാർ വിജ്ഞാപനം ഇറക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിലെ 123 വില്ലേജുകൾ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടികയിൽ വന്നു. ഈ കമ്മീഷന് എതിരെയും സമരങ്ങൾ ആരംഭിക്കുകയും റിപ്പോർട്ട് നടപ്പാക്കാൻ കഴിയാത്ത അവസ്ഥ വരികയും ചെയ്തു. കസ്തൂരി രംഗൻ റിപ്പോർട്ട്, മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിൽ വെള്ളം ചേർക്കുകയും ആദ്യത്തെ റിപ്പോർട്ടിൽ ഉണ്ടായിരുന്ന 1,64,280 ചതുരശ്ര കിലോമീറ്റർ വനഭൂമിയിൽ വെറും 6000 ചതുരശ്ര കിലോമീറ്റർ മാത്രം സംരക്ഷിത പ്രദേശമായി നിഷ്‌കർഷിക്കുകയും ചെയ്തു. പശ്ചിമഘട്ടത്തിൽ തുടർന്നുവന്ന ഖനന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ നടപടികളൊന്നും അവർ നിർദേശിച്ചതുമില്ല. 
ഇന്നിപ്പോൾ, കവളപ്പാറയിലേയും മറ്റിടങ്ങളിലേയും ക്വാറികൾക്കും ഖനനത്തിനും എതിരെ അവിടവിടെയായി ശബ്ദം മുഴങ്ങുന്നുണ്ട്. പ്രകൃതിയെ കീറിമുറിക്കുന്നതിന് ഒരു പരിധി വേണം എന്ന മുന്നറിയിപ്പ് സാധാരണക്കാരന്റെ മനസ്സിലും അലയടിക്കാൻ തുടങ്ങി. കേരളത്തെ പുനർനിർമിക്കാനുള്ള ശ്രമങ്ങൾ എങ്ങുമെത്താതെ കിടക്കുമ്പോൾ, പുതിയ കേരളത്തിനായുള്ള പരിസ്ഥിതി നയത്തെക്കുറിച്ച ചർച്ചകൾ സജീവമാകുന്നു. കേരളവും കർണാടകവും മഹാരാഷ്ട്രയുമടക്കമുള്ള പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങൾ നേരിടുന്ന ഭീഷണി ഈ മഹാപ്രളയം നമുക്ക് കാണിച്ചുതരുന്നു. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന പേമാരിക്ക് ഒഴുക്കിക്കൊണ്ടുപോകാൻ മാത്രം ദുർബലമായിക്കഴിഞ്ഞു നമ്മുടെ ഭൂമി. ഈ യാഥാർഥ്യം പല്ലിളിക്കുമ്പോഴാണ് ഉറക്കത്തിൽ പോലും നാം ഗാഡ്ഗിൽ, ഗാഡ്ഗിൽ എന്ന് വിളിക്കുന്നത്. ഒരുപക്ഷേ മഴ തോരുമ്പോൾ, പ്രളയമിറങ്ങുമ്പോൾ വീണ്ടും നാം കുടില താൽപര്യങ്ങളുടെ കുടുസ്സു മുറികളിലേക്ക് തന്നെ ചേക്കേറിയേക്കാം. അതുവരെ നമുക്ക് ഗാഡ്ഗിലിനെ ഓർത്തുകൊണ്ടിരിക്കാം.

Latest News