Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അവസരം പാഴാക്കുന്ന കോൺഗ്രസ്

കുടുംബാധാപത്യത്തിൽനിന്ന് തങ്ങൾക്ക് മോചനമില്ലെന്ന് കോൺഗ്രസ് വീണ്ടും തെളിയിക്കുകയാണ്. അതിൽനിന്ന് മാറി നടക്കാനുള്ള അവസരമാണ് സോണിയ ഗാന്ധിയെ വീണ്ടും ഇടക്കാല പ്രസിഡന്റായി തെരഞ്ഞെടുത്തതിലൂടെ പാർട്ടി കൈവിട്ടത്. 
തീർച്ചയായും നെഹ്‌റു കുടുംബത്തിൽനിന്ന് പുറത്തുള്ള ഏതു പേരു വന്നാലും കോൺഗ്രസിൽ തർക്കമുണ്ടാകുമെന്ന് എല്ലാവർക്കുമറിയാം. അതിനാൽ തന്നെയാകണം വീണ്ടും സോണിയ തന്നെ രംഗത്തു വന്നത്. പക്ഷേ എന്നായാലും അനിവാര്യമായ ഒരു മാറ്റമാണത്. എങ്കിലതിനു പറ്റിയ ഏറ്റവും നല്ല സമയമിതാണ്. അത്തരമൊരു മാറ്റം പാർട്ടിയെ ദുർബലപ്പെടുത്തുമെന്ന ആശങ്ക അസ്ഥാനത്താണ്. കാരണം ഇതിനേക്കാൾ ഒരു പാർട്ടിക്കു ദുർബലപ്പെടാനാകുമോ? എന്തു മാറ്റമാണെങ്കിലും അതു ദീർഘകാലാടിസ്ഥാനത്തിൽ ഗുണം ചെയ്യുമായിരുന്നു. എന്നാൽ ആ അവസരമാണ് പാഴാക്കിയത്.
തീർച്ചയായും രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് പ്രസിഡന്റായി തുടരണമായിരുന്നു എന്ന് ഏതു ജനാധിപത്യ വിശ്വാസിയും ആഗ്രഹിക്കുന്നുണ്ട്. എതാനും വർഷങ്ങളായി പാർട്ടിക്ക് പുതുരക്തം നൽകാൻ അദ്ദേഹം ശ്രമിക്കുന്നു. കോൺഗ്രസ് പോലുള്ള ഒരു പാർട്ടിയിൽ അതു നടപ്പാക്കാനെളുപ്പമല്ലെങ്കിലും അദ്ദേഹമതിന് പരമാവധി ശ്രമിച്ചിരുന്നു. ഒപ്പം സ്ത്രീ പ്രാതിനിധ്യത്തിനും. രാജ്യത്തെങ്ങും നടക്കുന്ന മുസ്‌ലിം - ദളിത് വേട്ടക്കെതിരെ അദ്ദേഹം ശക്തമായി രംഗത്തിറങ്ങി. രാജ്യത്തുയർന്നു വന്ന പുതിയ ദളിത് നേതാക്കളോട് അദ്ദേഹം ഐക്യപ്പെട്ടു. ഹിന്ദുത്വ ഫാസിസത്തിനെതിരെ അതിശക്തമായ നിലപാടെടുത്തു. നരേന്ദ്ര മോഡിയെ ഒരു ദയാദാക്ഷിണ്യവുമില്ലാതെ ആക്രമിച്ചു. തെരഞ്ഞെടുപ്പു പ്രചാരണത്തിന് രാജ്യം മുഴുവൻ ഓടിനടന്നു. എന്നാൽ ഒപ്പം നിൽക്കാൻ ആരുമുണ്ടായിരുന്നില്ല, സ്വന്തം പാർട്ടിയിൽനിന്നു പോലും. ഏകാകിയായാണ് അദ്ദേഹം പട നയിച്ചത്. തെരഞ്ഞെടുപ്പിലുണ്ടായ ദയനീയ തോൽവി സ്വാഭാവികമായും അദ്ദേഹത്തെ തളർത്തി. അതിനാൽ താൽക്കാലികമായ അദ്ദേഹത്തിന്റെ പിന്മാറ്റത്തെ കുറ്റപ്പെടുത്താനാവില്ല. എന്നാൽ ഈ സാഹചര്യത്തെ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിൽ പാർട്ടി പരാജയപ്പെട്ടു.
രാഹുൽ ഗാന്ധി കഴിഞ്ഞ വർഷങ്ങളിൽ പറഞ്ഞ രാഷ്ട്രീയത്തിൽ കുറച്ചെങ്കിലും ഉൾക്കൊള്ളാൻ കഴിഞ്ഞെങ്കിൽ പല സാധ്യതകളും കോൺഗ്രസിനുണ്ടായിരുന്നു. ഒരു ദളിത് നേതാവിനേയോ മുസ്‌ലിം നേതാവിനേയോ വനിതയേയോ ചെറുപ്പക്കാര/രിയേയോ പ്രസിഡന്റാക്കാമായിരുന്നു. എന്നാൽ ആ സാധ്യതകൾക്കെല്ലാം നേരെ മുഖം തിരിച്ചാണ് വീണ്ടും സോണിയയുടെ കൈവശം നേതൃത്വമെത്തിയിരിക്കുന്നത്. ഇത് ഭാവിയിൽ പ്രിയങ്കയെ പ്രസിഡന്റാക്കാനുള്ള നീക്കമാകാനും സാധ്യതയുണ്ട്. ഒരിക്കലും മാതൃകാപരമല്ലാത്ത നീക്കം.
തീർച്ചയായും സോണിയ തിരിച്ചുവരുന്നതിൽ താൽക്കാലികമായ ചില നേട്ടങ്ങൾ പാർട്ടിക്കും പ്രതിപക്ഷത്തിനുമുണ്ടാകും. പാർട്ടിക്കകത്ത് വിമത സ്വരങ്ങൾ ഉയരാനിടയില്ല. പ്രതിപക്ഷ ഐക്യത്തിന് സോണിയയുടെ നേതൃത്വം സഹായകമാകും. പാർലമെന്റിനകത്തും പുറത്തും സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾക്ക് അത് കരുത്തു നൽകും. വരാൻ പോകുന്ന നാലു നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മെച്ചപ്പെട്ട അവസ്ഥയുണ്ടാകാം. എന്നാൽ മുകളിൽ സൂചിപ്പിച്ച പോലെ അതെല്ലാം താൽക്കാലികം മാത്രം. 
ദീർഘകാലാടിസ്ഥാനത്തിൽ അതല്ല വേണ്ടത്. ഒരുപക്ഷേ മറ്റൊന്നു കൂടി സംഭവിക്കാം. രാഹുൽ ഉയർത്തികൊണ്ടുവന്ന യുവനേതാക്കളുടെ പ്രാധാന്യം കുറയാനും വൃദ്ധ നേതാക്കൾ ശക്തരാകാനും കാരണമാകാം. എന്നാൽ ഫാസിസത്തിനെതിരെ രാജ്യമെങ്ങും ഉയരുന്ന പുതു ചലനങ്ങളുമായി ഐക്യപ്പെടാൻ സോണിയക്ക് എത്രമാത്രം സാധ്യമാകുമെന്ന് കാത്തിരുന്നു കാണാം.
ഏറ്റവും പ്രധാനപ്പെട്ട മറ്റൊന്നു കൂടി ഇതോടൊപ്പം കൂട്ടിച്ചേർക്കണം. ഇന്ത്യക്കു മുന്നിൽ ഒരു വൻവെല്ലുവിളിയായി ഭീമാകാരം പൂണ്ടുനിൽക്കുന്ന ഫാസിസത്തെ ചെറുക്കാൻ ജനാധിപത്യത്തോട് നീതി പുലർത്തുന്ന പ്രസ്ഥാനങ്ങൾക്കേ കഴിയൂ എന്നതാണത്. സ്വയം ജനാധിപത്യവൽക്കരിക്കപ്പെടാത്ത, കുടുംബാധിപത്യത്തിന്റെ ബലത്തിൽ നിലനിൽക്കുന്ന ഒരു പാർട്ടിക്ക് അതിനാകില്ല. ഉള്ളിൽ ജനാധിപത്യം നടപ്പാക്കാത്ത ഒരു പാർട്ടിക്ക് പുറത്തെ ജനാധിപത്യത്തെ കുറിച്ച് പറയാൻ എന്തർഹതയാണുള്ളത്? നേതൃത്വമെന്നത് ഒരു പാർട്ടിയുടേയും ആഭ്യന്തര കാര്യമല്ല. അത് സമൂഹത്തിന്റെ കൂടി കാര്യമാണ്. ജനാധിപത്യ സംവിധാനത്തിൽ പ്രവർത്തിക്കുന്ന പാർട്ടികൾക്ക് ജനങ്ങളുടെ അഭിപ്രായം അറിയാത്ത ഒരു അഭ്യന്തര കാര്യവും ഉണ്ടാകുന്നത് ഗുണകരമാകില്ല. വാസ്തവത്തിൽ പാർട്ടി നേതൃത്വത്തേയും ജനപ്രതിനിധികളായി മത്സരിപ്പിക്കുന്നവരേയും മറ്റും തെരഞ്ഞെടുക്കുന്നത് ജനങ്ങളുടെ കൂടി അഭിപ്രായമറിഞ്ഞാകുന്ന അവസ്ഥയിലേക്കാണ് നാം വളരേണ്ടത്. ഇത്തരത്തിൽ മുന്നോട്ടു പോകുന്നതിനു പകരം  കുടുംബാധിപത്യത്തിലേക്ക് തിരിച്ചുപോകുന്ന കോൺഗ്രസിന്റെ ഈ തീരുമാനം ജനാധിപത്യ വിശ്വാസികൾക്ക് നൽകുന്നത് നിരാശ മാത്രമാണ്. 

Latest News