Sorry, you need to enable JavaScript to visit this website.

അടിവസ്ത്ര വിൽപ്പന കൂപ്പുകുത്തി; ഇന്ത്യ സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന് സൂചന

മുംബൈ- അടിവസ്ത്ര വിൽപ്പനയും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും തമ്മിലെന്ത്? സ്വാഭാവികമായും ഉയരുന്ന ചോദ്യം. ഇതിനുള്ള ഉത്തരം നടപ്പു സാമ്പത്തിക വർഷത്തെ ജൂണിൽ അവസാനിച്ച ആദ്യ പാദ കണക്കുകളിലുണ്ട്. ഈ പാദത്തിൽ ഇന്ത്യയിൽ അടിവസ്ത്ര വിൽപ്പന കൂപ്പുകുത്തിയെന്നാണ് പുതിയ കണക്കുകൾ. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത പ്രമുഖരായ നാലു അടിവസ്ത്ര കമ്പനികളുടെ വിൽപ്പനയിൽ പത്തു വർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ ഇടിവാണ് ഇത്തവണത്തേത്. ഇനിയും അടിവസ്ത്രങ്ങൾ വാങ്ങിക്കൂട്ടാൻ ഇന്ത്യക്കാരുടെ പോക്കറ്റിൽ വേണ്ടത്ര പണമില്ലെന്നതാണ് വസ്തുത.

 അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ അലൻ ഗ്രീൻസ്പാനിന്റെ 'മെൻല് അണ്ടർവെയർ ഇൻഡക്‌സ്'ന്റെ പ്രസക്തി വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ. യുഎസ് ഫെഡറൽ റിസർവ് ബോർഡ് ചെയർമാൻ ആയിരുന്ന ഗ്രീൻസ്പാൻ ആണ് അടിവസ്ത്ര വിൽപ്പനയെ അടിസ്ഥാനമാക്കി രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി പരിശോധിക്കുന്ന സൂചിക എന്ന ആശയം അവതരിപ്പിച്ചത്. പുരുഷൻമാരുടെ അടിവസ്ത്രങ്ങളുടെ വിൽപ്പന കൂപ്പുകുത്തിയാൽ അത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മോശം അവസ്ഥയിലാണെന്ന സൂചനയാണെന്ന് ഗ്രീൻസ്പാനിന്റെ സിദ്ധാന്തം പറയുന്നു.

പ്രമുഖ അടിവസ്ത്ര ബ്രാൻഡായ ജോക്കി ആദ്യ പാദത്തിൽ രണ്ടു ശതമാനം മാത്രമെ വളർച്ച നേടിയുള്ളൂ. 2008നു ശേഷം ആദ്യമായാണ് ഇത്ര കുറവ്. മറ്റൊരു കമ്പനിയായ ഡോളറിനു നാലു ശതമാനവും വിഐപിക്ക് 20 ശതമാനം ഇടിവുണ്ടായി. ലക്‌സ് വിൽപ്പനയിൽ ഒരു പുരോഗതിയും ഉണ്ടായില്ല.

ഇന്ത്യൻ ഉപഭോക്താക്കളുടെ വരുമാനം കുറഞ്ഞു വരുന്നതാണ് ഇത്തരമൊരു സാഹചര്യമുണ്ടാക്കിയതെന്ന് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഗ്രാമീണ മേഖലയിൽ ജനങ്ങളുടെ വരുമാനത്തിൽ വൻ ഇടിവുണ്ടായിട്ടുണ്ട്. ബാങ്കുകളുടെ കിട്ടാക്കടം വർധിക്കുന്നതും ധനകാര്യ കമ്പനികളുടെ ആരോഗ്യം മോശമായതോടെ വായ്പാ വിതരണത്തിലുണ്ടായ ഇടിവുമാണ് പ്രധാന കാരണം. ഫണ്ട് ലഭ്യത കുറഞ്ഞതോടെ ചെറുകിട ഇടത്തരം വ്യവസായ മേഖല തളർന്നതും വിനയായി.

Latest News