പിതോഡഗഢ്- ഉത്തരാഖണ്ഡിലെ ചമ്പാവത് ജില്ലയിലെ ഒരു ക്ഷേത്രത്തില്‍ നടന്ന കല്ലേറ് ഉല്‍സവത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. ദേവിധുര ക്ഷേത്രത്തില്‍ ദേവിയെ പ്രീതിപ്പെടുത്താന്‍ വിശ്വാസികള്‍ നടത്തുന്ന ബഗ്വല്‍ എന്ന രക്തം ചിന്തുന്ന ഉല്‍സവത്തിനിടെ വ്യാഴാഴ്ചയാണ് സംഭവം. ക്ഷേത്ര അങ്കണത്തില്‍ വിശ്വാസികള്‍ പരസ്പരം ശക്തമായ കല്ലേറു നടന്നു. ഉല്‍സവം തുടങ്ങി പത്തു മിനിറ്റിനുള്ളിലാണ് ഇത്രയും പേര്‍ക്ക് പരിക്കേറ്റത്. ആയിരക്കണക്കിനാളുകള്‍ ഉല്‍സവം കാണാനെത്തിയിരുന്നു. പ്രാദേശിക ജന്മിമാരുടെ നേതൃത്വത്തില്‍ രണ്ടു ചേരികളായി തിരിഞ്ഞാണ് പരസ്പരം കല്ലെറിയുന്നത്.
എല്ലാ വര്‍ഷവും രക്ഷാ ബന്ധന്‍ ദിവസമാണ് ഈ വിചിത്ര ഉല്‍സവം നടക്കാറുള്ളത്. ദേവിയെ പ്രീതിപ്പെടുത്താന്‍ മനുഷ്യബലിക്കു പകരമായാണ് വിശ്വാസികള്‍ പരസ്പരം കല്ലെറിഞ്ഞ് രക്തം ചിന്തുന്നത്. മനുഷ്യ ബലിക്ക് തുല്യമായ അളവില്‍ രക്തം നിലത്തു വീഴ്ത്തണമെന്നാണ് ആചാരം. പതിറ്റാണ്ടുകള്‍ക്കു മുമ്പ് ഇവിടെ മനുഷ്യബലി നടന്നിരുന്നതായും പറയപ്പെടുന്നു.