Sorry, you need to enable JavaScript to visit this website.

ഭക്ഷണ വിതരണത്തില്‍ വീഴ്ച; ഹാജിമാര്‍ക്ക് രണ്ടു ലക്ഷം പാക്കറ്റ് ഭക്ഷണം ഉടന്‍ ലഭ്യമാക്കി

മക്ക- ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള ഹാജിമാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്ന ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലെ തീര്‍ഥാടകര്‍ക്കിടയില്‍ വിതരണം ചെയ്യുന്നതിന് അടിയന്തരമായി രണ്ടു ലക്ഷം പാക്കറ്റ് ഭക്ഷണം ലഭ്യമാക്കിയതായി മക്ക ചേംബര്‍ ഓഫ് കൊമേഴ്‌സിനു കീഴിലെ നാഷണല്‍ കാറ്ററിംഗ് കമ്മിറ്റി പ്രസിഡന്റ് ശാക്കിര്‍ അല്‍ശരീഫ് വെളിപ്പെടുത്തി.

ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലെ രണ്ടു ഫീല്‍ഡ് സര്‍വീസ് ഓഫീസുകള്‍ക്കു കീഴിലെ ഹാജിമാര്‍ക്ക് സേവനം നല്‍കുന്നതിലാണ് ബന്ധപ്പെട്ടവര്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയത്. ഈ സ്ഥാപനത്തിനു കീഴിലെ ഹാജിമാര്‍ക്ക് അടിയന്തരമായി ഭക്ഷണം ലഭ്യമാക്കണമെന്ന ബന്ധപ്പെട്ട വകുപ്പുകളുടെ അപേക്ഷ നാഷണല്‍ കാറ്ററിംഗ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റ് അധികൃതര്‍ വീഴ്ച വരുത്തിയതു മൂലമുള്ള പ്രതിസന്ധിക്ക് വേഗത്തില്‍ പരിഹാരം കണ്ടിട്ടുണ്ടെന്നും ശാക്കിര്‍ അല്‍ശരീഫ് പറഞ്ഞു. അപേക്ഷ പ്രകാരം റെക്കോര്‍ഡ് സമയത്തിനുള്ളില്‍ ഭക്ഷണ പാക്കറ്റുകള്‍ ലഭ്യമാക്കിയ മുഴുവന്‍ കാറ്ററിംഗ് കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നാഷണല്‍ കാറ്ററിംഗ് കമ്മിറ്റി നന്ദി പറഞ്ഞു.

സേവനങ്ങള്‍ നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തിയ ത്വവാഫ എസ്റ്റാബ്ലിഷ്‌മെന്റിനു കീഴിലെ രണ്ടു ഫീല്‍ഡ് ഓഫീസ് ഡയറക്ടര്‍മാരെ ഹജ്, ഉംറ മന്ത്രി ഡോ.മുഹമ്മദ് ബിന്‍തന്‍ പിരിച്ചുവിട്ടിട്ടുണ്ട്. നിയമാനുസൃത ശിക്ഷാ നടപടികള്‍ സ്വീകരിക്കുന്നതിന് ഇരുവര്‍ക്കുമെതിരായ കേസ് അച്ചടക്ക സമിതിക്ക് കൈമാറിയിട്ടുമുണ്ട്. സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതു വരെയുള്ള കാലത്ത് ഹാജിമാര്‍ക്ക് സേവനങ്ങള്‍ നല്‍കുന്നത് നിരീക്ഷിക്കുന്നതിന് മറ്റു രണ്ടു ഫീല്‍ഡ് ഓഫീസ് ഡയറക്ടര്‍മാരെ മന്ത്രി ഇടപെട്ട് നിയമിച്ചിട്ടുമുണ്ട്.  

ഇരുവരും ഗുരുതരമായ വീഴ്ചകള്‍ വരുത്തിയതായി മക്ക ഗവര്‍ണറേറ്റിനു കീഴിലെ ഫീല്‍ഡ് കമ്മിറ്റികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ജോലിയില്‍ നിന്ന് സസ്‌പെന്റ് ചെയ്യുന്നതിന് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദ്ര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ നിര്‍ദേശം നല്‍കിയിരുന്നു. സ്ഥാപനത്തിനെതിരെ അന്വേഷണം നടത്തുന്നതിനും പ്രശ്‌നപരിഹാരത്തിന് അടിയന്തിര നടപടികള്‍ സ്വീകരിക്കുന്നതിനും സ്വദേശങ്ങളിലേക്ക് തിരിച്ചുപോകുന്നതു വരെയുള്ള കാലത്ത് ഹാജിമാര്‍ക്ക് എല്ലാവിധ സേവനങ്ങളും നല്‍കുന്നതിനും ഹജ്, ഉംറ മന്ത്രാലയത്തോട് ഡെപ്യൂട്ടി ഗവര്‍ണര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു ഫീല്‍ഡ് ഓഫീസ് ഡയറക്ടര്‍മാരെ ഹജ്, ഉംറ മന്ത്രി പിരിച്ചുവിട്ടത്.

 

Latest News