വംശീയ പരാമര്‍ശം: സാക്കിര്‍ നായിക്കിനെ മലേഷ്യന്‍ പോലീസ് ചോദ്യം ചെയ്യും

ക്വാലാലംപൂര്‍- മലേഷ്യയില്‍ വംശീയ വിദ്വേഷ പരാമര്‍ശം നടത്തി എന്ന ആരോപണത്തില്‍ വിവാദ മതപ്രബോധകന്‍ സാക്കിര്‍ നായിക്കിനെ ചോദ്യം ചെയ്യുമെന്ന് മലേഷ്യന്‍ സര്‍ക്കാര്‍. ഇന്ത്യയില്‍ നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടാന്‍ മലേഷ്യയില്‍ അഭയം തേടിയ നായിക്കിനെ രാജ്യത്തു നിന്ന് പുറത്താക്കണമെന്ന് കഴിഞ്ഞ ദിവസം മലേഷ്യയിലെ മന്ത്രിമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അധികൃതര്‍ നായിക്കിനെ ചോദ്യം ചെയ്യുമെന്ന് വ്യക്തമാക്കിയത്.

മലേഷ്യയിലെ ന്യൂനപക്ഷമായ ഹിന്ദു വിഭാഗത്തിന് ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തെക്കാള്‍ നൂറിരട്ടിയിലേറെ അവകാശങ്ങളുണ്ടെന്നായിരുന്നു സാക്കിര്‍ നായിക്കിന്റെ പരാമര്‍ശം. ഇതു മലേഷ്യയിലെ വിവിധ വംശജര്‍ക്കിടയില്‍ വിദ്വേഷം ഉണര്‍ത്തുന്ന പ്രസ്താവനയാണെന്ന് വ്യാപക ആക്ഷേപം ഉയര്‍ന്നിരുന്നു.

നായിക്കിനെ മലേഷ്യയില്‍ നിന്ന് പുറത്താക്കണമെന്ന് പല മന്ത്രിമാരും ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയില്‍ ഭീഷണി നേരിടുന്നതിനാല്‍ തിരിച്ചയക്കില്ലെന്ന് പ്രധാനമന്ത്രി മഹാതീര്‍ മുഹമ്മദ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

വിവാദ പരാമര്‍ശം സംബന്ധിച്ച് പോലീസ് നായിക്കിനു പുറമെ മറ്റു പല വ്യക്തികളേയും ചോദ്യം ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി മുഹിയിദ്ദീന്‍ യാസിന്‍ വ്യക്തമാക്കി. സമാധാന അന്തരീക്ഷവും ഐക്യവും തകര്‍ക്കാനുള്ള ശ്രമം ഉണ്ടായാല്‍ അതിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം രണ്ടാമതൊന്ന് ആലോചിക്കില്ലെന്ന് പൗരന്മാരല്ലാത്തവര്‍ ഉള്‍പ്പെടെ എല്ലാവരും ഓര്‍ക്കേണ്ടതുണ്ട്- മന്ത്രി വ്യക്തമാക്കി.

വിവിധ വംശജര്‍ സമാധാനത്തോടെ കഴിയുന്ന രാജ്യമാണ് മലേഷ്യ. ജനസംഖ്യയുടെ 60 ശതമാനത്തോളം മലായ് വംശജരായ മുസ്ലിംകളാണ്. ബാക്കി വരുന്നവര്‍ ചൈനീസ്, ഇന്ത്യന്‍ വംശജരാണ്. ഇന്ത്യന്‍ വംശജരില്‍ ഭൂരിപക്ഷവും ഹിന്ദുക്കളുമാണ്.

 

 

Latest News