മുംബൈ- ദേഹത്ത് തിളക്കുന്ന എണ്ണയൊഴിച്ചും തലയില്‍ ചുറ്റിക കൊണ്ടടിച്ചും യുവാവിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. മഹാരാഷ്ട്രയിലെ മാണിക്പുരിലാണ് സംഭവം.
യുവതിയും കാമുകനും ചേര്‍ന്ന് ഉറങ്ങുകയായിരുന്ന ഭര്‍ത്താവിന്റെ കൈകാലുകള്‍ ബന്ധിച്ചശേഷം കൈയിലും നെഞ്ചിലും ചൂടുള്ള എണ്ണ ഒഴിച്ചതായും ചുറ്റിക കൊണ്ട് തലയില്‍ അടിച്ചതായും മാണിക്പൂര്‍ പോലീസ് പറഞ്ഞു. ഇതിനു പുറമെ കണ്ണില്‍ മുളകുപൊടി എറിയുകയും വൈദ്യുതി ഷോക്ക് നല്‍കുകയും ചെയ്തു. വാസായി ഫ്‌ലാറ്റിലെ ടോയ്‌ലറ്റില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തിയ ഇയാളെ ജെ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
അസം സ്വദേശിയായ ബവിഷ്യ ബുര്‍ഹാഗോഹൈന്‍ (38) 2014 ലാണ് ക്വിന്‍സിയയെ (28) വിവാഹം ചെയ്തത്. ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. ബവിഷ്യ പവായിലെ കോള്‍ സെന്ററില്‍ ജോലി ചെയ്യുന്നു. ക്വിന്‍സിയ വീട്ടമ്മയാണ്.
വസായിയിലെ ഒരു മാളില്‍ മെഹെന്ദി ആര്‍ട്ടിസ്റ്റായി ജോലി ചെയ്തിരുന്ന 24 കാരനായ സത്‌വീര്‍ നായരുമായാണ് ക്വിന്‍സിയ അടുപ്പത്തിലായതെന്ന് പോലീസ് പറഞ്ഞു. ആദ്യം നൈഗാവില്‍ താമസിച്ചിരുന്ന ദമ്പതികള്‍ പിന്നീട് വാസായിലെ പ്രതാപ്ഗഡ് സൊസൈറ്റിയിലെ വാടകയ്‌ക്കെടുത്ത രണ്ടാം നിലയിലെ ഫ്‌ലാറ്റിലേക്ക് മാറുകയായിരുന്നു. അങ്ങനെ ക്വിന്‍സിയയ്ക്ക് സത് വീറിനെ കാണാന്‍ കഴിയാതായതോടെ സത് വീര്‍ ഇതേ ബില്‍ഡിംഗില്‍ തന്നെ താമസിക്കാന്‍ വന്നത് ദമ്പതികള്‍ തമ്മിലുള്ള വഴക്കിന് കാരണമായി.
ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ ബവിഷ്യ ക്വിന്‍സിയയുമായി വാക്കുതര്‍ക്കമുണ്ടായതായി മാണിക്പൂര്‍ പോലീസ് സ്‌റ്റേഷന്‍ അസിസ്റ്റന്റ് പോലീസ് ഇന്‍സ്‌പെക്ടര്‍ നിതിന്‍ ഫാല്‍ഫേല്‍ പറഞ്ഞു.
തുടര്‍ന്ന് ക്വിന്‍സിയ സത്‌വീറിനെ വിളിച്ചുവരുത്തി ഇരുവരും ചേര്‍ന്ന് ബവിഷ്യയെ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.