Sorry, you need to enable JavaScript to visit this website.

ഹജിനിടെ അനിഷ്ട സംഭവങ്ങൾ ഉണ്ടായിട്ടില്ല -ആഭ്യന്തര മന്ത്രി

മക്ക - ഈ വർഷത്തെ ഹജിനിടെ തീർഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആഭ്യന്തര മന്ത്രിയും സുപ്രീം ഹജ് കമ്മിറ്റി ചെയർമാനുമായ അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ പറഞ്ഞു. 
തീർഥാടകർക്ക് സേവനങ്ങൾ നൽകുന്ന കാര്യത്തിലുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും മാർഗനിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിച്ചതും ഹാജിമാർക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ക്രമീകരണങ്ങളും ഏർപ്പെടുത്തിയതുമാണ് ഈ നേട്ടത്തിന് സഹായിച്ചതെന്ന് ഹജ് കർമങ്ങൾ വിജയകരമായി പര്യവസാനിച്ചതോടനുബന്ധിച്ച് രാജാവിനും കിരീടാവകാശിക്കും അയച്ച സന്ദേശങ്ങളിൽ ആഭ്യന്തര മന്ത്രി പറഞ്ഞു. 
ഹജുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകൾ തയാറാക്കിയ പദ്ധതികളെല്ലാം വിജയകരമായി നടപ്പാക്കി. മിനായിൽ നിന്ന് അറഫയിലേക്കും അറഫയിൽ നിന്ന് മുസ്ദലിഫയിലേക്കും ഇവിടെനിന്ന് മിനായിലേക്കും വിശുദ്ധ ഹറമിലേക്കുമുള്ള ഹാജിമാരുടെ യാത്രകൾ റെക്കോർഡ് സമയത്തിനുള്ളിൽ പൂർത്തിയായി. 
തീർഥാടകരുടെ കാര്യങ്ങൾ ബന്ധപ്പെട്ട വകുപ്പുകൾ സസൂക്ഷ്മം നിരീക്ഷിച്ചിരുന്നു. രോഗങ്ങളിൽ നിന്നും പകർച്ചവ്യാധികളിൽ നിന്നും മുക്തമായ ആരോഗ്യകരമായ സാഹചര്യം തീർഥാടകർക്ക് ഒരുക്കുന്നതിന് സാധിച്ചതായും ആഭ്യന്തര മന്ത്രി പറഞ്ഞു.
ഇരു ഹറമുകളുടെയും സേവനത്തിന് നടത്തുന്ന ശ്രമങ്ങൾ ലോകത്തിനു മുന്നിൽ സൗദി ഭരണാധികാരികൾ തെളിയിച്ചതായി തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന് അയച്ച സന്ദേശത്തിൽ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറും സെൻട്രൽ ഹജ് കമ്മിറ്റി ചെയർമാനുമായ ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. 
ഇസ്‌ലാമിനും മുസ്‌ലിംകൾക്കും ഏറ്റവും മികച്ച സേവനങ്ങളാണ് സൗദി അറേബ്യ നൽകുന്നത്. ഓരോ വർഷം കഴിയുന്തോറും വിശുദ്ധ ഹറമിലും പുണ്യസ്ഥലങ്ങളിലും നടപ്പാക്കുന്ന വികസന പദ്ധതികൾക്ക് ഹാജിമാർ സാക്ഷികളാണ്. പ്രയാസരഹിതമായും സുരക്ഷിതമായും കർമങ്ങൾ നിർവഹിക്കുന്നതിന് തീർഥാടകർക്ക് ആവശ്യമായ എല്ലാവിധ സൗകര്യങ്ങളും ക്രമീകരണങ്ങളും സൗദി അറേബ്യ ഒരുക്കുന്നു. 
ഹജ് മാനേജ്‌മെന്റിൽ വിവിധ വകുപ്പുകൾ സംയോജനത്തോടെ നടത്തുന്ന ആത്മാർഥ ശ്രമങ്ങൾ സൗദി പൗരന്മാരുടെ കഴിവുകളും ശേഷികളുമാണ് വെളിവാക്കുന്നത്. ഇതിന് ലോകത്ത് തുല്യതയില്ല. എളുപ്പത്തിലും ശാന്തിയിലും ഹജ് കർമങ്ങൾ നിർവഹിക്കുന്നതിന് തീർഥാടകർക്ക് അവസരമൊരുക്കിയതിനു പിന്നിൽ സൗദി ഭരണകൂടവും ജനതയും പിൻപറ്റുന്ന സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സന്ദേശമാണ്. അല്ലാഹുവിന്റെ അതിഥികൾക്ക് ഏറ്റവും മികച്ച സേവനങ്ങൾ നൽകുന്നതിനും സൗകര്യങ്ങൾ ഒരുക്കുന്നതിനും സർവ ശേഷിയും സൽമാൻ രാജാവിന്റെ മേൽനോട്ടത്തിലും നിരീക്ഷണത്തിലും രാജ്യം ഒരുക്കിയിട്ടുണ്ടെന്നും സൽമാൻ രാജാവിന് അയച്ച സന്ദേശത്തിൽ ഖാലിദ് അൽഫൈസൽ രാജകുമാരൻ പറഞ്ഞു. കിരീടാവകാശിക്കും ആഭ്യന്തര മന്ത്രിക്കും മക്ക ഗവർണർ സമാന സന്ദേശങ്ങളയച്ചു.


 

Latest News