Thursday , February   27, 2020
Thursday , February   27, 2020

ഇന്ത്യൻ സിനിമ: കുതിപ്പും കിതപ്പും

ഒരു സാമൂഹ്യ മാധ്യമം എന്ന നിലക്ക് ഉത്തരവാദിത്തമുള്ള ഒരു ജനതയെ സംസ്‌കരിച്ചെടുക്കുവാനുള്ള കലാത്മക ഉൽപന്നം എന്നതിൽ നിന്ന് മാറി, സാങ്കേതികതയുടെ ഉപോൽപന്നം മാത്രമായി നമ്മുടെ സിനിമ മാറുമോ എന്ന ചോദ്യം പ്രസക്തമായിരിക്കുന്നു.

ഇന്ത്യൻ സിനിമയുടെ വളർച്ചക്ക് ഒരു നൂറ്റാണ്ടിലധികം പ്രായമുണ്ട്. ലൂമിയർ സഹോദരന്മാർ 1896 ൽ ബോംബെയിൽ സിനിമ എന്ന വിസ്മയത്തെ പരിചയപ്പെടുത്തിയത് മുതൽ ഭാരതത്തിലെ സിനിമാ മേഖലക്ക് ബീജാവാപം കുറിക്കപ്പെട്ടുവെന്നു വേണമെങ്കിൽ പറയാം.  എങ്കിലും ദാദാ സാഹെബ് ഫാൽക്കെയെയാണ് സിനിമാ ചരിത്രം ഇന്ത്യൻ വെള്ളിത്തിരയെക്കുറിച്ച് പറയുമ്പോൾ സിനിമാ ലോകത്തിന്റെ പിതാവായി വിശേഷിപ്പിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഫീച്ചർ ഫിലിം നിർമിച്ചുകൊണ്ട് തുടക്കംകുറിച്ചുവെന്നതിനപ്പുറം (നിശ്ശബ്ദ സിനിമയായായ രാജാ ഹരിശ്ചന്ദ്ര)  ചലച്ചിത്ര മേഖല എന്ന വിഭാഗത്തിന് ഇന്ത്യയിൽ ശക്തമായ അടിത്തറയിടുന്നത് ഇദ്ദേഹത്തിന്റെ സംഭാവനകളായിരുന്നു. നിർമാതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ, ആർട്ട് ഡയറക്ടർ, മെക്കപ്പ് മാൻ, കോസ്റ്റ്യൂം ഡിസൈനർ, എഡിറ്റർ തുടങ്ങിയ മേഖലകളിലെല്ലാം കൈവെച്ച അദ്ദേഹം  ഇവിടെയും സാധ്യമാകുന്നതാണ് സിനിമ എന്ന സന്ദേശം തന്റെ കഠിനാധ്വാനത്തിലൂടെ കൈമാറുകയും ചെയ്തു. ആദ്യകാലത്ത് ഇത്തരമൊരു അധ്വാനം ഇന്ത്യയിലെ സിനിമാ മേഖലയുടെ വികാസത്തിന് ഏറെ പ്രോത്സാഹനമാണ് നൽകിയതെന്നത് അവിതർക്കിതമായ കാര്യങ്ങളിലൊന്നാണ്. 
ഇന്ന് വലിയൊരു വ്യവസായം തന്നെയായി ഇന്ത്യയിൽ സിനിമാ നിർമാണം മാറിയിട്ടുണ്ട്. ഏകദേശം 1600 ഓളം സിനിമകളാണ് ഇന്ത്യയിലെ വിവിധ ഭാഷകളിലായി പ്രതിവർഷം നിർമിക്കപ്പെടുന്നത്. ലോകത്ത് ഒരു പക്ഷേ ഏറ്റവും കൂടുതൽ സിനിമകൾ നിർമിക്കുകയും അത് ആ രാജ്യത്തെ ഏറ്റവും കൂടുതൽ ആളുകൾ കാണുകയും ചെയ്യുന്ന രാജ്യങ്ങളിലൊന്ന് ഒരു പക്ഷേ നമ്മുടെ ഭാരതമായിരിക്കും. 3.5 ബില്യൺ ടിക്കറ്റുകളാണ് ഇന്ത്യയിലുടനീളം ഒരു വർഷം സിനിമാ പ്രദർശനത്തിനായി വിറ്റഴിക്കപ്പെടുന്നത്. 2018 ൽ മാത്രം 1813 സിനിമകളാണ് ഇന്ത്യയിലെ വിവിധ ഭാഷകളിലായി നിർമിക്കപ്പെട്ടത്. 
2015 ലെ കണക്കു പ്രകാരം ലോകത്ത് 2.5 ബില്യൺ യു.എസ് ഡോളറിന്റെ വരുമാനമാണ് ബോക്‌സോഫീസിൽ ഇന്ത്യൻ  സിനിമകളുടേതായി കണക്കിൽ എഴുതിച്ചേർത്തത്. ലോക സിനിമാ ചരിത്രത്തിൽ ഇതിന് മൂന്നാം സ്ഥാനമാണെന്നറിയുമ്പോഴേ ഇതിന്റെ വ്യാപ്തി നമുക്ക് തിരിച്ചറിയാൻ കഴിയൂ. വിവിധ ഭാഷാ ചിത്രങ്ങൾ കൂടിയുള്ള കണക്കാണിത്. ബോക്‌സോഫീസ് വരുമാനത്തിന്റെ 43 ശതമാനം സംഭാവന ഹിന്ദി ചലച്ചിത്രങ്ങളുടേതാണ്. തെലുങ്ക്, തമിഴ് സിനിമാ മേഖലകൾ 36 ശതമാനവും കന്നട, മലയാളം, മറാഠി തുടങ്ങി മറ്റു ഭാഷാ ചിത്രങ്ങളുടേതെല്ലാം 21 ശതമാനവുമാണ്. എന്നാൽ ഹിന്ദി കഴിഞ്ഞാൽ തെലുങ്ക്, തമിഴ്, കന്നട, മലയാളം, തുളു എന്നിങ്ങനെ ദക്ഷിണേന്ത്യൻ ചലച്ചിത്ര മേഖലയാണ് വ്യവസായികമായി ഈ മേഖലക്ക് ഏറെ പിന്തുണ നൽകുന്നത്. ബംഗാളി ചലച്ചിത്ര മേഖലയും പണ്ടു മുതലേ സജീവമാണെങ്കിലും തുടക്കത്തിലേ സമാന്തര കലാത്മക ചലച്ചിത്രങ്ങളിലൂടെ വേറൊരു പാതയിലൂടെയാണ് ഇവിടത്തെ ചലച്ചിത്ര ലോകം മുന്നോട്ടു പോയിക്കൊണ്ടിരുന്നത്. 
വർത്തമാന കാലത്ത് പ്രത്യേകിച്ച് ആഗോളീകരണത്തിന്റെ കാലത്ത് ഒരു വ്യവസായം എന്ന നിലക്ക് ഇന്ത്യൻ സിനിമാ മേഖല പ്രാദേശികവത്കരണത്തിൽനിന്ന് ഏറെ അന്തർദേശീയവൽക്കരിക്കപ്പെട്ടു കഴിഞ്ഞുവെന്നു വേണമെങ്കിൽ പറയാം. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സോണി പിക്‌ചേഴ്‌സ്, വാർണർ ബ്രദേഴ്‌സ്, വാൾട്ട് ഡിസ്‌നി പിക്‌ചേഴ്‌സ്, ട്വന്റിത്ത് സെഞ്ചുറി പിക്‌ചേഴ്‌സ്, യൂനിവേഴ്‌സൽ പിക്‌ചേഴ്‌സ് എന്നിവയെല്ലാം ഇന്ത്യൻ സിനിമകൾ നിർമിക്കുവാനായി കമ്പനികളുമായി രംഗത്തു വന്നത്. ഇവരെ കൂടാതെ ഇന്ത്യൻ കമ്പനികളായ എ വി എം, സൺ പിക്‌ചേഴ്‌സ്, സീ, യു ടി വി, പ്രസാദ് ഗ്രൂപ്പ്, പിരമിഡ്, ആഡ് ലാബ്‌സ് തുടങ്ങിയ അനേകം കമ്പനികളുംകൂടിയുള്ള മത്സരങ്ങൾ ഈ മേഖലയെ ഏറെ പരിപോഷിപ്പിച്ച ഒരവസ്ഥയിലാണ് ഇന്നുള്ളത്. എന്തിനധികം, പൃഥിരാജിന്റെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മലയാള സിനിമയായ നെയെൻ നിർമിച്ചത്. അമേരിക്കൻ കമ്പനിയായ എസ്.പി.ഇ എന്ന സോണി പിക്‌ചേഴ്‌സ് എന്റർടെയിൻമെന്റ് ഇന്റർനാഷണൽ ആണ്. ഇതുപോലെ കോടതി സമക്ഷം ബാലൻ വക്കീൽ എന്ന ദിലീപിന്റെ സിനിമ നിർമിച്ചത് മറ്റൊരു അമേരിക്കൻ കമ്പനിയായ പാരമൗണ്ട് പിക്‌ചേഴ്‌സിന്റെ  ഇന്ത്യയിലെ വിതരണക്കാരും അസോസിയേറ്റ്‌സുമായ വായാകോം 18 മോഷൻ പിക്‌ചേഴ്‌സായിരുന്നു. ഒരു വ്യവസായം എന്ന നിലക്ക് ആഗോള തലത്തിൽ വരെയുള്ള ഭീമാകാരന്മാരെ വരെ ആകർഷിക്കുവാൻ തക്ക രീതിയിലുള്ള വളർച്ച ഇന്ത്യൻ സിനിമാ ലോകം നേടിക്കഴിഞ്ഞുവെന്നുള്ളത് കാണിക്കുവാൻ വേണ്ടിയാണ് മലയാള സിനിമാ മേഖലയിലടക്കം അമേരിക്കൻ കമ്പനികളുടെ സാന്നിധ്യമുള്ള കാര്യം സൂചിപ്പിച്ചത്.
എന്നാൽ ലോകമൊന്നാകെ ഒരു കാലത്ത് വിസ്മയം കൊള്ളിപ്പിച്ച കലാത്മക സിനിമകളുടെ വക്താക്കൾ എന്ന പാതയിൽ നമ്മുടെ ഇന്ത്യൻ സിനിമക്ക് എത്രത്തോളം മുന്നോട്ടു പോകുവാൻ സാധിച്ചിട്ടുണ്ടെന്നുള്ള ചോദ്യം ഉയർത്തുമ്പോൾ, ഈ വ്യവസായിക വളർച്ചയുടെ അത്ര പുരോഗതി ഇന്ത്യൻ സിനിമക്ക് പിന്നീട് കലാത്മകമായി ഉണ്ടായില്ലെന്നു തന്നെ മൊത്തത്തിൽ വിലയിരുത്തേണ്ടിവരും. ലോകത്തെ പത്തു പ്രമുഖ സംവിധായകന്മാരുടെ ലിസ്റ്റെടുക്കുമ്പോൾ അതിൽ ഏഴാം സ്ഥാനത്ത് സത്യജിത് റേയെപ്പോലെ നിൽക്കുന്ന ഒരാളെ പിന്നീട് സൃഷ്ടിക്കുവാൻ നമ്മുടെ സിനിമാ മേഖലക്ക് സാധിച്ചിട്ടില്ല. 1992 ൽ ഓസ്‌കർ വേദിക്ക് പുറത്തുവെച്ച് റേയ്ക്ക് ഹോണററി ഓസ്‌കർ സമ്മാനിക്കാൻ അക്കാദമി അധികൃതർ കൊൽക്കത്തയിലെത്തിയത്, ഈ പ്രതിഭ ലോക സിനിമാ ലോകത്ത് തന്റെ കലാസൃഷ്ടി കൊണ്ട് ഉണ്ടാക്കിയ മതിപ്പാണ് കാണിച്ചത്. 
ബ്ലാക്ക് ആൻഡ് വൈറ്റ് യുഗത്തിൽനിന്ന് കളർ സിനിമയിലേക്കും പിന്നീട് സിനിമാസ്‌കോപ്പിലേക്കും പിന്നീട് 70 എം.എമ്മിലേക്കും ശേഷം ത്രീഡിയിലേക്കും നമ്മുടെ സിനിമയുടെ വളർച്ച ഏറെ ആശാവഹമായിരുന്നു. ഇതുപോലെ തന്നെയായിരുന്നു സെല്ലുലോയ്ഡിൽ നിന്ന് ഡിജിറ്റൽ യുഗത്തിലേക്കുള്ള ഇന്ത്യൻ സിനിമയുടെ വളർച്ച.  ഡിജിറ്റൽ ക്യാമറയിൽനിന്ന് സാധാരണ 5ഡി, 7 ഡി സ്റ്റിൽ ക്യാമറയിൽ നിന്ന് പോലും സിനിമ നിർമിക്കുവാൻ സാധിക്കുന്ന തരത്തിലേക്കും ഗ്രാഫിക്‌സ് പോലെയുള്ള അനന്ത സാധ്യതകളുടെ ഉപയോഗമടക്കമുള്ള കാര്യങ്ങളിലേക്കും സിനിമാ മേഖല കുതിച്ചു. പണ്ടത്തെ അപേക്ഷിച്ച് സിനിമാ നിർമാണം വരും കാലത്ത് ഏറെ ചെലവു കുറഞ്ഞ ഒരേർപ്പാടായി മാറിയേക്കാം. എന്നാൽ ഒരു സാമൂഹ്യ മാധ്യമം എന്ന നിലക്ക് ഉത്തരവാദിത്തമുള്ള ഒരു ജനതയെ സംസ്‌കരിച്ചെടുക്കുവാനുള്ള ഒരു കലാത്മക ഉൽപന്നം എന്നതിൽനിന്ന് മാറി, സാങ്കേതികതയുടെ അതിപ്രസരത്തിലൂടെ പുറത്തു വരുന്ന വെറുമൊരു ടെക്‌നോളജി ബൈപ്രൊഡക്ട് മാത്രമായി നമ്മുടെ സിനിമ മാറുമോ എന്നുള്ള ഒരു കാര്യമാത്ര പ്രസക്തമായ ചോദ്യം കൂടി ഉയർന്നുവരുന്നുണ്ട്. നല്ല കലാത്മക സിനിമകൾ കാണുവാൻ ഇപ്പോഴും തിയേറ്ററിൽ ആളുകളില്ലാതാകുന്നുവെന്ന, കേരളത്തിൽ പോലും പലപ്പോഴും സംഭവിക്കുന്ന വർത്തമാനകാല യാഥാർഥ്യം, നമ്മോട് ചോദിക്കുന്ന ചോദ്യവുമിതാണ്.