Thursday , February   27, 2020
Thursday , February   27, 2020

പ്രളയ കാലത്തെ സ്വാതന്ത്ര്യ ചിന്തകൾ

വീണ്ടുമൊരു സ്വാതന്ത്ര്യ ദിനം പ്രളയത്തിന്റെ കാർമേഘ പാളികളാൽ മങ്ങിപ്പോകുന്നു. കഴിഞ്ഞ വർഷം ത്രിവർണ പതാക വാനിലേക്കുയർന്നത് ആഹ്ലാദത്തിലേക്കായിരുന്നില്ല. പതിറ്റാണ്ടുകൾക്ക് ശേഷമുള്ള ആദ്യ പ്രളയത്തിന്റെ തിരയിളക്കങ്ങൾക്ക് തുടക്കം അന്നായിരുന്നു. ഒരാണ്ടിന് ശേഷം മറ്റൊരു പ്രളയത്തിന്റെ ദുരന്തപ്പെയ്ത്തിനിടെ ദേശീയ ഗാനത്തിന്റെ ശീലുകൾ ഒരിക്കൽ കൂടിയുണരുന്നു.
1947 ൽ ഇന്ത്യക്ക് ലഭിച്ച സ്വാതന്ത്ര്യം വൈദേശിക ആധിപത്യത്തിൽ നിന്നുള്ള മോചനം മാത്രമായിരുന്നില്ല. ബ്രിട്ടീഷ് ഭരണത്തിന് പകരം ഇന്ത്യക്ക് വേണ്ടി സ്വന്തമായി ഒരു സ്വയം ഭരണക്രമം വാർത്തെടുക്കാനുള്ള ഉത്തരവാദിത്തം കൂടിയാണ് അന്ന് ലഭിച്ചത്. 1956 ജനുവരി 26 ന് റിപ്പബ്ലിക്കായി മാറിയതോടെ ഇന്ത്യ ജനാധിപത്യ സംവിധാനത്തിന്റെ പ്രഘോഷകരായും ലോകമാകെ അറിയപ്പെട്ടു. ആ ഭരണ സംവിധാനം പതിറ്റാണ്ടുകൾക്കിപ്പുറം എത്രമേൽ ജനക്ഷേമകരമായി നടപ്പാക്കുന്നുണ്ടെന്ന് പുനഃപരിശോധിക്കേണ്ട അവസരം കൂടിയാണ് ഈ സ്വാതന്ത്ര്യ ദിനത്തിൽ വന്നെത്തുന്നത്. ജനക്ഷേമ പ്രവർത്തനങ്ങളിൽ ഭരണകൂടം വ്യതിചലിക്കപ്പെടുന്നുണ്ടോ എന്ന് വിശകലനം ചെയ്യേണ്ട അവസരം കൂടിയാണിത്.
സ്വതന്ത്ര്യത്തെ കുറിച്ചും സ്വയംഭരണത്തെ കുറിച്ചും വ്യക്തമായ ധാരണകളുള്ള സംസ്ഥാനമായിരുന്നു ആദ്യകാല കേരളം. സ്വതന്ത്ര്യത്തിന് മുമ്പ് നിലനിന്നിരുന്ന ജന്മിത്വത്തിന്റെ ആധിപത്യം തച്ചുടക്കുന്നതിൽ രാജ്യത്ത് തന്നെ മുൻനിരയിൽ നിന്ന സംസ്ഥാനം. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ ജന്മിത്വം ഇന്നും നിലനിൽക്കുമ്പോൾ ഭൂസ്വത്തിന്റെ കാര്യത്തിൽ ജനാധിപത്യം നടപ്പാക്കാനും അതുവഴി കുടിയാന്റെ സാമ്പത്തിക, സാമൂഹിക സ്വാതന്ത്ര്യത്തിന് ആദ്യ കാഹളം മുഴക്കാനും കേരളത്തിന് പതിറ്റാണ്ടുകൾക്ക് മുന്നേ കഴിഞ്ഞു. കുടിയാന് മേലുള്ള ചൂഷണങ്ങൾ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടക്കം കൂടിയായിരുന്നു അത്. എന്നാൽ ചൂഷണത്തിന്റെ പുതിയ മുഖങ്ങൾ കേരള ജനജീവിതത്തിലേക്ക് ആഴത്തിൽ വേറുറപ്പിക്കുന്നതിന്റെ ആശങ്കകളാണ് പുതിയ സ്വതന്ത്ര്യ ദിനപുലരിയിൽ നാം പങ്കുവെക്കേണ്ടി വരുന്നത്.
ഭരണ സംവിധാനങ്ങളെ  ദുരുപയോഗം ചെയ്തുള്ള ചൂഷണത്തിന്റെ പരിണത ഫലമാണ് കേരളത്തിൽ തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയ ദുരന്തങ്ങൾ എന്ന് ഇതിനകം വിമർശമുയർന്നു കഴിഞ്ഞിട്ടുണ്ട്. മലകളും പുഴകളുമാണ് പ്രളയ കാലത്ത് ഏറ്റവുമേറെ ചർച്ച ചെയ്യപ്പെടുന്നത്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിൽ സുപ്രധാന പങ്കുള്ള രണ്ട് ഘടകങ്ങളാണിവ. സാമ്പത്തിക ലാഭത്തിനായി മനുഷ്യൻ മലകളെ തുരക്കുമ്പോൾ തുറന്നുവരുന്നത് ദുരന്തത്തിന്റെ ഭീകര മുഖങ്ങളാണ്. കേരളത്തിന്റെ വലിയൊരു ഭാഗത്ത് ഉയർന്നു നിൽക്കുന്ന പശ്ചിമഘട്ട മലനിരകൾ ഇന്ന് സുരക്ഷിതമല്ലാതായി. കരിങ്കൽ ക്വാറികൾക്കും ബഹുനില കെട്ടിടങ്ങൾക്കുമായി മലനിരകൾ ഇടിച്ചു നിരത്തപ്പെട്ടപ്പോൾ അവയുടെ അടിത്തറയാണ് ഇളകുന്നത്. ഓരോ മഴക്കാലത്തും താഴേക്ക് പതിക്കുന്നത് ആ അടിത്തറയുടെ ചെറിയൊരു ഭാഗം മാത്രം. ദുരന്തമായി മാറാൻ ഇനിയും പതനങ്ങൾ ബാക്കി നിൽക്കുകയാണ്. 
സ്വതന്ത്രമായി ഒഴുകുന്ന പുഴകൾ കേരളത്തിന്റെ അനുഗ്രഹമാണ്. വരൾച്ചയെ നേരിടുന്ന അയൽ സംസ്ഥാനങ്ങൾ എന്നും അസൂയയോടെയാണ് കേരളത്തിന്റെ ജലസമൃദ്ധിയിലേക്ക് നോക്കുന്നത്. എന്നാൽ ജലസംഭരണത്തിലും വിനിയോഗത്തിലും കേരളം പുലർത്തി വരുന്ന അശാസ്ത്രീയ നയ സമീപനം അപകടകരമായ നാളുകളിലേക്കാണ് സംസ്ഥാനത്തെ നയിക്കുന്നത്. കേരളത്തിന്റെ സവിശേഷമായ കാലാവസ്ഥാ സ്വഭാവങ്ങൾ പാടെ അവഗണിച്ചു കൊണ്ടുള്ള നയങ്ങളാണ് ഏറെ കാലമായി നാം സ്വീകരിച്ചു വരുന്നത്. വൈദ്യുതി ഉൽപാദനത്തിന്റെ പേരിൽ അണ കെട്ടി നിർത്തുന്ന നദീജലം മലയാളി സമൂഹത്തിന്റെ നാശത്തിനായി മാറുന്ന കാഴ്ചകൾ നാം കണ്ടതാണ്. വൈദ്യുതിക്കായി ബദലുകളെ കുറിച്ച് ഇനിയും നാം ചിന്തിച്ചു തുടങ്ങുന്നില്ല. ഒരു കാലത്ത് കേരളത്തിന്റെ ജലസംഭരണികളായിരുന്ന തോടുകൾ ഇല്ലാതായി. പുഴകൾ കവിഞ്ഞൊഴുകുന്ന വെള്ളം ശേഖരിക്കാൻ ഇടങ്ങളില്ലാതായി. ശുദ്ധജല വിതരണത്തിനായി അണ കെട്ടി നിർത്തിയ പുഴകളിൽ ജലസംഭരണ ക്രമങ്ങൾ താറുമാറായി. മീൻ പിടിക്കാനും കന്നുകാലികളെ വളർത്താനും വേണ്ടി വരെ അണക്കെട്ടുകളിലെ വെള്ളം യഥാസമയം തുറന്നു വിടാൻ തയാറാകാത്ത അരാജകത്വത്തിലേക്ക് കാര്യങ്ങൾ മാറി മറിഞ്ഞു. ഭരണകൂടങ്ങൾക്ക് നിയന്ത്രണമില്ലാത്ത അവസ്ഥയിലേക്കാണ് ഈ അരാജകത്വം വളർന്നു വരുന്നത്.
സ്വാതന്ത്ര്യത്തിന്റെ അർഥം ജനങ്ങളുടെ ക്ഷേമം എന്നു കൂടിയാണെങ്കിൽ, ആ സ്വാതന്ത്ര്യം നിലനിർത്താനുള്ള ഉത്തരവാദിത്തം ഭരണകൂടങ്ങൾക്കുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന നിയമസഭാ സാമാജികർക്ക് ബ്യൂറോക്രസിക്ക് മേൽ എത്രമേൽ നിയന്ത്രണമുണ്ടെന്ന് കൂടി പരിശോധിക്കേണ്ട സമയമാണിത്. സർക്കാർ നയങ്ങൾ ജനങ്ങളിലേക്കെത്തുന്നത് ഉദ്യോഗസ്ഥരിലൂടെയാണ്. സർക്കാർ നയം താഴെ തട്ടിലേക്കെത്തുന്നത് അപൂർണമായോ വികലമായോ ആണെങ്കിൽ അത് ഭരണകൂടങ്ങളുടെ പിടിപ്പുകേടാണ്.
മഹാപ്രളയങ്ങൾ മലയാളിയുടെ ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെ പോലും പരീക്ഷണ ശാലയിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്. ഓരോ പ്രളയവും ആയിരക്കണക്കിന് മലയാളികളുടെ ജീവിക്കാനുള്ള, തൊഴിൽ ചെയ്യാനുള്ള, പഠിക്കാനുള്ള, സ്വന്തം വീട്ടിൽ കിടന്നുറങ്ങാനുള്ള സ്വാതന്ത്ര്യത്തെയാണ് ഹനിക്കുന്നത്. ഈ അവസ്ഥക്ക് പ്രകൃതിയെ പഴിക്കുന്നതിൽ കാര്യമില്ല. പ്രകൃതിയെയും വിഭവങ്ങളെയും പരിപാലിക്കുന്നതിൽ മലയാളിക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ചിന്താഭ്രംശമാണ് വിചാരണ ചെയ്യപ്പെടേണ്ടത്. വശ്യമായ പ്രകൃതി ഭംഗി കൊണ്ട് പുകഴ്ത്തപ്പെട്ട ദൈവത്തിന്റെ സ്വന്തം നാട് ആ ചിന്താഭ്രംശം കൊണ്ട് ദുരന്തങ്ങളുടെ നാടായി മാറുകയാണ്.
സ്വാതന്ത്ര്യ ദിനത്തിന്റെ പുതിയ പ്രഭാതം പ്രളയ ദുരന്തങ്ങളിൽനിന്നുള്ള മോചനത്തെ കുറിച്ചുള്ള ആലോചനകൾ നിറഞ്ഞതു കൂടിയാകണം. സുരക്ഷിതമല്ലാത്ത ഭൂപ്രദേശങ്ങളിൽ സ്വാതന്ത്ര്യത്തിന് മഹത്തായ അർഥങ്ങളുണ്ടാകില്ല. സ്വാതന്ത്ര്യമെന്നത് അവിടെ മൂന്നക്ഷരം മാത്രമുള്ള വാക്കായി മാറുന്നു. വികാരങ്ങൾ ചോർന്നു പോയ വാക്ക് മാത്രം.