Friday , February   21, 2020
Friday , February   21, 2020

ഗാന്ധിജി വീണ്ടെടുത്ത ഇന്ത്യക്ക് 73 വയസ്സ് 

ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 73 ാമത് വാർഷികം ആഘോഷിക്കുന്ന ആഹ്ലാദ ദിനമാണ് ഇന്ന്. സ്വതന്ത്ര ഇന്ത്യയിൽ ജനിച്ച പൗരന്മാർ രാജ്യത്തെ മുതിർന്ന പൗരന്മാരായി മാറിയ ശേഷമുള്ള ഒന്നര പതിറ്റാണ്ടും പിന്നിട്ടു കഴിഞ്ഞിരിക്കുന്നു. സ്വാതന്ത്ര്യ സമരത്തിൽ നേരിട്ട് പങ്കാളികളായ വ്യക്തികളുടെ തലമുറയിൽ വളരെ കുറച്ച് പേർ മാത്രമായിരിക്കും  ഇന്ന് ജീവിച്ചിരിക്കുന്നത്. രണ്ട് നൂറ്റാണ്ട് നീണ്ട ബ്രിട്ടീഷ് കോളനി ഭരണകാലത്തിന്റെ ക്രൂരതയും ചൂഷണവുമെല്ലാം  സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ജനങ്ങൾക്ക് ഇനി വായിച്ചറിഞ്ഞ കാര്യങ്ങൾ മാത്രമായി മാറും.  പോയ വർഷങ്ങളത്രയുമായി, ജീവൻ തുടിക്കുന്ന സ്വാതന്ത്ര്യ സമര ചരിത്രവും രാഷ്ട്ര നേതാക്കളും എല്ലാ തലമുറകളിലേക്കും ആവേശമായി  പടർന്നിറങ്ങുന്നുണ്ടായിരുന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ മഹത്തായ സ്വാതന്ത്ര്യ സമരത്തിന്റെ ഓർമപ്പെടുത്തൽ നാളുകളുമായിതീർന്നതിനാൽ രാജ്യത്തെ ജനത എന്നും രാജ്യാഭിമാനികളായി നിലകൊണ്ടു. രാജ്യത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് വിദ്യാലയങ്ങളിലെ ആഘോഷം തലമുറകളിൽനിന്ന് തലമുറകളിലേക്ക് സ്വാതന്ത്ര്യ സമര ചരിത്രം ആവേശപൂർവം ചെന്നെത്തിച്ച സന്ദർഭം കൂടിയായിരുന്നു.  പതാകയുയർത്തലും സ്വാതന്ത്ര്യ സമര കീർത്തന ഗാനങ്ങളും കേൾക്കുകയും കാണുകയും ചെയ്യാത്ത ഒരു തലമുറയും  പോയ പതിറ്റാണ്ടുകളിൽ കടന്നുപോയിട്ടില്ല.  ഇന്ത്യൻ ജനതയുടെ ദേശസ്‌നേഹത്തിന്റെ  വലിയ നീക്കിയിരിപ്പുകളിലൊന്നായി ഈ ആഘോഷങ്ങളെ കാണാം. 
1947 ഓഗസ്റ്റ് 15 നല്ല ദിവസമല്ലെന്ന് ജ്യോതിഷികൾ വിധിച്ചതിനാൽ സ്വാതന്ത്ര്യദിനാഘോഷം 14 ന് തന്നെ തുടങ്ങിയിരുന്നുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തിയിരിക്കുന്നത്. ദൽഹിയിലെ മുൻ നിയമ നിർമാണ സമിതിയുടെ തളത്തിലായിരുന്നു ആദ്യത്തെ  ഔദ്യോഗിക ആഘോഷ പരിപാടികൾ.   മുറിയാകെ പ്രഭാപൂരിതമായി തിളങ്ങി. കഴിഞ്ഞ ദിവസം വരെ ബ്രിട്ടീഷ് വൈസ്രോയിയുടെ ചിത്രങ്ങൾ തൂങ്ങിക്കിടന്ന സ്ഥലങ്ങളിലെല്ലാം ഇന്ത്യൻ ദേശീയ പതാക അഭിമാന ചിഹ്നമായി.  ദേശീയ ഗാനം അന്ന് രൂപപ്പെട്ടിരുന്നില്ല. അതു കാരണം അന്തരീക്ഷത്തിൽ ബങ്കിംചന്ദ്ര ചാറ്റർജി എഴുതിയ ദേശസ്‌നേഹഗീതമായ വന്ദേമാതരം ആദരപൂർവം ആലപിക്കപ്പെട്ടു.  1950 ലാണ് ടാഗോറിന്റെ 'ജനഗണമന' എന്ന ഗാനം ദേശീയ ഗാനമായി സ്വീകരിക്കപ്പെട്ടത്. അതിന് മുമ്പ് 1911 ൽ കൽക്കട്ടയിൽ നടന്ന ഇന്ത്യൻനാഷനൽ കോൺഗ്രസ് സമ്മേളനത്തിൽ  ഈ ഗാനം ആലപിച്ചിരുന്നു.  രാത്രി 11 മണിക്കാണ് സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ആരംഭിച്ചത്. ആഘോഷത്തിന്റെ അലയൊലികൾ ഹാളിന് പുറത്തും വ്യാപിക്കുന്നുണ്ടായിരുന്നു. വന്ദേമാതര ഗാനലാപനത്തിനും  പതാക സമർപ്പണത്തിനും ഇടക്ക്   ചരിത്ര പ്രസിദ്ധമായ ചില പ്രസംഗങ്ങൾ. ചൗധരി ഖലീഖുസമാൻ, ഡോ. സർവേപ്പള്ളി രാധാകൃഷണൻ,  പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റു എന്നിവരായിരുന്നു  ചരിത്രം കനം തൂങ്ങി നിന്ന ആ സുന്ദര മുഹൂർത്തത്തിലെ പ്രസംഗകർ.  അന്ന് ജവാഹർലാൽ നെഹ്‌റു ചെയ്ത പ്രസംഗം ചരിത്രത്തിന്റെ തങ്കത്താളുകളിൽ രേഖപ്പെട്ടുകിടക്കുന്നു. ലക്ഷണമൊത്ത സാഹിത്യ പ്രതിഭക്ക് മാത്രം  പ്രയോഗിക്കാൻ കഴിയുന്ന വാക്കുകൾ നെഹ്‌റു എന്ന പ്രതിഭയിൽനിന്ന് ഒഴുകിയെത്തി. '' ... നാഴിക മണി അർധരാത്രി പന്ത്രണ്ടടിക്കുമ്പോൾ, ലോകം നിദ്രയിൽ അമർന്നിരിക്കുമ്പോൾ, ഇന്ത്യ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ഉണരും. ചരിത്രത്തിൽ ദുർലഭമായി മാത്രം വന്നു ചേരുന്ന മുഹൂർത്തം. നാം പഴയതിൽനിന്ന് ഇറങ്ങി പുതിയതിലേക്ക് കടക്കുന്ന സന്ദർഭം. ഒരു യുഗാന്ത്യം. ഏറെക്കാലമായി അടിച്ചമർത്തപ്പെട്ട ഒരു രാഷ്ട്രത്തിന്റെ ആത്മാവ് വാക്കുകൾ കണ്ടെത്തുന്ന നിമിഷം''  വികാരം നിറഞ്ഞതും, ഏതൊരു ആംഗലേയ സാഹിത്യകാരനെയും വെല്ലുന്ന, അലങ്കാരങ്ങളാൽ സമൃദ്ധവുമായ ആ പ്രസംഗം ചരിത്രത്തിൽ എത്രയോ തവണ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു!  നെഹ്‌റുവിന്റെ യഥാർഥ ശബ്ദത്തിൽ രേഖപ്പെടുത്തപ്പെട്ട ആ  പ്രസംഗം ഏഴ് പതിറ്റാണ്ടായി ഇന്ത്യൻ ജനതയെ ആവേശം കൊള്ളിക്കുന്നു.

ജവാഹർലാൽ നെഹ്‌റുവായിരുന്നു  ഗാന്ധിജിയുടെ ബോധ്യം.  സഹവർത്തിത്വത്തിന്റെ, സ്‌നേഹത്തിന്റെ, അഹിംസയുടെ   നയതന്ത്രങ്ങൾ വഴി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തോൽപിച്ചു കളഞ്ഞ  ഗാന്ധിജി  രാജ്യത്തിനായി ബോധപൂർവം തെരഞ്ഞെടുത്തു തന്ന ഭരണാധികാരി.

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ആരവങ്ങൾ നടക്കുമ്പോൾ സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി ജീവിത കാലം മുഴുവൻ പോരാടിയ  നേതാവായ മഹാത്മാഗാന്ധി ആഘോഷങ്ങളിലൊന്നും പങ്കെടുക്കാതെ മാറി നിൽക്കുകയായിരുന്നു. അത്രക്ക് മുറിവേറ്റു പോയിരുന്നു  ആ താപസന്റെ മനസ്സ്. ഇന്ത്യയും പാക്കിസ്ഥാനുമായി മാറിപ്പോയ ഇന്ത്യ അദ്ദേഹത്തിന് സഹിക്കാവുന്നതിനെല്ലാം അപ്പുറമായിരുന്നു. 1947 ഓഗസ്റ്റ് 15 ന് അദ്ദേഹം 24 മണിക്കൂർ നിരാഹാരം  കിടന്നു. താനിത്രയും കാലം പോരാടി നേടിയ ഇന്ത്യ വിഭജിക്കപ്പെട്ടുപോയതിൽ അദ്ദേഹം അതീവ ദുഃഖിതനായിരുന്നു. വിഭജനം 1947 ജൂൺ  മൂന്നിന് പ്രഖ്യാപിക്കപ്പെട്ടിരുന്നുവെങ്കിലും ഓഗസ്റ്റ് പതിനാലിനായിരുന്നു  നടപ്പായത്. കാരണം അന്നായിരുന്നു പാക്കിസ്ഥാൻ രൂപീകൃതമായത്. രാജ്യത്ത് വ്യാപകമായിക്കൊണ്ടിരുന്ന വർഗീയ  കലാപങ്ങളിൽ ഖിന്നനായ അദ്ദേഹം എല്ലാ കാര്യങ്ങളും നെഹ്‌റുവിനെ ഏൽപിച്ചു പിൻമാറിയതു പോലെയായിരുന്നു അവസ്ഥ. ബി.ബി.സി രണ്ടു തവണയെങ്കിലും ഗാന്ധിജിയെ സ്വാതന്ത്ര്യ ദിന സന്ദേശത്തിനായി സമീപിച്ചിരുന്നു- സ്വാതന്ത്ര്യാനന്തര ഇന്ത്യയെപ്പറ്റി എന്തെങ്കിലുമൊന്ന്  പറയാൻ-  അതിന്  അർഹൻ ഗാന്ധിജി മാത്രമാണെന്ന ബി.ബി.സിയുടെ ബോധ്യം ലോകത്തിന്റേതുമായിരുന്നു.  പക്ഷേ എല്ലാം നെഹ്‌റു ചെയ്യും, പറയും എന്നദ്ദേഹം കുലീനമായി വഴിമാറി. ഹിന്ദുസ്ഥാൻ ടൈംസിന്റെ ലേഖകൻ  സമീപിച്ചപ്പോൾ  ഇനിയീ മനസ്സിൽ വാക്കുകളില്ല എന്നാണദ്ദേഹം കണ്ണീരണിഞ്ഞത്. അപ്പോഴും അദ്ദേഹത്തിന്റെ പ്രതീക്ഷയത്രയും നെഹ്‌റുവിൽ കേന്ദ്രീകരിച്ചതായി ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്നു. സർദാർ പട്ടേലും നെഹ്‌റുവും ഐക്യപ്പെട്ടു പോകണം എന്നും ഗാന്ധിജി പ്രാർഥനാപൂർവം ആഗ്രഹിച്ചിരുന്നു.  ശരിക്കു പറഞ്ഞാൽ ഇന്ത്യയുടെ ഗതി തന്നെ മാറിമറിഞ്ഞു പോകുമായിരുന്ന ഐക്യപ്പെടൽ. അതു നടക്കുന്നതിന് മുമ്പ് പക്ഷേ ഗാന്ധിജി വിട വാങ്ങി. അധികം താമസിയാതെ പട്ടേലും.  ജവാഹർലാൽ നെഹ്‌റുവായിരുന്നു  ഗാന്ധിജിയുടെ ബോധ്യം. സഹവർത്തിത്വത്തിന്റെ, സ്‌നേഹത്തിന്റെ, അഹിംസയുടെ   നയതന്ത്രങ്ങൾ വഴി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ തോൽപിച്ചു കളഞ്ഞ  ഗാന്ധിജി  രാജ്യത്തിനായി ബോധപൂർവം തെരഞ്ഞെടുത്തു തന്ന ഭരണാധികാരി.  ഗാന്ധിജിക്ക് സ്വന്തം മക്കളേക്കാൾ നെഹ്‌റുവിനെ ഇഷ്ടമായിരുന്നുവെന്ന് ചരിത്രം പഠിപ്പിച്ചു തരുന്നു.  പിതാവ് എന്നർഥം വരുന്ന ബാപ്പുജി എന്ന പദത്തിലായിരുന്നു നെഹ്‌റു ഗാന്ധിജിയെ അഭിസംബോധന ചെയ്തിരുന്നത്. ഗാന്ധിജിയുടെ തെരഞ്ഞെടുപ്പ് തെറ്റായിരുന്നില്ലെന്ന് കാലം തെളിയിച്ചു തന്നു.  സ്വതന്ത്ര ഇന്ത്യയെ അതിന്റെ മഹത്വ പൂർണമായ അവസ്ഥയിൽ പതിറ്റാണ്ടുകൾ വഴി  നടത്താൻ നെഹ്‌റുവിനും ഏറ്റക്കുറച്ചിലോടെയെങ്കിലും അദ്ദേഹത്തിന്റെ പിൻതലമുറക്കും സാധിച്ചുവെന്നത് സ്വതന്ത്ര ഇന്ത്യയിലെ  വിസ്മയിപ്പിക്കുന്ന കാര്യമായി  ഇന്നും അവശേഷിക്കുന്നു. ആ ചരിത്ര സത്യം ഇന്ത്യ വീണ്ടും വീണ്ടും തിരിച്ചറിയുന്ന ഘട്ടത്തിലാണ് സ്വാതന്ത്ര്യ ദിനം വന്നണയുന്നത്.  സ്വാതന്ത്ര്യം എല്ലാ മനുഷ്യരുടെയും  ജന്മാവകാശമാണെന്ന് വിശ്വസിക്കുന്നവർക്കേ പൗരസമൂഹത്തിന്റെ അവകാശങ്ങൾ വകവെച്ചു കൊടുക്കാൻ സാധിക്കുകയുള്ളൂ. മനുഷ്യരെയെല്ലാം അവരുടെ നന്മതിന്മകൾ നോക്കാതെ ഉള്ളറിഞ്ഞ് വിശ്വസിച്ച, മാനവികതയുടെ ഭാഷ മാത്രം സംസാരിച്ച  രണ്ട് നേതാക്കളെയും (ഗാന്ധിജി, നെഹ്‌റു) ബ്രൂട്ടസിനെപ്പറ്റി ഷേക്‌സ്പിയർ പറഞ്ഞ വാക്കുകൾ ബഹുവചനമാക്കി ഇങ്ങനെ  അടയാളപ്പെടുത്താം- അവരുടെ ജീവിതം സുജനോചിതമായിരുന്നു;  ഇതാ രണ്ട് മനുഷ്യർ എന്ന് പ്രകൃതിക്ക്, എഴുന്നേറ്റ് നിന്ന് സമസ്ത ലോകത്തോടും പറയാൻ കഴിയുമാറാവും വിധത്തിൽ ഭ പദാർഥങ്ങൾ  അവരിൽ സമന്വയിച്ചിരുന്നു.


 

Latest News