തരൂർ കോൺഗ്രസ് സഭാകക്ഷി നേതാവാകുമോ?. പാർട്ടിയിൽ ചർച്ച കനക്കുന്നു

ന്യൂദൽഹി- ലോക്‌സഭയിൽ കോൺഗ്രസ് സഭാ കക്ഷി നേതാവായ അധീർ രഞ്ജൻ ചൗധരിയെ മാറ്റി പകരം ശശി തരൂരിന്് ചുമതല നൽകണമെന്ന ആവശ്യം കോൺഗ്രസിനുള്ളിൽ ശക്തമാകുന്നു. കക്ഷി നേതാവെന്ന നിലയിൽ അധീർ രഞ്ജന്റെ പ്രകടനം മോശമാണെന്നും പകരം തരൂരിന് ചുമതല നൽകണമെന്നും രാജസ്ഥാൻ, പഞ്ചാബ് പി.സി.സി പ്രസിഡന്റുമാരാണ് ആവശ്യമുന്നയിച്ചിരിക്കുന്നത്. 
ഇടക്കാല പ്രസിഡന്റിനെ തീരുമാനിക്കാൻ കഴിഞ്ഞ ദിവസം പ്രവർത്തക സമിതിയംഗങ്ങൾ സംസ്ഥാന ഘടകങ്ങളുമായി ചർച്ച നടത്തിയപ്പോഴാണ് രാജസ്ഥാൻ പി.സി.സി അധ്യക്ഷൻ സച്ചിൻ പൈലറ്റും പഞ്ചാബ് പി.സി.സി പ്രസിഡന്റ് സുനിൽ ഝാക്കറും ഇക്കാര്യം ഉന്നയിച്ചത്. കശ്മീർ ചർച്ചയ്ക്കിടെ അധീർ രഞ്ജൻ ചൗധരിയുടെ കൈവിട്ടു പോയ സെൽഫ് ഗോൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്നായിരുന്നു ചൗധരിയുടെ പരാമർശം.
കേരളത്തിനു പുറമെ കോൺഗ്രസിന് ഏറ്റവുമധികം സീറ്റ് ലഭിച്ച സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബ് പി.സി.സി പ്രസിഡന്റും നേതൃത്വത്തിൽ നിർണായക സ്വാധീനമുള്ള സച്ചിൻ പൈലറ്റും പിന്തുണയറിയിച്ചതോടെ തരൂരിനെ നിയമിക്കുന്നതു സംബന്ധിച്ച  അണിയറ ചർച്ച സജീവമായതായാണ് സൂചന. ലോക്‌സഭയിൽ ബി.ജെ.പിയെ ആശയപരമായി നേരിടാൻ കൂടുതൽ യോഗ്യൻ തരൂരാണെന്നും ഝാക്കർ കൂട്ടിച്ചേർത്തു. സച്ചിനും സമാന അഭിപ്രായമാണ് മുന്നോട്ടു വെച്ചിട്ടുള്ളത്. എന്നാൽ, തരൂർ സഭാ നേതാവാകുന്നതിനെ കേരളത്തിലെ നേതൃത്വം കാര്യമായി പിന്തുണച്ചില്ലെന്നാണ് സൂചന.

Latest News