ന്യൂദൽഹി- ദൽഹി ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസുകളിൽ വനിതകൾക്ക് ഒക്‌ടോബർ 29 മുതൽ സൗജന്യയാത്രാസൗകര്യം ഏർപ്പെടുത്തുമെന്ന് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. സ്വാതന്ത്ര്യദിന പ്രഭാഷണത്തിലാണ് കെജ്‌രിവാൾ ഇക്കാര്യം അറിയിച്ചത്. ദൽഹി മെട്രോയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഏർപ്പെടുത്തി രണ്ട് മാസം പിന്നിടുമ്പോഴാണ് പുതിയ പ്രഖ്യാപനം. രക്ഷാബന്ധൻ ദിവസത്തിൽ നമ്മുടെ സഹോദരിമാർക്കായി ഒരു പ്രഖ്യാപനം നടത്താൻ ആഗ്രഹിക്കുന്നു. ദൽഹി ട്രാന്‌സ്‌പോർട്ട് കോർപ്പറേഷന്റെ ബസുകളിലും ക്ലസ്റ്റർ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്രക്ക് സർക്കാർ സംവിധാനമൊരുക്കുകയാണ്-കെജ്‌രിവാൾ പറഞ്ഞു. അടുത്ത ജൂണിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർണായക നീക്കമാണ് കെജ്‌രിവാൾ നടത്തിയത്.