തിരുവനന്തപുരം- സ്വന്തം സഹോദരിയെ നഷ്ടപ്പെട്ടപ്പോൾ ചേർന്നു നിന്ന കേരളത്തെ ദുരിതത്തിൽ നെഞ്ചോട് ചേർത്ത് സഹായഹസ്തം നീട്ടി കോവളത്ത് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരി ഇലിസ് സർക്കോണ.
കേരളത്തിൽ വെച്ച് കൊല്ലപ്പെട്ട ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ് സർക്കോണ. പ്രളയ ദുരിതത്തിൽ കേരളത്തിന് പിന്തുണ അറിയിച്ചുകൊണ്ട് ഇലിസയുടെ വീഡിയോ സന്ദേശം മുഖ്യമന്ത്രി പിണറായി വിജയനാണ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ശേഷമാണ് ഇലിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ്സ് വലുതാണെന്ന് വീഡിയോ പങ്കുവെച്ച് മുഖ്യമന്ത്രി കുറിച്ചു. ആ നല്ല മനസ്സിന് സംസ്ഥാനത്തിന്റെ ആദരവ് പ്രകടിപ്പിച്ചാണ് മുഖ്യമന്ത്രി കുറിപ്പ് അവസാനിപ്പിക്കുന്നത്.
ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
ഇലിസ് സർക്കോണ എന്ന പേര് മലയാളികൾക്ക് അധികം പരിചയം കാണില്ല. കേരളത്തിൽവെച്ച് കൊല്ലപ്പെട്ട, നമ്മുടെ എല്ലാം നൊമ്പരമായി മാറിയ ലാത്വിയൻ യുവതിയുടെ സഹോദരിയാണ് ഇലിസ്. നമ്മൾ ഒരു വിഷമഘട്ടത്തിലൂടെ നീങ്ങുമ്പോൾ കേരളത്തിന് പിന്തുണ അറിയിച്ചുള്ള ഇലിസയുടെ സന്ദേശം എത്തിയിരിക്കുന്നു. അയർലണ്ടിൽ നിന്നും തന്റെ വരുമാനത്തിന്റെ ഒരു പങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ ശേഷമാണ് ഇലിസ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സന്ദേശം അയച്ചത്. ഈ വിഷമ മേറിയ അവസ്ഥയിൽ കേരളീയർക്കൊപ്പമെന്നാണ് ഇലിസയുടെ സന്ദേശം. ഇപ്പോഴത്തെ ദുരന്തത്തെ മറികടക്കാനുള്ള കരുത്ത് ഉണ്ടാകട്ടെ എന്ന ആശംസയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു തുകയും ഇലിസ പങ്കുവെക്കുന്നു. സമാനതകൾ ഇല്ലാത്തതാണ് ഈ അനുഭവം. ഈ ദുരന്തകാലത്ത് നമുക്കൊപ്പം നിൽക്കാൻ തോന്നുന്ന ഇലിസയുടെ മനസ്സ് വലുതാണ്. ഇലിസയുടെ സന്ദേശം മലയാളികൾക്കാകെ ആത്മവിശ്വാസം നൽകും. ആ നല്ല മനസ്സിന് സംസ്ഥാനത്തിന്റെ ആദരവ്.