Sorry, you need to enable JavaScript to visit this website.

പത്തനംതിട്ട വിഭവ  സമാഹരണ കേന്ദ്രത്തിലേക്ക്  സഹായ പ്രവാഹം

ഉത്തര കേരളത്തിലേക്കുള്ള ദുരിതാശ്വാസ സഹായം പത്തനംതിട്ടയിലെ വ്യാപാരികൾ ജില്ലാ കലക്ടർ പി.ബി.നൂഹിന് കൈമാറിയപ്പോൾ

പത്തനംതിട്ട- വടക്കൻ കേരളത്തിലെ ദുരിത ബാധിതരെ സഹായിക്കുന്നതിനായി പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച വിഭവസമാഹരണ കേന്ദ്രങ്ങളിലേക്ക് സഹായ പ്രവാഹം. ജില്ലയിൽ നിന്ന് അവശ്യ വസ്തുക്കളുമായി അഞ്ചു ടോറസ് വണ്ടികൾ ഇന്നലെ രാത്രിയോടെ വയനാട്ടിലേക്ക് പുറപ്പെട്ടു. പ്രധാനമായും വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ദുരിതബാധിതർക്ക് വേണ്ടിയുള്ള അവശ്യവസ്തുക്കളാണ് പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയം, തിരുവല്ല ഡയറ്റ്, പത്തനംതിട്ട കലക്ടറേറ്റ് എന്നിവിടങ്ങളിൽ ജില്ലാഭരണകൂടം സംഭരിക്കുന്നത്. വയനാട്ടിൽ വൻതോതിൽ സാധനങ്ങൾ വേണ്ടിവരുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും ജില്ലാ കലക്ടർ പറഞ്ഞു. ഇവിടെ നിന്നുപോയ വാഹനങ്ങളിൽ ജില്ലാഭരണകൂടത്തിന്റെ ഒരു ഉദ്യോഗസ്ഥനും ഉണ്ട്. കയറ്റി അയച്ച സാധനങ്ങളുടെ മുഴുവൻ പട്ടികയും ഈ ഉദ്യോഗസ്ഥന്റെ കൈവശമുണ്ട്. അയച്ച സാധനങ്ങൾ മുഴുവൻ ലഭിച്ചുവെന്ന് അതത് ജില്ലാ ഭരണകൂടം സാക്ഷ്യപ്പെടുത്തും. നമ്മൾ ശേഖരിക്കുന്നതും കയറ്റി അയക്കുന്നതിനുമെല്ലാം കൃത്യമായ കണക്കുകൾ ഉണ്ടാകുമെന്നും കലക്ടർ പറഞ്ഞു. 
പ്രമാടത്ത് നിന്നും മൂന്നു ലോഡ് സാധനങ്ങളും തിരുവല്ല ഡയറ്റിൽ നിന്ന് രണ്ടു ലോഡ് സാധനങ്ങളുമാണ് കയറ്റി അയച്ചത്. പ്രമാടത്ത് ടോറസ് വിയിലേക്ക് കലക്ടറുടെ നേതൃത്വത്തിലാണ്  സാധനങ്ങൾ കയറ്റിയത്. 
ജില്ലാ ഭരണകൂടം ആരംഭിച്ചിരിക്കുന്ന ഈ മൂന്നു വിഭവ സമാഹരണ കേന്ദ്രങ്ങളിലും സാധനങ്ങൾ എത്തിക്കുന്നതിൽ എല്ലാ വിഭാഗം ജനങ്ങളിൽ നിന്നും  മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ പ്രളയകാലത്ത് പത്തനംതിട്ട ജില്ലയിലേക്ക് നൂറുകണക്കിന് ട്രക്ക് ലോഡ് സാധനങ്ങളാണ് മറ്റു ജില്ലകളിൽ നിന്ന് ലഭിച്ചത്. അതുവച്ചുനോക്കുമ്പോൾ നമ്മുടെ ജില്ലയിൽ നിന്ന് കൂടുതൽ സാധനങ്ങൾ സംഭരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കണം. അതിനുള്ള കരുത്ത് നമ്മുടെ ജില്ലയ്ക്കുണ്ട്. ഈ കേന്ദ്രങ്ങൾ കുറഞ്ഞത് ഒരാഴ്ചയെങ്കിലും പ്രവർത്തിക്കണമെന്നാണ് തീരുമാനിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും സഹായവുമായി എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കലക്ടർ പറഞ്ഞു. 
വിഭവസമാഹരണ കേന്ദ്രത്തിലേക്ക് രണ്ടു മിനി ലോറികളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പൽ യൂണിറ്റ് ഭാരവാഹികൾ അവശ്യസാധനങ്ങൾ എത്തിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മുനിസിപ്പൽ യൂനിറ്റ് പ്രസിഡന്റ് ശശി ഐസക്, ജനറൽ സെക്രട്ടറി ടി.ടി.അഹമ്മദ്, ട്രഷറർ ഗീവാർ ജോസ്, എൻ.എം ഷാജഹാൻ, കെ.മോഹൻകുമാർ, അബു നവാസ്, കെ.ജി ജെയിംസ്, റിയാസ് ഖാദർ, കെ.സി വർഗീസ്, എം എസ് അബ്ദുൽ സലാം, ജോർജ് വർഗീസ്, പ്രകാശ് ഇഞ്ചത്താനം, എൻ എ നൈസാം, ടി.വി മിത്രൻ എന്നിവർ ചേർന്ന് ജില്ലാ കലക്ടർക്ക് സാധനങ്ങൾ കൈമാറി. 
പ്രളയ ബാധിതരെ സഹായിക്കുന്നതിനായി റാന്നി താലൂക്ക് ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന  സമാഹരണകേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ ലഭിക്കുന്ന സാധനങ്ങൾ ജില്ലാ സംഭരണ കേന്ദ്രത്തിൽ എത്തിക്കും. തിരുവല്ല ഡയറ്റിൽ പ്രവർത്തിക്കുന്ന സംഭരണ കേന്ദ്രത്തിൽ 2,829 കിലോഗ്രാം അരി, 239 പാക്കറ്റ് പഞ്ചസാര, 102 പാക്കറ്റ് വെളിച്ചെണ്ണ, 3,120 പാക്കറ്റ് ബിസ്‌ക്കറ്റ് ഉൾപ്പെടെയുള്ള സാധനങ്ങൾ ലഭിച്ചിട്ടുണ്ട്. 

 

 

Latest News